followers

Saturday, February 25, 2012

എന്റെ കോളേജ് ജീവിതം - റോപ് ഇന്‍ വിശേഷങ്ങള്‍ | എപിസോഡ് - 1


ഡിം.... ട്ടോ....
കണ്ണു തുറന്നു നോക്കിയപ്പോള്‍ കണ്ടത് ഒരു വിശാലമായ ഹാള്‍. അതൊരു പതിവുകാഴ്ച്ച  അല്ലാത്തതുകൊണ്ട്  വീണ്ടും കിടന്നു. ഞാന്‍ സ്വപ്നത്തില്‍ ആണെന്ന് എന്നെത്തന്നെ വിശ്വസിപ്പിച്ചു. 
"ഹലോ... എഴുന്നേല്‍ക്കുന്നില്ലേ.." 
വീണ്ടും ഉറക്കം പോയി. കണ്ണ് തുറന്നപ്പോള്‍ ദാ നില്‍ക്കുന്നു ഒരു കാക്കി ട്രൌസറും വെളുത്ത ബനിയനും ഇട്ടു മുഖ്‌ത്തു ഒരു നിഷ്കളങ്കമായ  പുഞ്ചിരിയോടെ ഒരാള്‍ .ആ പുഞ്ചിരി മുഖ്‌ത്ത് നിന്നും മായാതെ തന്നെ അടുത്ത ചോദ്യം
   "എഴുന്നേല്‍ക്കുന്നില്ലേ.. "
   "ആ ....ദാ എണീറ്റു...." എന്ന് ഞാനും
ബോധം തെളിയാന്‍ അല്‍പ്പ സമയം വേണ്ടി വന്നു... കുറച്ചു നേരം ബെഡ്ഡില്‍ തന്നെ ഇരുന്നു.. കുറെ പേര്‍ ബക്കറ്റുമായി ഒരു ഭാഗത്തേക്ക് പായുന്നു.. മറ്റു ചിലര്‍ വെള്ള പൂശിയ എന്ന് തോന്നിക്കുന്ന ഷൂ എടുത്തിടുന്നു. ആകെക്കൂടി ഒരു മില്ട്രി സെറ്റപ്പ്...
ഞാന്‍ ബെഡ്ഡില്‍ ഇരുന്നു കൊണ്ട് തന്നെ എന്നെ എഴുന്നേല്‍പ്പിച്ച സുഹൃത്തിനോട്‌ കാര്യം തിരക്കി. 
"അതെ... എന്താ സംഭവം..?"
"മനസിലായില്ലേ.. റോപ് ഇന്‍ പ്രോഗ്രാം.... എല്ലാവരും പെട്ടെന്ന് യുണിഫോം ഇട്ടു ഗ്രൗണ്ടില്‍ ചെല്ലണം... പെട്ടെന്ന് റെഡിയായിക്കോ.."  
ചിരി മായാതെ തന്നെ ആ സുഹൃത്ത്‌ മറുപടി പറഞ്ഞു.
റോപ് ഇന്‍ പ്രോഗ്രാം തുടങ്ങി.  പുതുതായി ജോയിന്‍ ചെയ്ത വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാനുള്ള മഹാമഹം. ഒന്നുരണ്ടു ആഴ്ച ഇനി ഇതുപോലെ തള്ളി നീക്കണം.

ഒരു ഗാഡനിദ്രയില്‍ നിന്നും എന്നെ എഴുന്നേല്‍പ്പിച്ച ആ നല്ല സുഹൃത്തിനെ ഞാന്‍ പരിചയപ്പെട്ടു. ചിരിച്ചുകൊണ്ട് തന്നെ ഞാനും ചോദിച്ചു
"പേരെന്താ....?"
"ഷിനോജ്.. "  
"സ്ഥലം..?"
"കോഴിക്കോട്"
വളരെ ഒതുങ്ങിയ ഒരു വ്യക്തിത്വം. പിന്നെ ഞങ്ങള്‍ കുറെ നേരം പരസ്പരം കത്തിവെച്ചിരുന്നു. കുറച്ചു നേരം സംസാരിച്ചപ്പോള്‍ തന്നെ ആളെ എനിക്കിഷ്ടമായി.

കത്തിയൊക്കെ കഴിഞ്ഞു ബക്കറ്റുമായി മെല്ലെ ബാത്ത് റൂമിലേക്ക്‌...
അവിടെ എത്തിയപ്പോഴേക്കും... ആ കാഴ്ച കണ്ടു ഞെട്ടിത്തരിച്ചുപോയി ....
കഴിഞ്ഞ വിഷുവിനു നാട്ടിലെ ബീവരെജ്  കടയില്‍ കണ്ട അതെ തിരക്ക് ഒന്നുകൂടി കാണാന്‍ കഴിഞ്ഞു.

എല്ലാം പുതിയ മുഖങ്ങള്‍..... എല്ലാവരുടെയും കയ്യില്‍ വിവിധ വര്‍ണത്തില്‍ ഉള്ള ബക്കറ്റുകള്‍... ഒരു വമ്പന്‍ ക്യൂ തന്നെ ഉണ്ട്. ഞാന്‍ ക്യൂവില്‍ ഏറ്റവും ഒടുവിലായി നിന്നു.

ക്യൂവില്‍ എന്‍റെ തൊട്ടു മുന്‍പിലുള്ള സുഹൃത്തുമായി ചങ്ങാത്തം തുടങ്ങി.. ഒരു പേരാംബ്ര സ്വദേശി..... കണ്ടാല്‍ ഒരു കോമഡി കഥാപാത്രം. എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം.  സംസാരിക്കാന്‍ വേറെ വിഷയമൊന്നും  ഇല്ലാത്തതുകൊണ്ട് ഞാന്‍ ചോദിച്ചു....

"ഇവിടെ ടോട്ടല്‍ എത്ര ബാത്ത് റൂം ഉണ്ട്...?"
"മൂന്നെണ്ണം ആണെന്ന് തോന്നുന്നു കേട്ടോ.... എന്താടോ അങ്ങനെ ചോദിച്ചേ...?" 
"ഏയ്.. വെറുതെ.. തിരക്കു കണ്ടിട്ട് ചോദിച്ചതാ.." എന്ന് ഞാനും...
സംസാരത്തിനിടയില്‍ ഒരു പട്ടി പെട്ടെന്ന് ഞങ്ങളുടെ ഇടയിലൂടെ കടന്നു പോയി.
"എന്ടമ്മോ...... " എന്നലറി വിളിച്ചു പെരാംബ്രാക്കാരന്‍ പുറകോട്ടു ചാടി....

ക്യു വില്‍ ബക്കറ്റുമായി മാനത്തോട്ടു നോക്കി നില്‍ക്കുമ്പോളാണ് ഒരു സ്വാന്തനം എന്ന പോലെ മധുരമായ ഒരു ഗാനം ഓടിയെത്തുന്നത്....

"അന്ത..അറബിക്കടലോരം... അഴകേ കണ്ടേനെ.. ഹമ്മ... ഹമ്മ.... ഹമ്മ ഹമ്മ ഹമ്മ.." 
പാട്ട് കേട്ട ദിക്കിലേക്ക് എന്‍റെ കണ്ണും കാതും പോയി.  സംഗതി കത്തി....
മൂന്ന് ബാത്ത് റൂമില്‍ ഒന്നിന് വാതിലില്‍ കുളത്തില്ല.   ഉള്ളിലിരിക്കുന്നവന്‍ അലമുറയിട്ടു പാടുകയാണ്.... ആളാരാണെന്ന് മനസിലായില്ല.

അല്‍പ്പം വൈകിയിട്ട് ആണെങ്കിലും എല്ലാം കഴിഞ്ഞു ഗ്രൗണ്ടില്‍ എത്തി.

ഗ്രൗണ്ടില്‍ തലപ്പന്ത് കളിയും കബഡി കളിയും പ്രതീക്ഷിച്ച എനിക്ക് തെറ്റി.  ഗ്രൌണ്ടിനു ചുറ്റും ഓടാന്‍ ഉത്തരവ് വന്നു. എല്ലാവരും ഓട്ടം തുടങ്ങി.. ചുരുക്കിപ്പറഞ്ഞാല്‍ സൈഡ് ആകുന്നതു വരെ ഓടണം.  രണ്ടു റൌണ്ട് മുഴുമിച്ചില്ല... ഗ്രൌണ്ടിന്റെ കിഴക്ക് ഭാഗത്തായി ഒരാള്‍ സൈഡ് ആയി എന്നറിഞ്ഞു. എന്ത് പറ്റി എന്ന് അന്വേഷിക്കാന്‍ സമയമില്ല. ഓട്ടം തുടരേണ്ടതുണ്ട്.

ഓരോ റൌണ്ട് കഴിയുമ്പോളും ഗ്രൌണ്ടിന്റെ പല ഭാഗങ്ങളിലായി ഓരോരുത്തര്‍ സൈഡ് ആവാന്‍  തുടങ്ങി.  ആദ്യം സൈഡ് ആയ മനുഷ്യന്‍ പിന്നെ പിന്നെ വരുന്നവരെയെല്ലാം പുഞ്ചിരിയോടെ വരവേല്‍ക്കുന്നത് ഓടുന്നതിനിടയില്‍ കാണാമായിരുന്നു.
ബോധം പോകുമെന്നായപ്പോള്‍ ഞാനും ഒന്ന് സൈഡ് ആകാന്‍ തീരുമാനിച്ചു. ഗ്രൌണ്ടിന്റെ കിഴക്ക് വശത്ത് ആദ്യം സൈഡ് ആയ സുഹൃത്തിന്‍റെ അടുത്ത് പോയി ഇരുന്നു. ഞാന്‍ പേര് ചോദിച്ചു...

"ല..... ല... ലജിത്ത്.."  കിതച്ചു കൊണ്ട് മറുപടി പറഞ്ഞു.
ഗ്രൌണ്ടിന്റെ സൈഡില്‍ നിന്നും നോക്കിയാല്‍ ഒരു യുദ്ധം കഴിഞ്ഞ് ഒരു തുള്ളി ദാഹജലത്തിനായി കൊതിക്കുന്ന സുഹൃത്തുക്കളെ കാണാം.

ഓട്ടവും ചാട്ടവും കഴിഞ്ഞ് ഒരു ആനയെ തിന്നാനുള്ള വിശപ്പോടെ തിരിച്ചു റൂമില്‍ എത്തി.. കാംബ് എന്ന് പറയുന്നതായിരിക്കും ഉചിതം.

അങ്ങനെ കത്തിവെക്കാന്‍ ആളെ തപ്പി നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.

ഹനുമാന്‍ ധ്രോണഗിരി പര്‍വ്വതം എടുത്തു പറക്കുന്നത് പോലെ ഒരാള്‍ ഹാളിന്‍റെ മൂലയില്‍ കിടന്നിരുന്ന വലിയ ടേബിള്‍ ഫാന്‍ ഒരു കയ്യില്‍ എടുത്തു കൊണ്ട് പോകുന്നു. കുറച്ചു നേരം ആ കാഴ്ച കണ്ടിരുന്നു. തന്‍റെ ബെഡിലെക്ക് കാറ്റ് കിട്ടുന്ന വിധത്തില്‍ ഫാനിനെ പല പല പോസില്‍ വെച്ച് പരീക്ഷണം നടത്തുന്നുണ്ട്.
ഒന്ന് സഹായിച്ചു കളയാം എന്ന് കരുതി അടുത്തേക്ക് ചെന്നു.

കോഴിക്കോട് സ്വദേശി... സല്‍മാന്‍ എന്ന് സ്വയം വിശേഷണം... ആള് സ്മാര്‍ട്ട്‌ ആണ്.  കാര്യങ്ങള്‍ അതിന്‍റേതായ പക്ക്വതയോടുകൂടി ചെയ്തു കൊണ്ടിരിക്കുന്നു.  കുറച്ചു നേരം അതും കണ്ടങ്ങനെ ഇരുന്നു. ഇടയ്ക്കിടയ്ക്ക് ചില കത്തിയും...
കത്തിയും കഴിഞ്ഞ് ഞാന്‍ തിരിഞ്ഞു നടന്നു. പുള്ളി ഫാനിന്മേല്‍ പരീക്ഷണം തുടര്‍ന്നു കൊണ്ടിരുന്നു. ഒപ്പം ഒരു പാട്ടും.

"അന്ത..അറബിക്കടലോരം... അഴകേ കണ്ടേനെ.. ഹമ്മ... ഹമ്മ.... ഹമ്മ ഹമ്മ ഹമ്മ.." 
ഒരു നിമിഷം സ്തംബിതനായി പണ്ട് മലയാളം പഠിപ്പിച്ച വാര്യര്‍ സാറെ മനസ്സില്‍ ഓര്‍ത്തു..
"മറ്റൊന്നിന്‍ ധര്‍മയോഗത്താല്‍... ലത് തന്നെയല്ലേ... ധിദ്..."      

2 comments:

  1. നന്നായിട്ടുണ്ട് .. എങ്ങനെ സാധിക്കുന്നു ???

    ReplyDelete
  2. എഴുത്തുകാരന്‍ : സുജിത് കെ വി അല്ലെ ഇപ്പോള്‍ ഒടകുഴല്‍ മാറ്റി എഴുതകി എന്ന കേട്ടെ

    ReplyDelete

Thanks for your valuable comments and keep in touch