followers

Wednesday, October 24, 2012

ദൈവത്തിന്‍റെ സ്വന്തം നാട് !!!

ദൈവത്തിന്‍റെ സ്വന്തം നാട്!!! ഇന്ന് ഈ പ്രയോഗം എപ്പോള്‍ എവിടെ കേട്ടാലും ഞാന്‍ അയാളെ ഓര്‍മ്മിക്കും.ജീവിതം എന്താണെന്നും അതിന്‍റെ ലക്‌ഷ്യം എന്തായിരിക്കണമെന്നും എന്നെ പഠിപ്പിച്ച ആ മനുഷ്യനെ.

നീണ്ട മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം വിശ്രമ ജീവിതം നയിക്കുവാന്‍ വേണ്ടി ഞാന്‍ നാട്ടിലെത്തിയ കാലം.ഈ കാലയളവ് കൊണ്ട് നാട്ടില്‍ എനിക്ക് സ്വന്തമായൊരു വീട് അല്ല ഒരു കൊച്ചു ബാഗ്ലാവ് തന്നെ,പിന്നെ വാഹനം പിന്നെ അത്യാവശ്യം മറ്റു ആഡംബരങ്ങളുമോക്കെ ഉണ്ടാക്കാന്‍ സാധിച്ചിരുന്നു.മക്കളൊക്കെ നല്ല നിലയിലായതിനാല്‍ അവരെ കുറിച്ചുള്ള വെവാലാതിയുമില്ല.നാട്ടില്‍ കാരണവര്‍മാരായി പണ്ട് മുതലേ കൈമാറിവന്ന സ്വത്തും കുറച്ചു ഉണ്ടായിരുന്നു.അങ്ങനെ തികച്ചും സമാധാനപരവും സംതൃപ്തവുമായ വിശ്രമജീവിതം തന്നെയായിരുന്നു എന്‍റെ മുന്നിലുണ്ടായിരുന്നത്.അതിന്‍റെ ഒരു ചെറിയ അഹങ്കാരവും എനിക്ക് ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ.

ജീവിതം അങ്ങനെ സംതൃത്തമായി മുന്നോട്ടു നീങ്ങി കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരു ദിവസം ഞാന്‍ അയാളെ കണ്ടുമുട്ടിയത്‌.പറമ്പ് വൃത്തിയാക്കാന്‍ വന്ന ഒരു സാദാ തൊഴിലാളി മാത്രമായിരുന്നു അയാള്‍.എന്നാല്‍ അയാളുടെ വ്യക്തിത്വം,ജീവിതത്തോടുള്ള കാഴ്ചപാടുകള്‍,എല്ലാത്തിനുമുപരി നാടിനോടുള്ള ആത്മാര്‍ഥമായ സ്നേഹം…അത് എനിക്ക് ഞാന്‍ എന്തൊക്കെ നേടി കഴിഞ്ഞു എന്ന് കരുതിയോ അതെല്ലാം വെറും വ്യര്‍ഥമാണെന്നു മനസ്സിലാക്കി തന്നു.അയാളുടെ മുഖത്ത് എപ്പോഴും കാണാവുന്ന സൗമ്യമായ ആ പുഞ്ചിരി മരിക്കും വരെ എന്‍റെ ഓര്‍മയില്‍ തങ്ങി നില്‍ക്കും.അന്ന് അയാളുമായി നടത്തിയ സംഭാഷണങ്ങള്‍ ഇന്നും പകല്‍ വെളിച്ചം പോലെ എന്‍റെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു…

“സാര്‍ കുറച്ചു കാലം പുറത്തായിരുന്നു അല്ലെ?”

“അതെ കുറച്ചു കാലമല്ല നീണ്ട മുപതിമൂന്നു വര്‍ഷകാലം !”

“ഹോ അത് ഒരു വലിയ കാലയളവാണെല്ലോ! സാറിനെ സമ്മതിക്കണം.ഇത്രയും വര്‍ഷമോക്കെ ആ മരുഭുമിയില്‍ കഴിച്ചുകൂട്ടുക എന്നൊക്കെ പറയുന്നത്…എന്‍റെമ്മേ ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് അസ്വസ്ഥത തോന്നുന്നു…”

“ങാ ജീവിതത്തിന്‍റെ ആറ്റങ്ങള്‍ കൂട്ടി മുട്ടികണ്ടേ അവസ്ഥ വരുമ്പോള്‍ ഇത്തരം ത്യാഗങ്ങള്‍ നമ്മള്‍ സഹികേണ്ടി വരും…രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോലുള്ള നാട്ടിലേക്കുള്ള വരവുകള്‍ പിന്നെ അവസാന കാലം ഇത് പോലെ സ്വസ്ഥമായി ആരെയും വലുതായി ആശ്രയിക്കാന്‍ ഇടവരുതെയുള്ള വിശ്രമ ജീവിതം…അത് മാത്രമായിരുന്നു ഇത്രയും കാലം എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍…സത്യം പറയാമല്ലോ ഈ കാലയളവില്‍ ഞാനും എന്‍റെ ഭാര്യയും ഒരുമിച്ചു താമസിച്ചത് കൂട്ടി നോക്കിയാല്‍ കഷ്ടിച്ച് ഒരു രണ്ടു വര്‍ഷമേ വരു !!!”

“ഹോ കഷ്ടം തന്നെ.കൊലപാതകം ചെയ്തു ജീവപര്യന്തം തടവിനു വിധിക്കപെടുന്നത് ഇതിനെകാള്‍ എത്രയോ ഭേദമാണെല്ലോ !!!”

“ഉം അങ്ങനെ ചിന്തിച്ചാല്‍ സത്യം തന്നെ.പക്ഷെ അത് കൊണ്ട് എന്‍റെ കുടുംബം മെച്ചപെട്ടു.എന്‍റെ മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചു.അവരൊക്കെ ഇന്ന് നല്ല നിലയില്‍ ജീവിക്കുന്നു.എല്ലാത്തിനും പുറമേ ഇനിയുള്ള വിശ്രമ ജീവിതം ഈ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ആരെയും വലുതായി ആശ്രയിക്കാതെ കഴിയാം.ഇത്രയും കാലത്തെ എന്‍റെ കഷ്ടപാടുകള്‍ ഇനിയുള്ള സുഖജീവിതം മായ്ച്ചു കളഞോളും”

“ഉം…പക്ഷെ സാര്‍ ഇപ്പോള്‍ അവാസാനം പറഞ്ഞില്ലേ ദൈവത്തിന്‍റെ സ്വന്തം നാട് എന്ന്.അതിനോട് എനിക്ക് വിയോജിപ്പുണ്ട്.ദൈവത്തിനും ചെകുത്താനും അങ്ങനെ സ്വന്തമായി ഒരു നാടുണ്ടോ?വീടുണ്ടോ?എല്ലാ നാടും ദൈവത്തിന്‍റെതു തന്നെയല്ലേ???”

“ഹും അത് നിങ്ങള്‍ നാട്ടുക്കാര്‍ക്ക് നാടിന്‍റെ വില മനസ്സിലാവാത്തത് കൊണ്ടാണ്.അല്ലെങ്കിലും നാട്ടിലുള്ളവര്‍ക്ക് നാടിനോട് ഒരു പുച്ഛമാണ്.ഈ നാടിന്‍റെ മനോഹാരിതയും,കുളിര്‍മയും മനസ്സിലാക്കണമെങ്കില്‍ എന്നെ പോലെ പ്രവാസിയായി മണലാരണ്യത്തിലൊക്കെ കഷ്ടപെടണം…ആദ്യം നാടിനെ സ്നേഹിക്കാന്‍ പഠിക്കെടോ…”

“ശരി ശരി ശരി…ഞാന്‍ ഒന്നു ചോദിച്ചോട്ടെ…ഈ പറയുന്ന സാര്‍ നമ്മുടെ നാടിനെ ആത്മാര്‍ഥമായി സ്നേഹിക്കുന്നുണ്ടോ???”

“നിങ്ങള്‍ എന്താ എന്നെ തമാശയാക്കുകയാണോ?ഞാന്‍ എന്‍റെ നാടിനെ എന്‍റെ ജീവന് തുല്യം സ്നേഹിക്കുന്നു…”

“ആയികൊട്ടെ.സാറിനു എത്ര മക്കള്‍ ഉണ്ട്?അവര്‍ ഇപ്പോള്‍ എവിടെയാണ്???”

“എനിക്ക് രണ്ടു മക്കളാണ് ഉള്ളത്.രണ്ടു ആണ്മക്കള്‍.അവര്‍ രണ്ടു പേരും പുറത്തു ജോലി ചെയ്യുന്നു.ഒരാള്‍ അമേരിക്കയില്‍ വളരെ നല്ല നിലയില്‍ കുടുംബസമേതം ജീവിക്കുന്നു.രണ്ടാമത്തവന്‍ ഡല്‍ഹിയില്‍ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്നു…” തെല്ല് അഹങ്കാരത്തോടെ ഞാന്‍ പറഞ്ഞു.

“ഓ അപ്പോള്‍ അത് ശരി സാറിന്‍റെ മക്കളും സാറിനെ പോലെ ഒരു പ്രവാസ്സികളായി മാറി അല്ലെ?”

“തീര്‍ച്ചയായും.ഇന്നത്തെകാലത്ത് ഞങ്ങളെ പോലത്തെ ഇടത്തരകാര്‍ക്ക് നല്ല ജീവിത നിലവാരം ലഭിക്കണമെങ്കില്‍ പുറമേ തന്നെ പോകണം.”

“ശരിയായിരിക്കാം.പക്ഷെ അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞതു സാര്‍ നാടിനെ ആത്മാര്‍ഥമായി സ്നേഹിക്കുന്നില്ല എന്ന്.സാര്‍ നാടിനെകാള്‍ സ്നേഹിക്കുന്നത് പണവും,പ്രതപവുമാണ്”

അയാളുടെ വാക്കുകള്‍ എന്നെ രോക്ഷകുലനാക്കി.എങ്കിലും ദേഷ്യം പുറത്തു കാട്ടാതെ ഞാന്‍ മറുപടി പറഞ്ഞു.

“നമ്മുക്ക് ഈ വിഷയം ഇവിടെവെച്ച് അവസാനിപ്പിക്കാം…ഇനി സംസാരിച്ചാല്‍ നമ്മള്‍ തമ്മില്‍ തെറ്റും.ഏതായാലും പറമ്പ് വൃത്തിയാക്കാന്‍ വന്നതല്ലേ അത് അങ്ങ് ചെയ്തു പോയിക്കോ…”

ഒരു ചെറു പുഞ്ചിരിയോടെ അയാള്‍ പറമ്പിലേക്ക് പോയി.പിന്നെ അയാളെ കാണുന്നത് വൈകുന്നേരം കൂലി വാങ്ങാന്‍ വന്നപോഴായിരുന്നു.ആവശ്യമായ കൂലി എന്നി തിട്ടപെടുത്തി അയാള്‍ക്ക്‌ കൊടുക്കാനായി ഞാന്‍ കൈ വെച്ച് നീട്ടി.എന്നാല്‍ അയാള്‍ അത് വാങ്ങിയില്ല.

“സാര്‍ എനിക്കറിയാം നേരത്തെ ഞാന്‍ പറഞ്ഞത് സാറിനെ പ്രകോപിച്ചു എന്ന്.എന്നോട് ക്ഷമിക്കണം അത്രയ്ക്ക് അങ്ങ് പറയേണ്ടായിരുന്നു എന്ന് പിന്നീട് ആലോചിച്ചപ്പോള്‍ എനിക്ക് തോന്നി.” അയാള്‍ പറഞ്ഞു

“അതൊക്കെ ഞാന്‍ അപ്പോഴേ വിട്ടു…താന്‍ ഇത് വാങ്ങി പോവാന്‍ നോക്ക്” തെല്ല് ഗൌരവത്തോടെ ഞാന്‍ മറുപടി പറഞ്ഞു

“ഇല്ല സാറിന്‍റെ ദേഷ്യം കുറഞ്ഞിട്ടില്ല…അത് കുറഞ്ഞു ഒരു പുഞ്ചിരിയോടെ,സന്തോഷത്തോടെ തരുന്ന പ്രതിഫലമേ ഞാന്‍ സ്വികരിക്കുകയുള്ളൂ”

“ഹോ താന്‍ എന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കരുത്.വേണമെങ്കില്‍ വാങ്ങി പൊയ്ക്കോ…” ഞാന്‍ പൊട്ടി തെറിച്ചു

മുഖത്ത് ഒരിക്കലും മായാത്ത നിറപുഞ്ചിരിയോടെ അയാള്‍ മറുപടി പറഞ്ഞു

“സാര്‍ ദേഷ്യപെടേണ്ട.ഞാന്‍ അങ്ങയെ പ്രകൊപിക്കുന്നതല്ല.എന്‍റെ അച്ഛനുംഏതാണ്ട് സാറിന്‍റെ അതെ പ്രായമാണ്.ആ ബഹുമാനം തന്നെയാണ് എനിക്ക് സാറിനോടുമുള്ളത്”

ഞാന്‍ അയാളെ കൌതുകത്തോടെ നോക്കി.എന്‍റെ രോക്ഷം അപ്പോഴേക്കും കുറഞ്ഞു തുടങ്ങിയിരുന്നു.അയാള്‍ തുടര്‍ന്നു…

“എന്‍റെ അച്ഛന്‍ അന്നത്തെ കാലത്തെ പ്രീഡിഗ്രികാരന്‍ ആയിരുന്നു.അതിനു ശേഷം ഏതാനും ഗവണ്മെന്റ്‌ പരീക്ഷകള്‍ എഴുതി.പിന്നെ പിന്നെ അച്ഛന് തന്നെ അത് മടുത്തു.അച്ഛനെകാള്‍ വിദ്യാഭ്യാസം കുറഞ്ഞവരൊക്കെ പല പല സംവരണങ്ങള്‍ വഴി ജോലിയില്‍ കയറി പറ്റി.സമൂഹത്തില്‍ ഉയര്‍ന്ന കുലത്തില്‍ പെട്ട ആളായതിനാല്‍ അച്ഛനെ പോലുള്ളവര്‍ക്ക് പെട്ടെന്ന് ഒരു ഉദ്യോഗം കിട്ടാനുള്ള സാധ്യതകള്‍ വളരെ കുറവായിരിന്നു.കുടുംബത്തിലും കഷ്ടപാടായിരുന്നു.ഒരു ജോലി അനിവാര്യമായ അവസ്ഥ വന്നപ്പോള്‍ പലരും അച്ഛനോടു നാട് വിട്ടു പുറത്തെവിടെയെങ്കിലും പോയി ജോലി നോക്കാന്‍ ഉപദേശിച്ചു.എന്നാല്‍ അച്ഛന് നാടുവിട്ടു പോകുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല.അന്യനാട്ടില്‍ പോയി ലക്ഷപ്രഭു ആവുന്നതിനെകാല്‍ ഭേദം നാട്ടിലെ വെയിലും,കാറ്റും,മഴയും കൊണ്ട് ഇവിടെ തന്നെ എന്തെങ്കിലും കൂലി പണിയെടുത്തു ജീവിക്കാനായിരുന്നു അച്ഛന് താല്‍പര്യം.”

“അപ്പോള്‍ തന്‍റെ അച്ഛന്‍ ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും വെറും കൂലി പണിക്കാരനായി മാറി എന്നാണോ പറയുന്നത്???” ഞാന്‍ ആശ്ചര്യത്തോടെ ചോദിച്ചു…

“തീര്‍ച്ചയായും…എന്‍റെ അച്ഛന് അതൊരു അഭിമാനമായിരുന്നു.സ്വന്തം നാട് ഉപേക്ഷിക്കാന്‍ അച്ഛന്‍ ഒരിക്കലും തയ്യാറായിരുന്നില്ല.അച്ഛന്‍ ഞങ്ങളയോക്കെ വളര്‍ത്തിയിരുന്നതും അങ്ങനെ തന്നെയായിരുന്നു.നാടിനെ മറന്നുകൊണ്ടുള്ള ഒരു പഠിപ്പും,പണവും പ്രതാപവും വേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനായിരുന്നു അച്ഛന് താല്‍പ്പര്യം.ചെറുപ്പം മുതലേ ഞങ്ങള്‍ മക്കള്‍ക്ക്‌ പഠിപ്പിനോടോന്നും വലിയ താല്‍പ്പര്യമില്ലായിരുന്നു.പാടത്തും,പറമ്പിലുമൊക്കെ കൂലി വേല ചെയ്യുന്ന അച്ഛന്‍റെ തൊഴിലിനോടു തന്നെയയിരുന്നു ഞങ്ങള്‍ മക്കള്‍ക്കും താല്‍പര്യം.അച്ഛനും ഞങ്ങളെ പഠിക്കാനായി വല്ലാതെ നിര്‍ബന്ധിക്കുമായിരുന്നില്ല.പ്രാഥമീക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ഞങ്ങള്‍ക്ക് താല്‍പ്പര്യം ഏതിലാണോ അത് ചെയ്യുവാനുള്ള സ്വാതന്ത്ര്യം അച്ഛന്‍ നല്‍കിയിരുന്നു.പക്ഷെ നാടിനോടും,ഈ മണ്ണിനോടുമുള്ള കടപ്പാട് എന്നും ഞങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്ന് അച്ഛന് ആഗ്രഹഹിച്ചിരുന്നു.ഇവിടത്തെ പുഴകളും,അരുവികളും,മലകളും,കാറ്റും,മഴയും വെയിലും എല്ലാം അച്ഛന് എന്തോ ഒരു ആവേശം,ഒരു കരുത്ത് നല്‍കുന്നതായി ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്.ഒരു പക്ഷെ ആ അച്ഛന്‍റെ മക്കള്‍ ആയത് കൊണ്ടാവണം,അത്തരം ചുറ്റുപാടുകളില്‍ വളര്‍ന്നത്‌ കൊണ്ടാവണം ഞങ്ങളും ഇത് പോലെ ഒക്കെ ആയിത്തീര്‍ന്നത്.നിങ്ങള്‍ക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ മണ്ടത്തരങ്ങളായും,ഭ്രാന്തായും ഒക്കെ തോന്നുമായിരിക്കാം.പക്ഷെ ഞങ്ങള്‍ ഈ മണ്ണിലുള്ള ഈ ജീവിതം ആസ്വദിക്കുകയാണ്.ഇന്നത്തെ കാലത്ത് ആളുകള്‍ വലിയ മാളികകളില്‍ ഭാര്യയും ഭര്‍ത്താവും മാത്രമാണെങ്കില്‍ പോലും ഒന്നിച്ചു കഴിയാനാവാതെ ഏകാന്തമായി ജീവിക്കുമ്പോള്‍ ഞങ്ങള്‍ എല്ലാ മക്കളും ഞങ്ങളുടെ കുടുംബാംഗങ്ങളും അച്ഛനും അമ്മയും നമ്മുടെ കുഞ്ഞു വീട്ടില്‍ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുന്നു.ബന്ധങ്ങള്‍ പണത്തിന്‍റെയും പ്രതാപത്തിന്‍റെയും നീരാളി പിടുത്തത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കുന്നു.ഞാന്‍ ഇന്ന് അഭിമാനത്തോട് കൂടി പറയുന്നു എന്‍റെ അച്ഛന്‍ എനിക്ക് എന്‍റെ ഈ നാടിനെ പ്രണയിക്കാന്‍,അതില്‍ അലിഞ്ഞു ചേര്‍ന്ന് ജീവിക്കാന്‍ പഠിപ്പിച്ചു.ഞാന്‍ ഒന്ന് ചോദിച്ചോട്ടെ സാറിന്‍റെ മക്കള്‍ ഇത് പോലെ നാടിനെ സ്നേഹിക്കുന്നുണ്ടോ???ഇനി നാട്ടില്‍ എന്ത് സ്വത്തു ഉണ്ടെങ്കില്‍ പോലും വന്‍ നഗരങ്ങളില്‍ ജീവിക്കുന്ന സാറിന്‍റെ മക്കള്‍ ആ സൌകര്യങ്ങളൊക്കെ ഉപേക്ഷിച്ചു സാര്‍ പറയുന്ന ഈ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍ തയ്യാറാകുമോ???”

അയാളുടെ ചോദ്യങ്ങള്‍ എന്നെ ശരിക്കും ചിന്തകുലനാക്കി.ശരിയാണ് എന്‍റെ മക്കള്‍ അവര്‍ ഇന്ന് ഈ നാട്ടുകരേയല്ല.നാട്ടില്‍ ജീവിക്കുക എന്ന് പറയുന്നത് അവരുടെ വന്യമായ ചിന്തകളില്‍ പോലും ഇന്ന് ഉണ്ടാവില്ല.അതിനു കാരണം..അതിനു കാരണം ഈ ഞാന്‍ തന്നെ…അവരെ പറഞ്ഞിട്ടും കാര്യമില്ല.വല്ലപ്പോഴും മാത്രം നാട്ടില്‍ കാണാറുള്ള അവരുടെ അച്ഛന്‍ തന്നെ നാടിനെ കുറിച്ച് ഒരു മോശം കാഴച്ചപാട് ആണ് അവര്‍ക്ക് ഉണ്ടാക്കി കൊടുത്തത്.അവരെ സംബന്ധിച്ചേടുത്തോളം നാട് ഒരു അഗതി മന്ദിരം മാത്രമായിരിക്കണം.അല്ല അങ്ങനെ അല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.ഞങ്ങളെ പോലത്തെ പ്രവാസികള്‍ നല്ല പ്രായം മുഴുവന്‍ മരുഭുമിയില്‍ ചിലവഴിച്ചു അവസാന കാലങ്ങളില്‍ വിശ്രമിക്കാന്‍ വേണ്ടി മാത്രം നാട്ടില്‍ വരുന്നതിനെ വേറെ ഏതു വിധത്തിലാണ് വ്യാഖ്യാനിക്കാനാവുക.എന്നെ പോലെയുള്ളവര്‍ ഈ നാടിനെ വിശ്രമാകാലത്ത് കഴിച്ചുകൂട്ടേണ്ട വെറും ഒരു ശരണാലയമായി മാറ്റിയിരിക്കുന്നു.ഉള്ളില്‍ നാടിനോടുള്ള സ്നേഹം ഉണ്ടെന്നു കരുതിയിരിക്കുമ്പോള്‍ പോലും,ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വിളിച്ചു കൂവുമ്പോഴും എന്നെ പോലത്തെ ആളുകള്‍ക്ക് പണത്തിനോടും,പ്രതാപതിനോടും മാത്രമായിരുന്നു താല്‍പ്പര്യം.ശരിക്കും നാടിനെ സ്നേഹിച്ചിരുന്നെങ്കില്‍ ഇയാളുടെ പിതാവിനെ പോലെ ഇവിടെ തന്നെ ചെറുതാണെങ്കിലും സന്തോഷത്തോടെ എന്തെങ്കിലും തൊഴില്‍ ചെയ്തു ജീവിച്ചേനെ.

“ശരിയാണ് നിങ്ങള്‍ പറയുന്നത് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.നേരത്തെ നിങ്ങളോടു ദേഷ്യപെട്ടതിനു എന്നോട് ക്ഷമിക്കണം.ഒരു നാടിനെ ദൈവത്തിന്‍റെ നാടാക്കുന്നത് അവിടത്തെ കാലാവസ്ഥയോ,പ്രകൃതിയോ ഒന്നുമല്ല.അവിടെയുള്ള ജനങ്ങള്‍ മാത്രമാണ് എന്ന് നിങ്ങള്‍ എനിക്ക് മനസ്സിലാക്കി തന്നു.നിങ്ങളുടെ പിതാവിനെ ഞാന്‍ ആത്മാര്‍ഥമായി ആരാധിക്കുന്നു.അദ്ദേഹം ഒരു വലിയ മനുഷ്യനാണ്.അദ്ദേഹം ഈ നാടിന്‍റെയും,അതിന്‍റെ സംസകാരത്തിന്‍റെയും.മഹത്വം അടുത്ത തലമുറകളിലെക്കും പകര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നു.ഇങ്ങനെ ഒരു പിതാവിനെ കിട്ടിയ നിങ്ങള്‍ പുണ്യാത്മാക്കള്‍ തന്നെയാണ്.ഞങ്ങളെ പോലത്തെ പ്രവാസികളുടെ വിചാരം പുറമേ പോയി കഷ്ടപെടുകയും,കുറെ പണം സമ്പാദിച്ചു നാട്ടിലേക്ക് കൊണ്ട് വരുന്നതും,നാടിന്‍റെ മഹത്വം എപ്പോഴും വിളിച്ചു പറഞ്ഞു നടക്കുന്നതുമാണ് നാടിനോടുള്ള സ്നേഹം എന്നായിരുന്നു.പക്ഷെ അങ്ങനെയല്ല…ഒരു അമ്മയ്ക്ക് സ്വന്തം മക്കള്‍ എങ്ങനെയാണോ അത് പോലെ തന്നെയാണ് ഒരു നാടിനു സ്വന്തം പൌരന്മാരും.അതിനെ വേര്‍പിരിഞ്ഞു ജീവിക്കുന്നത് കടുപ്പമായിരിക്കും.ഇപ്പോള്‍ ഞാന്‍ ഇതോക്കെ മനസ്സിലാക്കുന്നു…കുറെ വൈകിയാണെങ്കില്‍ പോലും…”

“ഇപ്പോള്‍ എനിക്ക് ശരിക്കും സന്തോഷമായി സാര്‍…അങ്ങ് വളരെ നല്ലൊരു മനുഷ്യാനാണ്.അല്ലെങ്കില്‍ ഇങ്ങനെയൊന്നും ചിന്തികാനാവില്ല.ഇപ്പോള്‍ എനിക്ക് എന്ത് ചെയ്യാനും ഒരു ആവേശമായി.നമ്മുക്ക് ഈ ഉണങ്ങി വരണ്ട ഈ പറമ്പ് ഒന്ന് പച്ച പിടിപ്പിക്കണം.നാളെ മുതല്‍ നമ്മള്‍ ശരിക്കും ഉത്സാഹിച്ചു ഇറങ്ങും…”

“ശരി അങ്ങനെ ആയിക്കോട്ടെ….നാളെ മുതല്‍ ഞാനും ഉണ്ട് നിങ്ങളുടെ കൂടെ.എനിക്കും ഈ മണ്ണില്‍ പണിയെടുക്കണം…”

“ഓ വളരെ വളരെ സന്തോഷം.ഇതില്‍ കൂടുതല്‍ ഇനിയിപ്പോള്‍ എന്താ വേണ്ടത്!!! അപ്പൊള്‍ നാളെ മുതല്‍ അതിരാവിലെ ഞാന്‍ ഇവിടെ എത്തും…”

“ഡാ ഇന്നത്തെ കൂലി വാങ്ങി പോടാ”

“ഓ അതിനിടയില്‍ ഞാന്‍ അത് മറന്നു.ഇനിയിപ്പോള്‍ വാങ്ങാമല്ലോ…സാര്‍ ഫുള്‍ ഹാപ്പിയല്ലേ…”

“ഹ ഹ ഹ” ഞാന്‍ പൊട്ടിച്ചിരിച്ചു…അയാള്‍ നിറചിരിയോടെ പാടവരമ്പിലൂടെ ഓടുന്നത് അപ്പോഴും കാണാമായിരുന്നു…

No comments:

Post a Comment

Thanks for your valuable comments and keep in touch