followers

Friday, June 22, 2012

‘R.I.P’ അഥവാ ‘രാത്രി ഇറങ്ങി പോകരുത്’…!!!


 (1)
ചുറ്റും കൂടി നിന്നവരെ എല്ലാം ഒന്ന് ഓടിച്ചു കണ്ടു. ഇത്രയും കാലം ഒപ്പം ഉണ്ടായിരുന്ന ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍, ബന്ധുക്കള്‍..ഇനി ഒരിക്കലും കാണാന്‍ കഴിയില്ലലോ എന്നുള്ള തോന്നല്‍ വല്ലാത്ത ഒരു വേദന ഉണ്ടാക്കി. കാഴ്ച്ച പതിയെ മങ്ങി വന്നു..മങ്ങി മങ്ങി ഇല്ലാതെയായി…എങ്ങും ഇരുട്ട് മാത്രം….ഞാന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു, ഈ ജന്മം അവസാനിച്ചു…പക്ഷെ അല്‍പ്പം കഴിഞ്ഞപ്പോള്‍ കണ്ണിലേക്കു പതിയെ വെളിച്ചം കടന്നു വന്നു, ചെവിയില്‍ ചുറ്റും നില്‍ക്കുന്നവരുടെ വിങ്ങി പൊട്ടലും സംസാരവും കടന്നു വന്നു തുടങ്ങി..എന്താണ് സംഭവിക്കുന്നത്‌ എന്ന് ആദ്യം മനസിലായില്ല…പതിയെ പതിയെ കാഴ്ച വ്യക്തമായി തുടങ്ങി..അടുത്തുള്ളവരെ എല്ലാം കാണാം…സംസാരിക്കുന്നതു കേള്‍ക്കാം…സംസാരിക്കാന്‍ ശ്രമിച്ചു പറ്റുന്നുണ്ട് പക്ഷെ ആരും കേള്‍ക്കുന്നില്ല… മരണത്തിനു അപ്പുറത്തുള്ള ലോകത്താണ് ഞാന്‍ എന്ന് ഞാന്‍ മനസിലാക്കി…എനിക്ക് അവരെ കാണാം അവര്‍ സംസാരിക്കുന്നതു കേള്‍ക്കാം പക്ഷെ അവര്‍ക്ക് എന്നെ കാണാനോ ഞാന്‍ സംസാരിക്കുന്നതു കേള്‍ക്കാനോ കഴിയില്ല. ചുറ്റും കൂടി ഇരിന്നു കരയുന്നവരെ ആശ്വസിപ്പിക്കണമെന്നുണ്ട്  പക്ഷെ ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നില്ല.
എന്നെ അവര്‍ വെള്ള തുണി വിരിച്ച ഒരു കട്ടിലിലേക്ക് മാറ്റി, തലക്കല്‍ മെഴുകുതിരികള്‍ കത്തിച്ചു, ചന്ദന തിരിയുടെ ഗന്ധം ദുസഹമായിരുന്നു, മരണവീടുകള്‍ കയറി ചെല്ലുമ്പോള്‍ ഉള്ള ഈ മണം എനിക്ക് പണ്ടേ ഇഷ്ടമല്ല. കട്ടിലടുത്ത് വിരിച്ച പായയില്‍ ഇരുന്ന പേരകുട്ടി സങ്കീര്‍ത്തന പുസ്തകം വായിച്ചു തുടങ്ങി. കുഞ്ഞുനാളില്‍ എന്റെ മടിയില്‍ ഇരുത്തി സന്ധ്യ പ്രാര്‍ത്ഥനയും ”യഹോവ എന്റെ ഇടയനാകുന്നു..” എന്ന് തുടങ്ങുന്ന ഇരുപത്തി  മൂന്നാം   സങ്കീര്‍ത്തനവും വിശ്വാസ പ്രമാണവും ഒക്കെ പറഞ്ഞു കൊടുത്ത് പഠിപ്പിച്ചത് ഞാന്‍ ഓര്‍ത്തു. സുഹൃത്തുകളും അയല്‍ക്കാരും ഓരോരുത്തരായി വന്നു തുടങ്ങി, വേദപുസ്തകം അടുത്തയാള്‍ക്കു കൈമാറി “യഹോവ എനിക്ക് ‘വിശാലത’ വരുത്തി..” എന്നതിന് പകരം “യഹോവ എനിക്ക് ‘വിശാലി’നെ വരുത്തി…” എന്ന് വായിച്ചതു കേട്ട് ഞാന്‍ ചിരിച്ചു…ചുറ്റും കൂടി നിന്നവരുടെ മുഖത്തും ചിരി പൊട്ടിയത് ഞാന്‍ കണ്ടു, പക്ഷെ മരണ വീടല്ലേ ചിരിക്കാന്‍ പറ്റുമോ? ചിരിക്കുന്നവര്‍ ചിരിക്കട്ടെ എന്ന് കരുതി ഞാന്‍ കുറച്ചു നേരം കണ്ണടച്ചിരുന്നു…ഞാന്‍ കണ്ടാല്‍ എന്ത് കരുതും എന്ന് കരുതി ചിരിക്കാതെ ഇരിക്കണ്ട.
നേരം വെളുത്തു, കുളിക്കാന്‍ സമയമായി…തണുപ്പത് തണുത്ത വെള്ളം ദേഹത്ത് വീണപ്പോള്‍ കുളിര് തോന്നി.. ശവത്തിനെന്തു കുളിരെന്നു കരുതിയാകും തണുത്ത വെള്ളം എടുത്തത്..!! പുതിയ വസ്ത്രങ്ങള്‍ ഇടിയിപ്പിച്ചു ഇടുങ്ങിയ പെട്ടിയിലേക്ക് മാറ്റി..ഇനിയുള്ള ജീവിതം ഈ കുഞ്ഞുപെട്ടിക്കുള്ളിലാണ്‌!!!. പട്ടക്കാരുടെ നീണ്ട നിര, പ്രാര്‍ത്ഥന, വേദപുസ്തക വായന, പാട്ട്, കുന്തിരിക്കത്തിന്റെ വാസന…ഒത്തിരി ബന്ധുക്കളും സുഹൃത്തുകളും… എല്ലാം കൂടി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു വീട്ടില്‍. പിന്നെ പതിയെ പള്ളിയിലേക്ക്..അവിടെ വച്ച് അന്ത്യ ചുംബനം…കണ്ണിരിന്റെ നനവോടെ ഓരോ ചുംബനവും നെറ്റിയില്‍ വീഴുമ്പോള്‍ എനിക്കും വല്ലാത്ത വിഷമം തോന്നി…അവസാനത്തെ ആളും കണ്ടു കഴിഞ്ഞു വെള്ള തുണികൊണ്ട് എന്റെ മുഖം മൂടി പക്ഷെ അപ്പോഴും എനിക്ക് എല്ലാരേം കാണാമായിരുന്നു. പിന്നെ കല്ലറയിലേക്ക് അവിടെവച്ചു പെട്ടിയുടെ മൂടി അടക്കപ്പെട്ടു കുഴിയില്‍ ഇറക്കി പെട്ടിയുടെ മുകളില്‍ ചരല്‍ വീഴുന്ന ശബ്ദം അരോചകമായിരുന്നു…കോണ്‍ഗ്രീറ്റ് സ്ലാപ് കൊണ്ട് കല്ലറ അടക്കപ്പെട്ടു…നെടുവീര്‍പ്പുകളും കരച്ചിലുകളും അകന്നു പോയി…അവസാന കാലൊച്ചയും അകന്നു പോയ്‌ കഴിഞ്ഞപ്പോള്‍ തനിച്ചയാല്ലോ എന്ന് ഓര്‍ത്തു ചെറിയ വിഷമം തോന്നി. എല്ലാ ആരവങ്ങളും അടങ്ങി കഴിഞ്ഞപ്പോള്‍  ഞാന്‍ പതുക്കെ ഒന്ന് മയങ്ങി.. ഇന്നലെ രാത്രി ഉറങ്ങാന്‍ കഴിയാത്തത് കൊണ്ട് നല്ല ക്ഷീണമായിരുന്നു.
(2)
രാത്രി എപ്പോഴോ നല്ല മയക്കത്തില്‍ നിന്നും ആരോ വിളിക്കുന്നത്‌ കേട്ടാണ് ഉണര്‍ന്നത്. കല്ലറക്ക് ചുറ്റും കുറെ ആളുകള്‍. കൂട്ടത്തില്‍ ഒരാള്‍ : “നമസ്ക്കാരം പുതിയ ആളെ ഒന്ന് പരിചയപ്പെടാന്‍ വന്നതാ.”
ഞാന്‍ കണ്ണ് തിരുമി എല്ലാവരെയും നോക്കി, പടുകിളവന്മാര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ ഒരു നീണ്ട നിര. ഞാന്‍ പറഞ്ഞു : “ഒരു നിമിഷം ഞാന്‍ പുറത്തേക്ക് വരാം..”
പുറത്തെത്തി നോക്കുമ്പോള്‍ സെമിത്തേരി നിറയെ ആളുകള്‍ മെഴുകുതിരി വെട്ടത്തില്‍ വട്ടം കൂടി ഇരിക്കുന്നവര്‍, ഒറ്റയ്ക്ക് മാറിയിരിക്കുന്നവര്‍, പാട്ടു പാടുന്നവര്‍, പത്രം വായിക്കുന്നവര്‍, ചുമ്മാ ദൂരേക്ക് നോക്കിയിരിക്കുന്നവര്‍ അങ്ങനെ അനേകം ആളുകള്‍.. എനിക്ക് വലിയ അത്ഭുതമായി തോന്നി..മരണത്തിനപ്പുറം ഇങ്ങനെയും ഒരു ജീവിതമോ..!!
ആരും എന്നോട് പേരും സ്ഥലവും ബന്ധുക്കളെയും സ്വന്തക്കാരെയും കുറിച്ചൊന്നും ചോദിച്ചില്ല. അത് ഈ ലോകത്തിലെ ശൈലി ആയിരിക്കില്ല. സ്ഥാനങ്ങള്‍ ഇല്ലാത്ത ലോകം, പേരുകളില്ലാത്ത ലോകം, ബന്ധങ്ങള്‍ ഇല്ലാത്ത ലോകം, വേദന അറിയാത്ത ലോകം, സമത്വ സുന്ദര ലോകം… ഇതെല്ലം നോക്കി അത്ഭുതപ്പെട്ടു നിന്ന എന്നോട് കൂട്ടത്തില്‍ ചെറുപ്പക്കാരന്‍  ചോദിച്ചു:”ചീട്ടു കളിയ്ക്കാന്‍ അറിയാമോ?”
അറിയമോന്നോ നല്ല ചോദ്യം…സ്കൂളില്‍ പഠിപ്പിക്കുമ്പോ തുടങ്ങിയ പരിപാടിയല്ലേ. ഞാന്‍ പറഞ്ഞു “അറിയാം…”
ചെറുപ്പക്കാരന്‍: “നല്ല കാര്യം…” എന്നിട്ട് ചിരിച്ചു കൊണ്ട് ചോദിച്ചു ” കളിയ്ക്കാന്‍ കൂടുന്നോ?”
എനിക്ക് വല്ലാത്ത ആവേശം തോന്നി, പണ്ട് നേരം വെളുക്കും വരെ ചീട്ടു കളിച്ചിരുന്നത് ഓര്‍ത്ത് പോയി “പിന്നെന്ത, തീര്‍ച്ചയായും…”
ചെറുപ്പക്കാരന്‍: “എന്നാ തലക്കുംഭാഗത്ത് നിന്നു മൂന്നാല് മെഴുകുതിരി എടുത്തു കൊണ്ട് പോരെ…”
എനിക്ക് സംശയമായി ഞാന്‍ ചോദിച്ചു:” മെഴുകുതിരിയോ?”
ചെറുപ്പക്കാരന്‍:” അതെ മെഴുകുതിരി…എന്നിട്ട് സ്വരം താഴ്ത്തി പറഞ്ഞു “ഞങ്ങള്‍ ഇവിടെ കാശിനു പകരം മെഴുകുതിരി വച്ച കളിക്കുന്നെ…”
എനിക്ക് ചിരി വന്നു.. ഇങ്ങനെയും കളിക്കാമല്ലേ…പഠന കാലത്ത് പത്ത് പൈസ ടോക്കണ്‍ ഉണ്ടാക്കി കീച്ച് കളിച്ചത് ഓര്‍ത്തുപോയി…ചെറുപ്പത്തിന്റെ ആവേശത്തില്‍ നടന്ന ഒരു അടിയാണ് അന്ന് നല്ലരീതിക്ക് പോയ്കൊണ്ടിരുന്ന ആ കളി അവസാനിപ്പിച്ചത്. എന്തായാലും കുറച്ചു മെഴുകു തിരിയും എടുത്തു ഞാന്‍ ആ ചെറുപ്പക്കാരന്റെ പുറകെ പോയി.
(3)
വറീത് ചേട്ടന്റെ കല്ലറക്കടുതേക്കാണ് ഞങ്ങള്‍ എത്തിയത്. ഈ ശവപറമ്പിലെ ആദ്യത്തെ കല്ലറയാണിത്‌, വറീത് ചേട്ടന്റെ മരണം വരെ ആളുകളെ വെറുതെ കുഴി കുഴിച്ചു മൂടുക ആയിരുന്നു പതിവ്. തലക്കല്‍ ഒരു കല്ലും വയ്ക്കും. ആ കല്ലില്‍ എഴുത്ത് കുത്തുകള്‍ ഒന്നും കാണില്ല, വെറുതെ ഒരു കല്ല്‌..ഒരു രണ്ടു തലമുറ വരെയുള്ളവര്‍ കൃത്യമായി കുഴിമാടം തിരിച്ചറിയും എന്നാല്‍ മൂന്നാം തലമുറ മുതല്‍ അതിനു വലിയ പാടാണ്. മൂന്നാം തലമുറയിലെ കുട്ടിയോട് തലക്കല്‍ കൊണ്ട് പോയി തിരികത്തിക്കാന്‍ പറഞ്ഞാല്‍ കുഴിയില്‍ കിടക്കുന്നയാള്‍ ഭാഗ്യം ചെയ്തവന്‍ ആണെങ്കില്‍ തലക്കല്‍ തന്നെ കത്തിക്കും ഇല്ലെങ്കില്‍ തോട്ടപുറത്തെ ചെട്ടനായിരിക്കും ആ തിരി കിട്ടുക…!! വറീത് ചേട്ടന്റെ മക്കള്‍ എല്ലാം വലിയ നിലയില്‍ ആയിരുന്നു അതുകൊണ്ട് അവര്‍ അപ്പന് ഒരു കല്ലറ പണിതു. പിന്നീടു പള്ളി അതൊരു നല്ല കച്ചവടമാക്കി, സ്ഥലത്തിനു വിലയിട്ടു ഓരോ കുടുംബത്തിനും വീതിച്ചു കൊടുത്തു, പുതിയ കല്ലറകള്‍ പണിതു ലേലത്തില്‍ വിറ്റു അങ്ങനെ ഇപ്പൊ ശവക്കോട്ട നിറയെ കല്ലറകളാണ്.
കല്ലറക്ക് മുകളില്‍ മൂന്നാല് പേര്‍ വട്ടത്തില്‍ ഇരിക്കുന്നു അവിടെ കളി തുടങ്ങിയിരുന്നു. ഞങ്ങള്‍ അടുത്ത് എത്തിയപ്പോള്‍ കൂട്ടത്തില്‍ അല്‍പ്പം പ്രായമായ ഒരാള്‍ തല ഉയര്‍ത്തി നോക്കി എന്നിട്ട് പറഞ്ഞു ” എഴുന്നേറ്റോ.. ക്ഷീണം കാണും ഉറങ്ങി കോട്ടെ എന്ന് ആദ്യം വിചാരിച്ചു പിന്നെ ഓര്‍ത്തു ഇപ്പൊ എഴുന്നേറ്റില്ലെങ്കില്‍ നാളെ ചിലപ്പോ ഉറക്കം കിട്ടില്ല.. നമ്മുടെ ‘ബയോളോജിക്കള്‍ ക്ലോക്ക്’ അഡ്ജസ്റ്റ് ചെയ്യണ്ടേ…” മരിച്ചവര്‍ക്കെന്തു ബയോളോജി എന്നോര്‍ത്ത് എനിക്ക്  ചിരി വന്നു, പുള്ളി തുടര്‍ന്ന്‍ പറഞ്ഞു..”ഇപ്പൊ കിടന്നു ഉറങ്ങിയാല്‍ നാളെ പകല്‍ ഉറങ്ങില്ല, ജീവിചിരിക്കുന്നവന്റെ പകലുകളാണ് നമ്മുടെ രാത്രികള്‍…” ഇപ്പൊ കാര്യം പിടികിട്ടി.
ചീട്ടു കളി ഗുരുക്കന്മാരെ എല്ലാം മനസ്സില്‍ ധ്യാനിച്ച് അടുത്ത കളിക്ക്  ഞാനും കൂടി, പകുതി മെഴുകുതിരിയാണ് കാശ്.. പണ്ട് ഒരു മെഴുകുതിരി വച്ചാണ് കളിച്ചിരുന്നത് എന്ന് കൂട്ടത്തില്‍ ആരോ പറഞ്ഞു..പിന്നെ പിന്നെ എല്ലാ തലക്കലും മെഴുകുതിരിയുടെ വരവ് കുറഞ്ഞപ്പോ അത് പകുതിയാക്കി. കളിക്കാതെ മാറി യിരിക്കുന്ന ആളെ ഞാന്‍ ശ്രദ്ധിച്ചു, കളി അറിയാത്തത് കൊണ്ടാകും എന്ന് കരുതി… സ്കൂളില്‍ പഠിക്കുമ്പോ കളി അറിയാത്തവനെ എല്ലാം കളി പഠിപ്പിച്ചത് ഓര്‍ത്തു പോയി… അന്ന് ‘ഇരുപത്തിയെട്ടു’ കളി ആയിരുന്നു..പിന്നെ ആളു കൂടിയപ്പോ ‘നല്പ്പതായി’ പിന്നെയും ആളു കൂടിയപ്പോ രണ്ടു ഗ്രൂപായി പിന്നെ നാലു ഗ്രൂപ്പായി അങ്ങനെ അങ്ങനെ വളര്‍ന്നു പന്തലിച്ചു…..
പുതിയ ലോകത്തെ ആളുകളുടെ ഉടായിപ്പുകള്‍  എല്ലാം വശം ഉള്ളത് കൊണ്ട് ആദ്യകളി ഞാന്‍ തന്നെ ജയിച്ചു. അടുത്ത റൌണ്ട് ചീട്ടു വിളമ്പുന്നതിനിടയില്‍ കളിക്കാതെ മാറിയിരിക്കുന്ന ആളോട് കളിയറിയില്ലേ എന്ന് ചോദിച്ചു…അദ്ദേഹം പറഞ്ഞു “കളി ഒക്കെ അറിയാം പക്ഷെ വച്ച് കളിയ്ക്കാന്‍ മെഴുകുതിരിയില്ല..”
“അതെന്തു പറ്റി…?” അറിയണമെന്ന് തോന്നി..
“മക്കളൊക്കെ അവിടെയും ഇവിടെയും ഒക്കെയ…അവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വന്നാലായി”
“ഓ..ശെരി..തല്ക്കാലം കളിയ്ക്കാന്‍ ഞാന്‍ തരാം…” ഒരു തിരി എടുത്തു നീട്ടികൊണ്ട് ഞാന്‍ പറഞ്ഞു..
“വേണ്ട മോനെ… അത്രയ്ക്ക് ആഗ്രഹം ഒന്നും ഇല്ല…ഞാന്‍ ഇവിടിരുന്നു കളി കണ്ടോളാം..” തുടര്‍ന്ന് അദ്ദേഹം പറഞ്ഞു..”ആദ്യമൊക്കെ അവര് നമ്മുടെ അടുത്ത് വന്നു കരയുമ്പോ നമുക്ക് വിഷമം തോന്നും…പക്ഷെ അധിക കാലത്തേക്ക് അങ്ങനെ വിഷമിക്കേണ്ടി വരില്ല…എല്ലാമായി പൊരുത്തപ്പെടാന്‍ മനുഷ്യന് അപാരകഴിവാണ്…മറക്കാനും…!!!”
ആ വൃദ്ധന്റെ കണ്ണൊന്നു നിറഞ്ഞുവോ..ഒരു ചെറിയ സംശയം…
ആറുമണിക്ക് പള്ളി മണിയടിച്ചു. കളിച്ചു നേടിയ മെഴുകുതിരികളുമായി എല്ലാവരും അവരവരുടെ കുഴികളിലേക്ക്…അന്നത്തെ കളി ഞാന്‍ തന്നെ നേടി.. കിട്ടിയ മെഴുകു തിരിയെല്ലാം കല്ലറയുടെ തലക്കല്‍ കൂട്ടിയിട്ടു ഞാന്‍ ഉറങ്ങാന്‍ കിടന്നു… ഒരാഴ്ച കൊണ്ട് എല്ലാവരുടെയും കയ്യിലെ മെഴുകുതിരി തീര്‍ന്നു..അതെല്ലാം എന്റെ കല്ലറക്ക് മുന്നില്‍ കൂടി കിടന്നു… അടുത്ത ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു കല്ലറക്കല്‍ എത്തിയ പേരകുട്ടി അത്ഭുതത്തോടെ ചോദിച്ചു ” അപ്പച്ചനെന്ന രാത്രി ഇറങ്ങി നടന്നു എല്ലാരുടെം മെഴുകുതിരി എടുത്തോണ്ട് പോരുവാണോ…R.I.P എന്ന്  വച്ചാല്‍  രാത്രി ഇറങ്ങി പോകരുത് എന്നാന്നു അപ്പച്ചന് അറിയാന്‍ മേലായോ…!!!!” അത് കേട്ട് കൂടി നിന്നവര്‍ ചിരിച്ചു… ഞാനും ഒപ്പം ചിരിച്ചു..


Read more: http://boolokam.com/archives/30551#ixzz1yWGaG6xx

Monday, June 11, 2012

മലയാളി പുരുഷന്മാര്‍ക്ക് സുന്ദരന്മാരോട് അസൂയയോ?

                       ‘കഷണ്ടി കയറിയ ഫഹദ് ഫാസിലിനെയും കറുത്ത് കുള്ളനായ ആസിഫ് അലിയേയും ‘ചുള്ളന്‍’ എന്ന് വിളിക്കുന്ന മലയാളികള്‍ ശരിക്കും സുന്ദരനായ പ്രിഥ്വിരാജിനെ ‘കൊരങ്ങന്‍’ എന്ന് വിളിക്കുന്നതിന്റെ പിന്നിലുള്ള വികാരം മനസ്സിലാവുന്നില്ല. പ്രിഥ്വിരാജിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള ‘അല്‍പ്പത്തരം’ അയാളുടെ സൗന്ദര്യത്തിലും കൂട്ടികുഴക്കാനാണ് 90% പേരും ശ്രമിക്കുന്നത്. ഇതിനെ വിമര്‍ശനം എന്നതിലുപരിയായി ‘കുശുമ്പ്’ എന്നെ പറയാനാകു. പിന്നെ മുകളില്‍ പറഞ്ഞ രണ്ടു പേരെയും ഒരു തരത്തിലും പ്രിഥ്വിരാജിനെകാള്‍ മെച്ചപെട്ട അഭിനേതാക്കളായി തോന്നിയിട്ടില്ല. ആസിഫ് അലിയുടെ പ്രകടനം കാണുമ്പോള്‍ വലിച്ചെടുത്തു കുപ്പതൊട്ടിയില്‍ തള്ളാനും തോന്നിയിട്ടുണ്ട്.’

             സൗന്ദര്യത്തെ കുറിച്ച് ഇത്രയ്ക്കും ആഗാധവും വിസ്തൃതവുമായ കാഴ്ച്ചപാടുള്ള മറ്റൊരു ജന വിഭാഗം ഈ ലോകത്തു തന്നെ വിരളമായിരിക്കാം. അത്രയേറെ പ്രാധാന്യം നമ്മുടെ സംസ്‌കാരം സൗന്ദര്യത്തിനു നല്‍കിയിരിക്കുന്നു. ലോക സാഹിത്യം പ്രണയത്തെ കുറിച്ചാണ് കൂടുതല്‍ വര്‍ണ്ണിച്ചതെങ്കില്‍ ഇവിടെ നമ്മുടെ മലയാള സാഹിത്യം പ്രണയത്തെകാള്‍ പ്രാധാന്യം സൗന്ദര്യത്തിനു നല്‍കിയിരിക്കുന്നത് കാണാം. പ്രത്യേകിച്ചും സ്ത്രി സൗന്ദര്യത്തെ. നമ്മുടെ കവികളും കഥാകൃത്തുകളും അവരുടെ കൃതികളില്‍ സ്ത്രിയുടെ വദനവും, മാറിടങ്ങളെയും, നിതംബങ്ങളെയും വളരെ ഭംഗിയായി വര്‍ണ്ണിച്ചിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ രചനകളില്‍ ബഹുഭുരിപക്ഷവും സ്ത്രി സൗന്ദര്യാധിഷ്ടിതമായ പ്രണയത്തെ ആണ് പ്രോത്സാഹിപ്പിച്ചത്.അപൂര്‍വമായി മാത്രമേ ഒരു ദീനാമ നമ്മുടെ രചനകളില്‍ വിരിഞ്ഞിട്ടുല്ലു.

            എന്നാല്‍ സ്ത്രി സൗന്ദര്യത്തെ ഇത്രയേറെ വര്‍ണ്ണിച്ച നമ്മുടെ കൃതികള്‍ അതെ മനോഭാവം പുരുഷ സൗന്ദര്യത്തെ കുറിച്ച് പറയുമ്പോള്‍ കാണിചിരുന്നോ എന്നത് പരിശോധികേണ്ട വസ്തുതയാണ്. അഥവാ വര്‍ണ്ണിച്ചിട്ടുണ്ടെങ്കില്‍ തന്നെ വല്ല പുരണ കഥാപാത്രങ്ങളെയോ, ചരിത്ര കഥാപാത്രങ്ങളെയോ ഒക്കെ മാത്രമാണ്. രമണനും, മദനനും ഒരിക്കലും സുന്ദരന്മാരല്ല. ഇതിനു പല കാരണങ്ങള്‍ ഉണ്ടാകാം. അതില്‍ ഒന്ന് മറ്റു പ്രദേശങ്ങള്‍ക്ക് വിഭിന്നമായി സ്ത്രികള്‍ പുരുഷനെക്കാള്‍ സൗന്ദര്യമുള്ള നാടാണ് കേരളം എന്നാണു പറയപെടുന്നത്. ഒരു പരിധി വരെ അത് ശരിയാണ് എന്ന് തന്നെയാണ് എന്റെയും പക്ഷം. അത് കൊണ്ടാവാം വിരൂപനായ മദനന്റെ പ്രണയം അവതരിപ്പിക്കാന്‍ കുമാരനാശാന് സാധിച്ചത്. പക്ഷെ ഒരു വിരൂപയായ സ്ത്രിയെ കാമുകി ആയി നമ്മുടെ കൃതികളില്‍ എത്ര കണ്ടു കാണാന്‍ സാധിക്കും? സൗന്ദര്യമില്ലത്ത കാമുകന്മാരെ അവതരിപ്പിച്ച നമ്മുടെ കവികളും, കഥാകൃത്തുകളും ആ തന്റെടം തങ്ങളുടെ കാമുകി കഥാപാത്രങ്ങളില്‍ കാണിച്ചിട്ടില്ല. ദീനാമയെ പോലത്തെ ഒരു നായികയെ നമ്മുക്ക് അപ്പൂര്‍വ്വമായെ കാണുവാന്‍ സാധിക്കുന്നുള്ളൂ.

            ഇതിനു കാരണം മറ്റൊന്നുമല്ല.ബഹുഭുരിപക്ഷം മലയാളി പുരുഷന്മാരും സ്ത്രിയെ വെറും മാംസമായി മാത്രമാണ് കാണുന്നത്. മിക്ക പുരുഷന്മാരും അമ്മയും, പെങ്ങളുമോഴിച്ചുള്ള എല്ലാ സ്ത്രികളെയും ഒന്നുക്കില്‍ കാമുകി, അല്ലെങ്കില്‍ ഭാര്യ അല്ലെങ്കില്‍ വേശ്യ എന്നാ വിധത്തില്‍ മാത്രമാണ് കാണുന്നത്. അങ്ങനെയുള്ള സമൂഹത്തില്‍ ദീനാമയോടു പ്രണയം തോന്നുന്ന ഒരു പുരുഷനെ അവതരിപ്പിക്കാന്‍ സാധിക്കില്ല. അവര്‍ അത് അംഗികരിക്കില്ല. അതെ സമയം ഇവിടത്തെ സ്ത്രികള്‍ പുരുഷന്റെ സൗന്ദര്യത്തെകാള്‍ ഉപരി അവന്റെ മനസ്സിനെ പ്രണയിക്കുന്നു. അത് കൊണ്ട് തന്നെ മദനന്റെ പ്രണയമ ഇവിടെ അംഗിക്കപെടും. കാരണം ഇവിടത്തെ സ്ത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാര്‍ വിരൂപരാണ്. പുരാണങ്ങളിലും, ചരിത്രങ്ങളിലും കാണാറുള്ള പുരുഷ സൗന്ദര്യം നമ്മുടെ നാട്ടില്‍ വിരളമായേ കാണാന്‍ സാധിക്കുകയുള്ളൂ. എന്നിട്ടും സുന്ദരികളായ മലയാളി സ്ത്രികള്‍ ഇവിടത്തെ പുരുഷന്മാരെ പ്രണയിക്കുന്നു.പക്ഷെ നമ്മുടെ പുരുഷന്‍മാര്‍ തിരിച്ചു നല്‍കുന്നത് നന്ദികെട് മാത്രമാണ്.
ഇതിന്റെയൊക്കെ ബാക്കി പത്രമാണ് നമ്മുടെ നാട്ടില്‍ അടുത്തകാലത്തായി ഉയര്‍ന്നു വരുന്ന സദാചാര ആക്രമണങ്ങള്‍. ആഗോലവല്‍കരണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലും വന്നു ചേര്‍ന്നിട്ടുള്ള സാംസ്‌കാരിക മാറ്റങ്ങള്‍ യാഥാസ്ഥിതികരായ ഒരു വിഭാഗം ജനങ്ങള്‍ക്ക് ദഹിക്കുന്നില്ല. ഇന്ന് നമ്മുടെ സ്ത്രികള്‍ കുറച്ചുകൂടി സ്വതന്ത്രരാണ്.ഇവിടത്തെ ശക്തമായ വിദ്യാഭ്യാസ നിലവാരം ആ സ്വാതന്ത്ര്യത്തെ ആസ്വദിക്കാന്‍ അവളെ പ്രപ്തയാക്കുന്നു.കാലോചിതമായ ഈ മാറ്റങ്ങളെ അംഗികരിക്കാന്‍ ഇവിടത്തെ പുരുഷ സമൂഹം തയ്യാറായില്ലെങ്കില്‍ നാളെ ഒരു കാലത്ത് മലയാളി സ്ത്രികള്‍ ഇവിടെയുള്ള പുരുഷന്മാരെ തമസ്‌കരിച്ചു കളഞ്ഞാലും അതില്‍ അതിശയികാനാവില്ല.

Sunday, June 3, 2012

ആപേക്ഷികതാ സിദ്ധാന്തം ഭാരതിയ പുരാണത്തിലും,ബൈബിളിലും...

                 ഈ ലേഖനം വായിക്കുന്നതിനു മുമ്പ് എല്ലാവരോടും കൂടി ഒരു കാര്യം ഓര്‍മിപ്പിക്കുന്നു...ശാസ്ത്രം മാത്രമാണ് പരമമായ സത്യങ്ങള്‍ പുറത്തു കൊണ്ട് വരുന്നത് എന്ന മിഥ്യ ധാരണ ഉള്ള മൂഡന്മാര്‍ ഇത് വായിക്കണമെന്നില്ല.കാരണം ഇത് വായിച്ചു മനസ്സിലാക്കാനുള്ള വലിപ്പം നിങ്ങളുടെ ബുദ്ധിക്കില്ല.അതിനാല്‍ നിങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും.ആ പ്രതികരണങ്ങള്‍ ശുദ്ധ വിഡ്ഢിതാരങ്ങളായി മാത്രമേ നമ്മുക്ക് കാണാനാവു.അത് കൊണ്ട് തന്നെ നിങ്ങളുടെ വിഡ്ഢി അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കി വിലപെട്ട സമയം കളയാന്‍ നമ്മുക്കാവില്ല.വേറൊന്നുമല്ല മത ഗ്രന്ഥങ്ങളില്‍ പറയുന്ന നിങ്ങള്‍ അന്ധവിശ്വാസം എന്നും,ഫാന്റസി എന്നും പറഞ്ഞു തള്ളുന്ന കാര്യങ്ങള്‍ ഗഹനമായി ചിന്തിക്കുന്ന ആളുകള്‍ക്ക് മാത്രമേ അതിന്‍റെ ലക്ഷ്യവും,അര്‍ത്ഥവും മനസ്സിലാക്കാനാവു.ആ ചിന്തകള്‍ സ്വയം ഉരുതിരിഞ്ഞു വരികയും വേണം.ഇത്രയും വിശദീകരണം തരേണ്ട ആവശ്യമില്ല.ആപേക്ഷികതാ സിദ്ധാന്തം ആധുനിക ലോകത്തിനു സമ്മാനിച്ച മഹാനായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നാ മനുഷ്യന്‍(ശാസ്ത്രജ്ഞന്‍ എന്ന് വിളിച്ചു അദ്ധേഹത്തെ ചെറുതാക്കുന്നില്ല) മതത്തെയും ശാസ്ത്രത്തെയും ബന്ധിപ്പിക്കുന്ന വാക്കുകള്‍ ഇവിടെ കൊടുക്കുന്നു...

               'മതമില്ലാത്ത ശാസ്ത്രം മുടന്തനും,ശാസ്ത്രം ഇല്ലാത്ത മതം അന്ധനുമാണ്...'


                  ലോക പ്രശസ്തമായ ആപേക്ഷിക സിദ്ധാന്തം ആദ്യമായി ചിന്തിച്ചത് ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ നിന്ന് ഒരു കാര്യം മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുക ഉള്ളു.മറ്റൊന്നുമല്ല അയാള്‍ക്ക്‌ ശാസ്ത്രമല്ലാതെ ലോകത്തിലെ ബാക്കി ഒന്നിനെ കുറിച്ചും ഒരു അറിവും ഇല്ല എന്ന്.എന്തെന്നാല്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ അവതരിപ്പിച്ച ആപേക്ഷികതാ സിദ്ധാന്തം എന്നാ സങ്കല്പം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഭാരതീയ പുരാണത്തിലും,ബൈബിളിലും പ്രതിപാതിച്ചിട്ടുണ്ട്.പക്ഷെ അതൊക്കെ വെറും കഥകളായി മാത്രമേ ആളുകള്‍ കണ്ടിരുന്നുള്ളൂ.സത്യത്തില്‍ വലിയ സിദ്ധാന്തങ്ങള്‍ വളരെ സാധാരനകാരില്‍ പോലും  എത്തിക്കുക എന്നാ ശ്രമകരമായ കാര്യമാണ് അന്നത്തെ മഹാന്മാരായ ചിന്തകന്മാര്‍ ഇത്തരം കഥകളിലൂടെ നേടിയെടുത്തത് എന്നത് അഭിനന്ദനം  അര്‍ഹിക്കുന്നു.അതെ സമയം ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ രൂപം നല്‍കിയ ആപേക്ഷികതാ സിദ്ധാന്തം പഠിച്ച ആളുകള്‍ക്ക് പോലും അത് എത്ര കണ്ടു മനസ്സിലായി എന്നത് ചിന്തികേണ്ട വസ്തുതയാണ്...

                                                                                  
             ആപേക്ഷികതാ സിദ്ധാന്തം ഭാരതിയ പുരാണത്തില്‍
                  ഭാരതിയ പുരാണങ്ങളില്‍ ആപേക്ഷികതാ സിദ്ധാന്തം ഏറ്റവും ശക്തമായി പ്രതിപാതിക്കുന്നത് മുജുകുന്ധന്‍ എന്ന ഒരു ചക്രവര്‍ത്തിയുടെ കഥയിലാണ്.ആ കഥ ഇവിടെ വിശദീകരിക്കുന്നു.

                  കൃഷ്ണന്‍റെ കാലഘട്ടത്തില്‍ അതായത് കണക്ക് പ്രകാരം അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മഗധ ഭരിച്ച ചക്രവര്‍ത്തി ആയിരുന്നു ജരാസന്ധന്‍.ജരാസന്ധന്‍റെ ഏറ്റവും വലിയ ശത്രുവായിരുന്നു ദ്വാരകാധിപനായ കൃഷ്ണന്‍.പതിനേഴു തവണ കൃഷ്ണനും  ജരാസന്ധനും തമ്മില്‍ യുദ്ധം ചെയ്തു എന്നാണ് പറയപെടുന്നത്.അങ്ങനെ ഒരു യുദ്ധത്തില്‍ ജരാസന്ധന്‍ കൃഷ്ണനെതിരെ അണിനിരത്തിയത് യവനന്മാരെ ആയിരുന്നു(ഇന്നത്തെ ഗ്രീക്കുകാര്‍).യവന സൈനത്തിന്‍റെ ശക്തിയും വലിപ്പവും അറിയാമായിരുന്ന കൃഷ്ണന്‍ തന്‍റെ രാജ്യത്തിന് നേരിടേണ്ടി വന്ന ഈ പ്രതിസന്ധിക്ക് പോവഴി ആലോചിക്കുന്നതിനായി പല മഹാന്മാരോടും ചര്‍ച്ച നടത്തി.അതിന്‍റെ ഫലമായി കൃഷ്ണന്‍ മുജുകുന്ധന്‍ എന്ന ഒരു പഴയകാല ചക്രവര്‍ത്തിയെ കുറിച്ച് അറിയുന്നു.

               കാലങ്ങള്‍ക്കു മുമ്പ് ആ പ്രദേശങ്ങള്‍ ഭരിച്ച ചക്രവര്‍ത്തി ആയിരുന്നു മുജുകുന്ധന്‍.ചക്രവര്‍ത്തി എന്നതിലുപരി അധിബുദ്ധിമാനായ ഒരു സൈനധിപന്‍ കൂടി ആയിരുന്നു അദ്ദേഹം.അദ്ദേഹത്തിന്‍റെ പോരാട്ട വീര്യം ദേവലോകത്ത് പോലും ചര്‍ച്ചയായി.അങ്ങനെ ഇരിക്കെ സ്വര്ഗ്ഗതിപനായ ഇന്ദ്രന്‍ ദേവലോകത്തിലെ ഒരു യുദ്ധത്തിനായി മുജുകുന്ധന്‍റെ സഹായം അഭ്യര്‍ഥിച്ചു വന്നു.ഇന്ദ്രന്‍റെ അഭ്യര്‍ത്ഥന സന്തോഷപൂര്‍വ്വം സ്വികരിച്ച മുജുകുന്ധന്‍ ദേവ സൈനത്തെ നയിക്കാനായി ദേവലോകത്തേക്കു ഇന്ദ്രനോപ്പം യാത്രയായി.മുജുകുന്ധന്‍റെ നേതൃപാടവം നന്നായി ഉപയോഗിച്ച ദേവസേന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിജയം കണ്ടു.വിജയത്തില്‍ ആഹ്ലധവനായി തീര്‍ന്ന ഇന്ദ്രന്‍ മുജുകുന്ധനോട് ഇഷ്ടമുള്ള എന്തും ചോദിച്ചു കൊള്ലാന്‍ ആവശ്യപെട്ടു.ഇന്ദ്രന്‍റെ ആവശ്യം വിനയപൂര്‍വ്വം നിരസിച്ച മുജുകുന്ധന്‍ തനിക്ക് പ്രതിഫലം ഒന്നും തന്നെ ആവശ്യമില്ല എന്നും എത്രയും പെട്ടെന്ന് തന്നെ തന്‍റെ രാജ്യത്തില്‍ എത്തിചേരാന്‍ സഹായിക്കണം എന്ന് മാത്രം പറഞ്ഞു.ഇത് കേട്ട ഇന്ദ്രന്‍റെ മുഖം വാടിയത് മുജുകുന്ധന്‍ ശ്രദ്ധിച്ചു.ദേവതിപന്‍ മുജുകുന്ധന്‍റെ തോളില്‍ തട്ടി സാഹചര്യം വിശദീകരിച്ചു.

             "പ്രിയ മഹാരാജന്‍ അങ്ങ് നമ്മുകായി ചെയ്തു തന്ന ഈ സഹായത്തിനു എന്ത് തന്നെ നല്‍കിയാലും മതിയാവില്ല എന്ന് എനിക്കറിയാം.പക്ഷെ ഇപ്പോള്‍ എനിക്ക് അങ്ങയുടെ കാര്യം ആലോചിച്ചു ദുഖമുണ്ട്.ഇത് എങ്ങനെ അങ്ങയോട് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങുകയാണ്.കാര്യം എന്തെന്നാല്‍ താങ്കള്‍ ഇവിടെ ചിലവഴിച്ചത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്.പക്ഷെ ഇത് ദേവലോകമാണ്.ഇവിടത്തെ ഒരു ദിനം എന്ന് പറയുന്നത് ഭുമിയിലെ ഏതാനും യുഗങ്ങളാണ്.പക്ഷെ ഇപ്പോള്‍ ദേവലോകതായതിനാല്‍ താങ്കള്‍ളുടെ ആയുസ്സിനും ഇത് വെറും കുറച്ചു ദിവസ്സങ്ങള്‍ മാത്രമാണ്.പക്ഷെ ആയുസ്സ് ലോകത്തിനു ആപേക്ഷികമാണ്.താങ്കള്‍ ഇപ്പോള്‍ ഭുമിയിലെ ചില യുഗങ്ങള്‍ തന്നെ ജീവിച്ചു തീര്‍ന്നിരിക്കുന്നു.ഇപ്പോള്‍ താങ്കള്‍ ഭുമിയില്‍ തിരിച്ചു പോയാല്‍ അവിടെ താങ്കള്‍ പ്രതീക്ഷിക്കുന്ന ഒന്നും തന്നെ അവശേഷിക്കുന്നുണ്ടാവില്ല.താങ്കളുടെ രാജ്യമോ,കുടുംബമോ എല്ലാം തന്നെ നാമവേഷഷമായി കഴിഞ്ഞു.ഇനിയുള്ള കാലം താങ്കള്‍ക്ക് ഇവിടെ ഈ ദേവലോകത്തില്‍ എല്ലാ സുഖസൌകര്യങ്ങളോട് കൂടി കഴിയാം."

              ഇത് കേട്ട മുജുകുന്ധന്‍ ആകെ തകരുകയും തനിക്ക്‌ എത്രയും വേഗം മരിച്ചാല്‍ മതി എന്ന് ആവശ്യപെടുകയും ചെയ്യുന്നു.അത് നിരസിച്ച ദേവാധിപന്‍ മുജുകുന്ധനായി മറ്റൊരു വരം നല്‍കി.അത് പ്രകാരം അദ്ധേഹത്തിനു പിന്നീടുള്ള കാലം ഭുമിയില്‍ തന്നെ ആരുടേയും ശല്യമില്ലാത്ത ഒരിടത്തു നിത്യ നിദ്രയ്ക്കുള്ള സാഹചര്യം ഒരുക്കി.എന്നെങ്കിലും ആരെങ്കിലും മുജുകുന്ധന്‍റെ നിദ്രയ്ക്ക് ഭംഗം വരുത്തുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ കണ്മുന്നിലുള്ള സകലതിനെയും ചുട്ടു ചാമ്പലാക്കുന്നതിനുള്ള ശക്തിയും നല്‍കി.

            ഈ കഥകള്‍ അറിഞ്ഞ കൃഷ്ണന്‍ മുജുകുന്ധനായുള്ള അന്വഷനമാരംഭിക്കുന്നു.ഒടുവില്‍ അദ്ദേഹം തന്‍റെ തന്നെ രാജ്യത്തെ ഒരു കൊടിയാവനത്തിലെ ഒരു ഗുഹയ്ക്കകത്തു നിദ്രയിലാനെന്നു മനസ്സിലാക്കുന്നു.പിന്നീട് തന്‍റെ സ്വതസിദ്ധാമായ തന്ത്രത്തിലൂടെ യവന സൈനത്തെ മുജുകുന്ധന്‍റെ മുന്നില്‍ എത്തിക്കുകയും വളരെ തന്ത്രപരമായി അദ്ദേഹത്തെ നിദ്രയില്‍ നിന്നുണര്‍ത്തി യവന സൈനത്തെ മുഴുവന്‍ ചാമ്പലാക്കി എന്നുമാണ് കഥ.

          ഈ കഥയിലെ മൊത്തത്തിലുള്ള യുക്തിയെ നമ്മുക്ക് വിശകലനം ചെയ്യേണ്ടതില്ല.എന്നാല്‍ കാലം എന്ന് പറയുന്നത് ആപേക്ഷികമാണെന്ന വലിയ ഒരു തത്വം ഈ കഥയില്‍ അവതരിപ്പിക്കപെടുന്നു.ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനും എത്രയോ മുമ്പ് തന്നെ ഏതോ ഒരു മഹാന്‍ അല്ലെങ്കില്‍ മഹാത്മാക്കള്‍ ഇത്തരം ചിന്തകളിലൂടെ സഞ്ചരിച്ചിരുന്നു എന്നത് വലിയ ഒരു വസ്തുതയാണ്.തന്‍റെ ആപേക്ഷികതാ സിദ്ധാന്തം ഐന്‍സ്റ്റീന്‍ ഒരു അവസ്സരത്തില്‍ വ്യാഖ്യാനിച്ചത് നോക്കുക.

             'what we observe is Relative to our viewpoint.On Earth we see the Universe as 13.7 billion years of age, while to God, from his view point, the Earth is but a week old.'

          മഹത്തായ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ച ഐന്‍സ്റ്റീന്‍ പോലും മതഗ്രന്ഥങ്ങളെയും  ദൈവത്തെയും അതിന്‍റെ എല്ലാ അര്‍ത്ഥതോട് കൂടി ബഹുമാനിച്ചിരുന്നു എന്നുള്ളത് അദേഹത്തിന്‍റെ ജീവിതം നമ്മുക്ക് കാട്ടി തരുന്നു.എന്നാല്‍ ഇവയൊക്കെ വെറും അന്ധവിശ്വാസം മാത്രമാണെന്നും,യുക്തിക്ക് നിരയ്ക്കാത്തത് ആണെന്നും പറയുകയും ചെയ്യുന്ന ശാസ്ത്രഞ്ജന്‍മാരെയും,യുക്തിവാധികളെയും അല്പ്പജ്ഞാനികള്‍ എന്ന് മാത്രമേ പറയാനുള്ളൂ...


                               ആപേക്ഷികതാ സിദ്ധാന്തം ബൈബിളില്‍


                                                       സന്ദര്‍ശിക്കുക :  http://vazhiyumsathyavum.blogspot.in/2011/04/blog-post.html