followers

Friday, June 22, 2012

‘R.I.P’ അഥവാ ‘രാത്രി ഇറങ്ങി പോകരുത്’…!!!


 (1)
ചുറ്റും കൂടി നിന്നവരെ എല്ലാം ഒന്ന് ഓടിച്ചു കണ്ടു. ഇത്രയും കാലം ഒപ്പം ഉണ്ടായിരുന്ന ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍, ബന്ധുക്കള്‍..ഇനി ഒരിക്കലും കാണാന്‍ കഴിയില്ലലോ എന്നുള്ള തോന്നല്‍ വല്ലാത്ത ഒരു വേദന ഉണ്ടാക്കി. കാഴ്ച്ച പതിയെ മങ്ങി വന്നു..മങ്ങി മങ്ങി ഇല്ലാതെയായി…എങ്ങും ഇരുട്ട് മാത്രം….ഞാന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു, ഈ ജന്മം അവസാനിച്ചു…പക്ഷെ അല്‍പ്പം കഴിഞ്ഞപ്പോള്‍ കണ്ണിലേക്കു പതിയെ വെളിച്ചം കടന്നു വന്നു, ചെവിയില്‍ ചുറ്റും നില്‍ക്കുന്നവരുടെ വിങ്ങി പൊട്ടലും സംസാരവും കടന്നു വന്നു തുടങ്ങി..എന്താണ് സംഭവിക്കുന്നത്‌ എന്ന് ആദ്യം മനസിലായില്ല…പതിയെ പതിയെ കാഴ്ച വ്യക്തമായി തുടങ്ങി..അടുത്തുള്ളവരെ എല്ലാം കാണാം…സംസാരിക്കുന്നതു കേള്‍ക്കാം…സംസാരിക്കാന്‍ ശ്രമിച്ചു പറ്റുന്നുണ്ട് പക്ഷെ ആരും കേള്‍ക്കുന്നില്ല… മരണത്തിനു അപ്പുറത്തുള്ള ലോകത്താണ് ഞാന്‍ എന്ന് ഞാന്‍ മനസിലാക്കി…എനിക്ക് അവരെ കാണാം അവര്‍ സംസാരിക്കുന്നതു കേള്‍ക്കാം പക്ഷെ അവര്‍ക്ക് എന്നെ കാണാനോ ഞാന്‍ സംസാരിക്കുന്നതു കേള്‍ക്കാനോ കഴിയില്ല. ചുറ്റും കൂടി ഇരിന്നു കരയുന്നവരെ ആശ്വസിപ്പിക്കണമെന്നുണ്ട്  പക്ഷെ ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നില്ല.
എന്നെ അവര്‍ വെള്ള തുണി വിരിച്ച ഒരു കട്ടിലിലേക്ക് മാറ്റി, തലക്കല്‍ മെഴുകുതിരികള്‍ കത്തിച്ചു, ചന്ദന തിരിയുടെ ഗന്ധം ദുസഹമായിരുന്നു, മരണവീടുകള്‍ കയറി ചെല്ലുമ്പോള്‍ ഉള്ള ഈ മണം എനിക്ക് പണ്ടേ ഇഷ്ടമല്ല. കട്ടിലടുത്ത് വിരിച്ച പായയില്‍ ഇരുന്ന പേരകുട്ടി സങ്കീര്‍ത്തന പുസ്തകം വായിച്ചു തുടങ്ങി. കുഞ്ഞുനാളില്‍ എന്റെ മടിയില്‍ ഇരുത്തി സന്ധ്യ പ്രാര്‍ത്ഥനയും ”യഹോവ എന്റെ ഇടയനാകുന്നു..” എന്ന് തുടങ്ങുന്ന ഇരുപത്തി  മൂന്നാം   സങ്കീര്‍ത്തനവും വിശ്വാസ പ്രമാണവും ഒക്കെ പറഞ്ഞു കൊടുത്ത് പഠിപ്പിച്ചത് ഞാന്‍ ഓര്‍ത്തു. സുഹൃത്തുകളും അയല്‍ക്കാരും ഓരോരുത്തരായി വന്നു തുടങ്ങി, വേദപുസ്തകം അടുത്തയാള്‍ക്കു കൈമാറി “യഹോവ എനിക്ക് ‘വിശാലത’ വരുത്തി..” എന്നതിന് പകരം “യഹോവ എനിക്ക് ‘വിശാലി’നെ വരുത്തി…” എന്ന് വായിച്ചതു കേട്ട് ഞാന്‍ ചിരിച്ചു…ചുറ്റും കൂടി നിന്നവരുടെ മുഖത്തും ചിരി പൊട്ടിയത് ഞാന്‍ കണ്ടു, പക്ഷെ മരണ വീടല്ലേ ചിരിക്കാന്‍ പറ്റുമോ? ചിരിക്കുന്നവര്‍ ചിരിക്കട്ടെ എന്ന് കരുതി ഞാന്‍ കുറച്ചു നേരം കണ്ണടച്ചിരുന്നു…ഞാന്‍ കണ്ടാല്‍ എന്ത് കരുതും എന്ന് കരുതി ചിരിക്കാതെ ഇരിക്കണ്ട.
നേരം വെളുത്തു, കുളിക്കാന്‍ സമയമായി…തണുപ്പത് തണുത്ത വെള്ളം ദേഹത്ത് വീണപ്പോള്‍ കുളിര് തോന്നി.. ശവത്തിനെന്തു കുളിരെന്നു കരുതിയാകും തണുത്ത വെള്ളം എടുത്തത്..!! പുതിയ വസ്ത്രങ്ങള്‍ ഇടിയിപ്പിച്ചു ഇടുങ്ങിയ പെട്ടിയിലേക്ക് മാറ്റി..ഇനിയുള്ള ജീവിതം ഈ കുഞ്ഞുപെട്ടിക്കുള്ളിലാണ്‌!!!. പട്ടക്കാരുടെ നീണ്ട നിര, പ്രാര്‍ത്ഥന, വേദപുസ്തക വായന, പാട്ട്, കുന്തിരിക്കത്തിന്റെ വാസന…ഒത്തിരി ബന്ധുക്കളും സുഹൃത്തുകളും… എല്ലാം കൂടി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു വീട്ടില്‍. പിന്നെ പതിയെ പള്ളിയിലേക്ക്..അവിടെ വച്ച് അന്ത്യ ചുംബനം…കണ്ണിരിന്റെ നനവോടെ ഓരോ ചുംബനവും നെറ്റിയില്‍ വീഴുമ്പോള്‍ എനിക്കും വല്ലാത്ത വിഷമം തോന്നി…അവസാനത്തെ ആളും കണ്ടു കഴിഞ്ഞു വെള്ള തുണികൊണ്ട് എന്റെ മുഖം മൂടി പക്ഷെ അപ്പോഴും എനിക്ക് എല്ലാരേം കാണാമായിരുന്നു. പിന്നെ കല്ലറയിലേക്ക് അവിടെവച്ചു പെട്ടിയുടെ മൂടി അടക്കപ്പെട്ടു കുഴിയില്‍ ഇറക്കി പെട്ടിയുടെ മുകളില്‍ ചരല്‍ വീഴുന്ന ശബ്ദം അരോചകമായിരുന്നു…കോണ്‍ഗ്രീറ്റ് സ്ലാപ് കൊണ്ട് കല്ലറ അടക്കപ്പെട്ടു…നെടുവീര്‍പ്പുകളും കരച്ചിലുകളും അകന്നു പോയി…അവസാന കാലൊച്ചയും അകന്നു പോയ്‌ കഴിഞ്ഞപ്പോള്‍ തനിച്ചയാല്ലോ എന്ന് ഓര്‍ത്തു ചെറിയ വിഷമം തോന്നി. എല്ലാ ആരവങ്ങളും അടങ്ങി കഴിഞ്ഞപ്പോള്‍  ഞാന്‍ പതുക്കെ ഒന്ന് മയങ്ങി.. ഇന്നലെ രാത്രി ഉറങ്ങാന്‍ കഴിയാത്തത് കൊണ്ട് നല്ല ക്ഷീണമായിരുന്നു.
(2)
രാത്രി എപ്പോഴോ നല്ല മയക്കത്തില്‍ നിന്നും ആരോ വിളിക്കുന്നത്‌ കേട്ടാണ് ഉണര്‍ന്നത്. കല്ലറക്ക് ചുറ്റും കുറെ ആളുകള്‍. കൂട്ടത്തില്‍ ഒരാള്‍ : “നമസ്ക്കാരം പുതിയ ആളെ ഒന്ന് പരിചയപ്പെടാന്‍ വന്നതാ.”
ഞാന്‍ കണ്ണ് തിരുമി എല്ലാവരെയും നോക്കി, പടുകിളവന്മാര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ ഒരു നീണ്ട നിര. ഞാന്‍ പറഞ്ഞു : “ഒരു നിമിഷം ഞാന്‍ പുറത്തേക്ക് വരാം..”
പുറത്തെത്തി നോക്കുമ്പോള്‍ സെമിത്തേരി നിറയെ ആളുകള്‍ മെഴുകുതിരി വെട്ടത്തില്‍ വട്ടം കൂടി ഇരിക്കുന്നവര്‍, ഒറ്റയ്ക്ക് മാറിയിരിക്കുന്നവര്‍, പാട്ടു പാടുന്നവര്‍, പത്രം വായിക്കുന്നവര്‍, ചുമ്മാ ദൂരേക്ക് നോക്കിയിരിക്കുന്നവര്‍ അങ്ങനെ അനേകം ആളുകള്‍.. എനിക്ക് വലിയ അത്ഭുതമായി തോന്നി..മരണത്തിനപ്പുറം ഇങ്ങനെയും ഒരു ജീവിതമോ..!!
ആരും എന്നോട് പേരും സ്ഥലവും ബന്ധുക്കളെയും സ്വന്തക്കാരെയും കുറിച്ചൊന്നും ചോദിച്ചില്ല. അത് ഈ ലോകത്തിലെ ശൈലി ആയിരിക്കില്ല. സ്ഥാനങ്ങള്‍ ഇല്ലാത്ത ലോകം, പേരുകളില്ലാത്ത ലോകം, ബന്ധങ്ങള്‍ ഇല്ലാത്ത ലോകം, വേദന അറിയാത്ത ലോകം, സമത്വ സുന്ദര ലോകം… ഇതെല്ലം നോക്കി അത്ഭുതപ്പെട്ടു നിന്ന എന്നോട് കൂട്ടത്തില്‍ ചെറുപ്പക്കാരന്‍  ചോദിച്ചു:”ചീട്ടു കളിയ്ക്കാന്‍ അറിയാമോ?”
അറിയമോന്നോ നല്ല ചോദ്യം…സ്കൂളില്‍ പഠിപ്പിക്കുമ്പോ തുടങ്ങിയ പരിപാടിയല്ലേ. ഞാന്‍ പറഞ്ഞു “അറിയാം…”
ചെറുപ്പക്കാരന്‍: “നല്ല കാര്യം…” എന്നിട്ട് ചിരിച്ചു കൊണ്ട് ചോദിച്ചു ” കളിയ്ക്കാന്‍ കൂടുന്നോ?”
എനിക്ക് വല്ലാത്ത ആവേശം തോന്നി, പണ്ട് നേരം വെളുക്കും വരെ ചീട്ടു കളിച്ചിരുന്നത് ഓര്‍ത്ത് പോയി “പിന്നെന്ത, തീര്‍ച്ചയായും…”
ചെറുപ്പക്കാരന്‍: “എന്നാ തലക്കുംഭാഗത്ത് നിന്നു മൂന്നാല് മെഴുകുതിരി എടുത്തു കൊണ്ട് പോരെ…”
എനിക്ക് സംശയമായി ഞാന്‍ ചോദിച്ചു:” മെഴുകുതിരിയോ?”
ചെറുപ്പക്കാരന്‍:” അതെ മെഴുകുതിരി…എന്നിട്ട് സ്വരം താഴ്ത്തി പറഞ്ഞു “ഞങ്ങള്‍ ഇവിടെ കാശിനു പകരം മെഴുകുതിരി വച്ച കളിക്കുന്നെ…”
എനിക്ക് ചിരി വന്നു.. ഇങ്ങനെയും കളിക്കാമല്ലേ…പഠന കാലത്ത് പത്ത് പൈസ ടോക്കണ്‍ ഉണ്ടാക്കി കീച്ച് കളിച്ചത് ഓര്‍ത്തുപോയി…ചെറുപ്പത്തിന്റെ ആവേശത്തില്‍ നടന്ന ഒരു അടിയാണ് അന്ന് നല്ലരീതിക്ക് പോയ്കൊണ്ടിരുന്ന ആ കളി അവസാനിപ്പിച്ചത്. എന്തായാലും കുറച്ചു മെഴുകു തിരിയും എടുത്തു ഞാന്‍ ആ ചെറുപ്പക്കാരന്റെ പുറകെ പോയി.
(3)
വറീത് ചേട്ടന്റെ കല്ലറക്കടുതേക്കാണ് ഞങ്ങള്‍ എത്തിയത്. ഈ ശവപറമ്പിലെ ആദ്യത്തെ കല്ലറയാണിത്‌, വറീത് ചേട്ടന്റെ മരണം വരെ ആളുകളെ വെറുതെ കുഴി കുഴിച്ചു മൂടുക ആയിരുന്നു പതിവ്. തലക്കല്‍ ഒരു കല്ലും വയ്ക്കും. ആ കല്ലില്‍ എഴുത്ത് കുത്തുകള്‍ ഒന്നും കാണില്ല, വെറുതെ ഒരു കല്ല്‌..ഒരു രണ്ടു തലമുറ വരെയുള്ളവര്‍ കൃത്യമായി കുഴിമാടം തിരിച്ചറിയും എന്നാല്‍ മൂന്നാം തലമുറ മുതല്‍ അതിനു വലിയ പാടാണ്. മൂന്നാം തലമുറയിലെ കുട്ടിയോട് തലക്കല്‍ കൊണ്ട് പോയി തിരികത്തിക്കാന്‍ പറഞ്ഞാല്‍ കുഴിയില്‍ കിടക്കുന്നയാള്‍ ഭാഗ്യം ചെയ്തവന്‍ ആണെങ്കില്‍ തലക്കല്‍ തന്നെ കത്തിക്കും ഇല്ലെങ്കില്‍ തോട്ടപുറത്തെ ചെട്ടനായിരിക്കും ആ തിരി കിട്ടുക…!! വറീത് ചേട്ടന്റെ മക്കള്‍ എല്ലാം വലിയ നിലയില്‍ ആയിരുന്നു അതുകൊണ്ട് അവര്‍ അപ്പന് ഒരു കല്ലറ പണിതു. പിന്നീടു പള്ളി അതൊരു നല്ല കച്ചവടമാക്കി, സ്ഥലത്തിനു വിലയിട്ടു ഓരോ കുടുംബത്തിനും വീതിച്ചു കൊടുത്തു, പുതിയ കല്ലറകള്‍ പണിതു ലേലത്തില്‍ വിറ്റു അങ്ങനെ ഇപ്പൊ ശവക്കോട്ട നിറയെ കല്ലറകളാണ്.
കല്ലറക്ക് മുകളില്‍ മൂന്നാല് പേര്‍ വട്ടത്തില്‍ ഇരിക്കുന്നു അവിടെ കളി തുടങ്ങിയിരുന്നു. ഞങ്ങള്‍ അടുത്ത് എത്തിയപ്പോള്‍ കൂട്ടത്തില്‍ അല്‍പ്പം പ്രായമായ ഒരാള്‍ തല ഉയര്‍ത്തി നോക്കി എന്നിട്ട് പറഞ്ഞു ” എഴുന്നേറ്റോ.. ക്ഷീണം കാണും ഉറങ്ങി കോട്ടെ എന്ന് ആദ്യം വിചാരിച്ചു പിന്നെ ഓര്‍ത്തു ഇപ്പൊ എഴുന്നേറ്റില്ലെങ്കില്‍ നാളെ ചിലപ്പോ ഉറക്കം കിട്ടില്ല.. നമ്മുടെ ‘ബയോളോജിക്കള്‍ ക്ലോക്ക്’ അഡ്ജസ്റ്റ് ചെയ്യണ്ടേ…” മരിച്ചവര്‍ക്കെന്തു ബയോളോജി എന്നോര്‍ത്ത് എനിക്ക്  ചിരി വന്നു, പുള്ളി തുടര്‍ന്ന്‍ പറഞ്ഞു..”ഇപ്പൊ കിടന്നു ഉറങ്ങിയാല്‍ നാളെ പകല്‍ ഉറങ്ങില്ല, ജീവിചിരിക്കുന്നവന്റെ പകലുകളാണ് നമ്മുടെ രാത്രികള്‍…” ഇപ്പൊ കാര്യം പിടികിട്ടി.
ചീട്ടു കളി ഗുരുക്കന്മാരെ എല്ലാം മനസ്സില്‍ ധ്യാനിച്ച് അടുത്ത കളിക്ക്  ഞാനും കൂടി, പകുതി മെഴുകുതിരിയാണ് കാശ്.. പണ്ട് ഒരു മെഴുകുതിരി വച്ചാണ് കളിച്ചിരുന്നത് എന്ന് കൂട്ടത്തില്‍ ആരോ പറഞ്ഞു..പിന്നെ പിന്നെ എല്ലാ തലക്കലും മെഴുകുതിരിയുടെ വരവ് കുറഞ്ഞപ്പോ അത് പകുതിയാക്കി. കളിക്കാതെ മാറി യിരിക്കുന്ന ആളെ ഞാന്‍ ശ്രദ്ധിച്ചു, കളി അറിയാത്തത് കൊണ്ടാകും എന്ന് കരുതി… സ്കൂളില്‍ പഠിക്കുമ്പോ കളി അറിയാത്തവനെ എല്ലാം കളി പഠിപ്പിച്ചത് ഓര്‍ത്തു പോയി… അന്ന് ‘ഇരുപത്തിയെട്ടു’ കളി ആയിരുന്നു..പിന്നെ ആളു കൂടിയപ്പോ ‘നല്പ്പതായി’ പിന്നെയും ആളു കൂടിയപ്പോ രണ്ടു ഗ്രൂപായി പിന്നെ നാലു ഗ്രൂപ്പായി അങ്ങനെ അങ്ങനെ വളര്‍ന്നു പന്തലിച്ചു…..
പുതിയ ലോകത്തെ ആളുകളുടെ ഉടായിപ്പുകള്‍  എല്ലാം വശം ഉള്ളത് കൊണ്ട് ആദ്യകളി ഞാന്‍ തന്നെ ജയിച്ചു. അടുത്ത റൌണ്ട് ചീട്ടു വിളമ്പുന്നതിനിടയില്‍ കളിക്കാതെ മാറിയിരിക്കുന്ന ആളോട് കളിയറിയില്ലേ എന്ന് ചോദിച്ചു…അദ്ദേഹം പറഞ്ഞു “കളി ഒക്കെ അറിയാം പക്ഷെ വച്ച് കളിയ്ക്കാന്‍ മെഴുകുതിരിയില്ല..”
“അതെന്തു പറ്റി…?” അറിയണമെന്ന് തോന്നി..
“മക്കളൊക്കെ അവിടെയും ഇവിടെയും ഒക്കെയ…അവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വന്നാലായി”
“ഓ..ശെരി..തല്ക്കാലം കളിയ്ക്കാന്‍ ഞാന്‍ തരാം…” ഒരു തിരി എടുത്തു നീട്ടികൊണ്ട് ഞാന്‍ പറഞ്ഞു..
“വേണ്ട മോനെ… അത്രയ്ക്ക് ആഗ്രഹം ഒന്നും ഇല്ല…ഞാന്‍ ഇവിടിരുന്നു കളി കണ്ടോളാം..” തുടര്‍ന്ന് അദ്ദേഹം പറഞ്ഞു..”ആദ്യമൊക്കെ അവര് നമ്മുടെ അടുത്ത് വന്നു കരയുമ്പോ നമുക്ക് വിഷമം തോന്നും…പക്ഷെ അധിക കാലത്തേക്ക് അങ്ങനെ വിഷമിക്കേണ്ടി വരില്ല…എല്ലാമായി പൊരുത്തപ്പെടാന്‍ മനുഷ്യന് അപാരകഴിവാണ്…മറക്കാനും…!!!”
ആ വൃദ്ധന്റെ കണ്ണൊന്നു നിറഞ്ഞുവോ..ഒരു ചെറിയ സംശയം…
ആറുമണിക്ക് പള്ളി മണിയടിച്ചു. കളിച്ചു നേടിയ മെഴുകുതിരികളുമായി എല്ലാവരും അവരവരുടെ കുഴികളിലേക്ക്…അന്നത്തെ കളി ഞാന്‍ തന്നെ നേടി.. കിട്ടിയ മെഴുകു തിരിയെല്ലാം കല്ലറയുടെ തലക്കല്‍ കൂട്ടിയിട്ടു ഞാന്‍ ഉറങ്ങാന്‍ കിടന്നു… ഒരാഴ്ച കൊണ്ട് എല്ലാവരുടെയും കയ്യിലെ മെഴുകുതിരി തീര്‍ന്നു..അതെല്ലാം എന്റെ കല്ലറക്ക് മുന്നില്‍ കൂടി കിടന്നു… അടുത്ത ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു കല്ലറക്കല്‍ എത്തിയ പേരകുട്ടി അത്ഭുതത്തോടെ ചോദിച്ചു ” അപ്പച്ചനെന്ന രാത്രി ഇറങ്ങി നടന്നു എല്ലാരുടെം മെഴുകുതിരി എടുത്തോണ്ട് പോരുവാണോ…R.I.P എന്ന്  വച്ചാല്‍  രാത്രി ഇറങ്ങി പോകരുത് എന്നാന്നു അപ്പച്ചന് അറിയാന്‍ മേലായോ…!!!!” അത് കേട്ട് കൂടി നിന്നവര്‍ ചിരിച്ചു… ഞാനും ഒപ്പം ചിരിച്ചു..


Read more: http://boolokam.com/archives/30551#ixzz1yWGaG6xx

No comments:

Post a Comment

Thanks for your valuable comments and keep in touch