followers

Sunday, February 26, 2012

ഇന്ദ്രിയങ്ങള്‍ക്കപ്പുറത്ത്...

"ജാന്‍സെന്‍ ഇതൊക്കെ സാധിക്കുമോ !!!എനിക്ക് ഭയമാകുന്നു...പടയാളികളെയും തോഴിമാരെയുമൊക്കെ കണ്ണ് വെട്ടിച്ചു നമ്മുക്ക് ഇവിടെ നിന്ന് രക്ഷപെടാന്‍ ആവുമോ???"
"സോഫി...നീ ഇങ്ങനെ ഭയപെടാതെയിരിക്കു...ഒന്നുമില്ലെങ്കിലും നീ ഒരു രാജകുമാരിയല്ലേ...നാളെ നമ്മള്‍ പാരിസിലേക്ക് യാത്ര തിരിക്കുകയായി...അതിനു വേണ്ട എല്ലാ ഒരുക്കങ്ങളും തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു...നാളെ പുലര്‍ച്ച നീ കൊട്ടാര ഉദ്യാനത്തിന്‍റെ പടിഞ്ഞാറേ കവാടതിനരികെ വരണം...അവിടെ ഞാന്‍ നിന്നെയും കാത്തു നില്‍ക്കുന്നുണ്ടാവും...അവിടെ നിന്ന് നിന്നെയും എടുത്തു കാട്ടു പാതയിലൂടെ നമ്മുടെ യാത്ര ആരംഭിക്കും...കാനന പാതയുടെ അറ്റത്ത് നമ്മളെയും കാത്തു ടെസ്മെറ്റ് കുതിരവണ്ടിയുമായി നില്പ്പുണ്ടാവും...ലില്ലി നഗരം ലക്ഷ്യമാക്കിയാകും പിന്നീടുള്ള നമ്മുടെ യാത്ര...അവിടെ എത്തി ചേര്‍ന്നാല്‍ നമ്മള്‍ സ്വതന്ത്രരായി...ഏതാനും ദിവസ്സങ്ങള്‍ കഴിയാനുള്ള ചുറ്റുപാട് ടെസ്മെറ്റ് നമ്മുകായി അവിടെ ഒരുക്കിയിട്ടുണ്ട്...പിന്നീട് സൗകര്യം പോലെ നമ്മുക്ക് പാരിസ്സിലേക്ക് യാത്ര തിരിക്കാം...സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര...സോഫി...നിനക്കെന്നെ വിശ്വാസമില്ലേ?"
"എനിക്ക് വിശ്വാസമില്ലഞ്ഞിട്ടല്ല ജാന്‍സെന്‍,...പക്ഷെ പടയാളികളുടെ കഴുകന്‍ കണ്ണുകള്‍ ഈ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുണ്ട്...എന്തെങ്കിലും ഒരു ചെറിയ സൂചന മതി...ജാന്‍സെന്‍ നിന്നെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപെടാന്‍..."
"ഇല്ല സോഫി...അങ്ങനെയൊന്നും സംഭവിക്കില്ല ദൈവമുണ്ടാവും നമ്മുടെ കൂടെ...നമ്മുടെ പ്രണയം അത്രയ്ക്കും വിശുദ്ധമാണ്..."
"ജാന്‍സെന്‍...എങ്കില്‍ അങ്ങനെയാവട്ടെ...നാളെ പുലര്‍ച്ചെ തോഴിമാരുടെ കണ്ണ് വെട്ടിച്ചു ഉദ്യാനത്തിന്‍റെ പടിഞ്ഞാറേ കവാടത്തില്‍ ഞാന്‍ വന്നു നില്‍ക്കാം..."
"ശരി എങ്കില്‍ ഞാന്‍ ഇപ്പോള്‍ പോവുകയാണ്...എല്ലാം തിരുമാനിച്ചത് പോലെ നടക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ...അപ്പോള്‍ നാളെ പുലര്‍ച്ചെ കാണാം...ലില്ലി നഗരം എത്തുംവരെ മാത്രമേ നമ്മുക്ക് പരിഭ്രമിക്കേണ്ടതുള്ളു...അത് കഴിഞ്ഞാല്‍ കൂട്ടില്‍ നിന്നും പറത്തി വിട്ട പഞ്ചവര്‍ണ്ണകിളികളെ പോലെ നമ്മള്‍ സ്വതന്ത്രര്‍,..."
ഗാഡമായ ഒരു ചുംബനത്തിന് ശേഷം അവര്‍ അന്നത്തെക്ക് പിരിഞ്ഞു...രണ്ടുപേരുടെയും മുഖത്ത് പരിഭ്രമം നിഴലിക്കുന്നുണ്ടായിരുന്നു അപ്പോഴും...
പിറ്റേന്ന് അതി രാവിലെ തന്നെ അവള്‍ ഉദ്യാനത്തില്‍ എത്തി...പടിഞ്ഞാറേ കവാടത്തില്‍ ജാന്‍സെന്‍ അവളെയും കാത്തു നില്‍പ്പുണ്ടായിരുന്നു...അവനെ കണ്ട ഉടനെ സന്തോഷം കൊണ്ട് അവള്‍ അവനെ ആലിംഗനം ചെയ്തു...
"ജാന്‍സെന്‍ നീ എന്നെയും കാത്തു ഇത്ര പുലര്‍ച്ച തന്നെ ഇവിടെ കാത്തുനില്‍ക്കുകയായിരുന്നോ???"
"ഞാന്‍ ഇന്നലെ രാത്രി മുഴുവന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു സോഫി...ഇന്നത്തെ കാര്യങ്ങള്‍ ആലോചിച്ചു എനിക്കുറക്കം വന്നില്ല..."
"എനിക്കും അങ്ങനെതന്നെയായിരുന്നു...പക്ഷെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല ജാന്‍സെന്‍...അരുതാത്തത് എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ തോന്നുന്നു..."
"നീ ഓരോന്ന് ചിന്തിച്ചു മനസ്സിനെ തളര്‍ത്താതെ...അധികം വൈകികാതെ നമ്മുക്ക് യാത്ര ആരംഭിക്കാം..."
അവര്‍ അങ്ങനെ യാത്ര ആരംഭിച്ചു...ദുര്‍ഘടമായ കാട്ടു പാതയിലൂടെ അവന്‍ അവളെയും എടുത്തു അതിവേഗം നടക്കുവാന്‍ തുടങ്ങി...വഴികള്‍ പിന്നിടും തോറും അവളുടെ പരിഭ്രമം കുറഞ്ഞു കുറഞ്ഞു വന്നു...
"ജാന്‍സെന്‍ ഇപ്പോള്‍ എനിക്ക് കുറേശെ ധൈരം തോന്നി തുടങ്ങി..."
"ഇതെന്നെ സന്തോഷിപ്പിക്കുന്നു സോഫി...ഇനി കഷ്ടിച്ച് മുന്ന് മൈലുകള്‍ കൂടി താണ്ടിയാല്‍ നമ്മള്‍ കാട്ടു പാതയുടെ അറ്റതെത്തും...ടെസ്മെറ്റ്‌ കുതിരവണ്ടിയുമായി നില്‍പ്പുണ്ടാവും അവിടെ...ഇന്ന് രാത്രിയോടെ നമ്മള്‍ ലില്ലി നഗരത്തിലെത്തും...പിന്നെ നമ്മെ തേടി ആരും വരില്ല...ആരും..."
കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു രസിച്ചു അവര്‍ യാത്ര തുടര്‍ന്നു...സോഫിയുടെ മധുരമായ സംസാരം ജാന്‍സെന്‍റെ നടപ്പിന്‍റെ കാഠിന്യം കുറച്ചു...അങ്ങ് ദൂരെ കുതിരവണ്ടി ദൃശ്യമായതോടെ അവന്‍ സന്തോഷം കൊണ്ട് പുളകിതനായി...
"സോഫി നോക്കു നമ്മള്‍ കാട്ടു പാത കഴിഞ്ഞിരിക്കുന്നു...ടെസ്മെറ്റ്‌ അതാ കുതിരവണ്ടിയുമായി അവിടെ നില്‍ക്കുന്നു..."
അവന്‍റെ കാലുകള്‍ക്ക് വേഗത കൂടി...കുതിരവണ്ടിയുടെ തൊട്ടടുത്തെത്തിയതും വന്‍ അലറച്ചയോടുകൂടി ബ്രസ്സെല്സ് സൈനികര്‍ ഇരുവരെയും വളഞ്ഞു...
"രാജകുമാരിയും കൊണ്ട് എളുപ്പത്തില്‍ കടന്നു കളയാമെന്ന് വിചാരിച്ചല്ലേ കീടമേ..." കയ്യിലുള്ള കുന്തം കൊണ്ട് അവന്‍റെ മുഖത്ത് ആഞ്ഞാടിച്ചുകൊണ്ട് ഒരു സൈനികന്‍ അലറി...അവളെ അവര്‍ ഭലമായി അവന്റെ കയ്യില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ശ്രമിച്ചു...അവള്‍ അലമുറയിട്ടു കരയുകയായിരുന്നു അപ്പോള്‍,...
"വിടു ദയവു നമ്മളെ വിടു...നമ്മള്‍ തമ്മില്‍ പ്രണയത്തില്‍ ആണ്...ജാന്സനെ ഒന്നും ചെയ്യരുത്..." അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു...
"രാജകുമാരി ക്ഷമിക്കണം...ഇത് ചക്രവര്‍ത്തിയുടെ കല്പ്പനയാണ്...കുമാരിയെ രക്ഷിച്ചു കൊട്ടാരത്തില്‍ എത്തിക്കാനാണ് ഉത്തരവ്...പിന്നെ ഈ പീറ ചെറുക്കന്‍റെ തല അറുക്കാനും...അത് മാത്രമല്ല...കുമാരി പ്രതീക്ഷിക്കുന്നത് പോലെ അല്ല കാര്യങ്ങള്‍....ഇവന്‍റെ ഈ സുഹൃത്ത് ടെസ്മെറ്റ്‌ യഥാര്‍ത്ഥത്തില്‍ പാരിസിലെ നമ്മുടെ ചാരനാണ്...നിന്‍റെ കാമുകനെ വലയില്‍ എത്തിക്കാന്‍ നമ്മെ ഏറ്റവും സഹായിച്ചത് ഇവനാണ്..."
ജാന്‍സെന്‍ തന്‍റെ ഉറ്റ സുഹൃത്തിനെ നിസ്സഹായതയോടെ നോക്കി...ടെസ്മെറ്റ്‌ അപ്പോള്‍ ശിരസ്സ് താഴ്ത്തി നില്‍ക്കുകയായിരുന്നു...
"ഉം എന്താ നോക്കി നില്‍ക്കുന്നത്...അവനെ പിടിക്കു...സൈനാധിപന്‍ അലറി..."
"ജാന്‍സെന്‍ ഓടി രക്ഷപെട്ടോകൊള്ളൂ..അല്ലെങ്കില്‍ ഇവര്‍ നിന്നെ കൊല്ലും..." അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
അവന്‍ തന്നെ പിടിച്ചിരിക്കുന്ന പടയാളികളുടെ കയ്യില്‍ നിന്ന് കുതറി മാറി...വന്യമായ ആ കാട്ടിലൂടെ അവന്‍ എങ്ങോട്ടെന്നില്ലാതെ ഓടി....പിന്നാലെ നാല് ചുറ്റില്‍ നിന്നും സൈനികരും...അവന്‍റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരുന്നു...ഓടി ഓടി അവന്‍ എത്തി ചേര്‍ന്നത്‌ ചെങ്കുത്തായ ഒരു കൊക്കയുടെ മുന്നില്‍...അവന്‍ പിന്തിരിഞ്ഞു ഓടുവാന്‍ ശ്രമിച്ചു...പക്ഷെ അപ്പോളേക്കും സൈനികര്‍ അവനെ മുന്നു ഭാഗത്തു നിന്നും വളഞ്ഞിരിഞ്ഞു...മുന്നില്‍ പടയാളികള്‍...പിന്നില്‍ ചെങ്കുത്തായ കൊക്ക...എന്ത് ചെയ്യണം എന്നറിയാതെ അവന്‍ നിസ്സഹായനായി നിന്നു...
ടിംഗ് ടോന്ഗ്...
വായനയ്ക്ക് വിഘാതമായി കോളിംഗ് ബെല്‍ മുഴങ്ങി...അല്ലെങ്കിലും എപ്പോളും ഇങ്ങനെയാണ്...ഒന്ന് ഹരം പിടിച്ചു വരുമ്പോഴായിരിക്കും ഇത് പോലെ ഓരോ തടസ്സങ്ങള്‍....വായന ഇടയ്ക്ക് വെച്ച് തടസ്സപെട്ടത്തിന്‍റെ അമര്‍ഷം മറച്ചു വെച്ച് അവള്‍ വാതില്‍ തുറന്നു...
" ങാ സര്‍ ആയിരുന്നോ...എന്താ സര്‍ ഇപ്പോള്‍ ഈ സമയത്ത്...?"
"ശ്രുതി...നീ വേഗം പോയി ഡ്രസ്സ്‌ ഒക്കെ റെഡി ആക്കികൊള്ളൂ...നമ്മുക്കൊരു യാത്ര പോകാന്‍ ഉണ്ട്...ഊട്ടിയിലേക്ക്...ഇനി ഒന്ന് രണ്ടു മാസം അവിടെ നിന്നാകാം റിസേര്‍ച്ച്..."
"അയ്യോ ഇതെന്താ സര്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ..."
"ഇതൊക്കെയല്ലേ ത്രില്‍... നീ വേഗം യാത്രയ്ക്ക് തയ്യാറായികൊള്ളൂ...ഞാന്‍ രണ്ടു മണികൂര്‍ കഴിഞ്ഞു വരാം..."
ദീപക്‌ സര്‍ എപ്പോഴും ഇങ്ങേനെയാണ്....ഇത് പോലെ എടുപിടി എന്നായിരിക്കും തിരുമാനങ്ങള്‍....ആദ്യമാധ്യം എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നിയിരുന്നു ഇത്...പക്ഷെ ഇപ്പോള്‍ എനിക്കും അദ്ദേഹം പറഞ്ഞ പോലെ ഒരു 'ത്രില്‍' ആണ് ഇതൊക്കെ...ഈ മേഖലയില്‍ ശരിക്കും കലങ്ങി തെളിഞ്ഞതാണ് ഈ വലിയ മനുഷ്യന്‍...,...എത്രയെത്ര താളം തെറ്റിയ മനസ്സുകളെ ഇദ്ദേഹം നേരെയാക്കിയിരിക്കുന്നു...ഹാ ഹാ ഹാ എന്തിന്നതികം പറയുന്നു...ചെറുപ്പത്തില്‍ ഒരു കവി ആകാന്‍ വേണ്ടി നടന്ന എന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു ഡോക്ടര്‍ ആക്കാന്‍ അയച്ചു...ജീവിതതോടെ വെറുപ്പ്‌ തോന്നിയ ആ കാലത്ത് ഇദ്ദേഹമാണ് എന്നെ ഇന്നത്തെ ഈ നിലയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്...അതും അദ്ദേഹം കയ്യാളുന്ന അതെ മേഘലയിലേക്ക്,...ഇന്ന് ഇത് എനിക്ക് ഒരു പ്രൊഫെഷന്‍ മാത്രമല്ല...ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ എത്ര എത്ര താളം തെറ്റിയ മനസ്സുകള്‍ ഞാന്‍ കണ്ടു കഴിഞ്ഞിരിക്കുന്നു...അവരൊക്കെ അങ്ങനെ ആയി തീര്‍ന്നതിന്‍റെ പിന്നിലുള്ള കഥകള്‍ എത്ര കേട്ടിരിക്കുന്നു...
ആവശ്യമുള്ള വസ്ത്രങ്ങളും,പുസ്തകങ്ങളും ബാഗില്‍ അടുക്കി വച്ച് ഞാന്‍ യാത്രയ്ക്ക് തയ്യാറായി നിന്നു.അപ്പോളേക്കും സര്‍ തിരിച്ചെത്തി...
"എങ്കില്‍ ശ്രുതി...നമ്മള്‍ക്ക് അധികം താമസികാതെ പോകാം...ആറു മണികൂര്‍ യാത്ര ഉണ്ട്...ഇപ്പോളെ പോയാലെ രാത്രി അധികം വൈകും മുമ്പ് അവിടെ എത്താന്‍ സാധിക്കുകയുള്ളൂ..."
"ഞാന്‍ തയ്യാറായി കഴിഞ്ഞു സര്‍,...നമ്മുക്ക് പോകാം എങ്കില്‍...,..."
സാധാരണ ഇത് പോലെ യാത്രകളില്‍ സര്‍ വളരെ അധികം കാര്യങ്ങള്‍ സംസാരിക്കുമായിരുന്നു...പക്ഷെ ഇത്തവണ എന്താണെന്നറിയില്ല അദ്ദേഹം അധികം ഒന്നും മിണ്ടിയില്ല...എന്താണ് ഈ യാത്രയുടെ ലക്‌ഷ്യം എന്ന് പോലും പറഞ്ഞില്ല...കുറച്ചു സമയം പിന്നിട്ടപ്പോള്‍ ഞാന്‍ തന്നെ അദേഹത്തോടു ചോദിച്ചു...
"സര്‍ എന്താണ് നമ്മുടെ പ്ലാന്‍...എന്തിനാണ് ഇപ്പോള്‍ ഊട്ടിയില്‍ പോകുന്നത്???"
"ങാ ശ്രുതി...അവിടെ നിനക്ക് പറ്റിയ ഒരാളുണ്ട്...എനിക്കറിയുന്ന ഒരു പഴയ പേഷ്യന്‍റ്...നിന്‍റെ ഗവേഷണത്തിന് അയാള്‍ വലിയ ഒരു മുതല്‍കൂട്ട് ആയിരിക്കും...രണ്ടു ദിവസ്സത്തിനു ശേഷം ഡോക്ടര്‍ തോമസ്‌ വിദേശത്തേക്ക് യാത്ര തിരിക്കുകയാണ്...അതാണ്‌ പെട്ടെന്ന് തന്നെ നിന്നെയും കൊണ്ട് പോകുന്നത്..."
"ഓ അത് ശരി...എന്താണ് സര്‍ അയാളുടെ പ്രശ്നം???"
"എല്ലാം അവിടെ എത്തിയാല്‍ ഡോക്ടര്‍ തോമസ്‌ വിശദികരിക്കും..."
ഏതാണ്ട് രാത്രി എട്ടു മണിയോടെ നമ്മള്‍ അവിടെ എത്തിചേര്‍ന്നു.ഡോക്ടര്‍ തോമസ്‌ നമ്മളെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...
"ങാ ദീപക്‌..",വരൂ ഇതാണോ നിങ്ങളുടെ പ്രിയ ശിഷ്യ..."
"ഹാ ഹാ അതെ ഡോക്ടര്‍...ഇതാണ് ഞാന്‍ പറഞ്ഞ ശ്രുതി...ഇവള്‍ക്ക് വേണ്ടിയാണ് എടിപിടിയുള്ള ഈ വരവ്...ഇപ്പോള്‍ നിങ്ങളെ കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്തെങ്ങും പറ്റില്ലലോ ..."
"അത് ശരിയാണ്...ഞാന്‍ മറ്റനാള്‍ ജര്‍മനിയിലേക്ക് പോകുകയാണ്...ഇനി രണ്ടു മൂന്നു വര്‍ഷം അവിടെ താങ്ങാനാണ് പരിപാടി...ഞാന്‍ പറഞ്ഞിട്ടുണ്ടെല്ലോ എല്ലാം...അധികം സംസാരിച്ചു നിങ്ങളുടെ സമയം കളയുന്നില്ല...നിങ്ങള്‍ക്ക് ഉള്ള മുറി ഞാന്‍ ഇവിടെ തന്നെ ഒരുക്കിയിട്ടുണ്ട്...ശ്രുതിക്കും സൗകര്യം അതായിരിക്കും...ഇപ്പോള്‍ നിങ്ങള്‍ പോയി ഫ്രഷ്‌ ആയി വരൂ...എന്നിട്ട് നമ്മുക്ക് ഭക്ഷണം കഴിക്കാം...പിന്നീടാവാം ബാക്കി ഉള്ള ചര്‍ച്ചകള്‍...ഡേയ്സി ഒന്ന് ഇങ്ങു വരൂ...ഇവര്‍ക്കുള്ള മുറികള്‍ കാണിച്ചു കൊടുക്കു"
ഡേയ്സി ഡോക്ടറുടെ മകളാണ്...പ്ലസ്‌ ടുവിനു പഠിക്കുന്നു...നല്ല അച്ചടക്കത്തോടെ വളര്‍ന്ന കുട്ടിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം...അവള്‍ എന്നെ മുറിയിലേക്ക് കൊണ്ട് പോയി...
"ഇതാണ് ചേച്ചിയുടെ മുറി...എന്താ ചേച്ചിയുടെ പേര്..."
"എന്‍റെ പേര് ശ്രുതി...രണ്ടു മൂന്നു മാസം ഞാന്‍ ഇവിടെ ഉണ്ടാകും നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍," ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...
"ഹ ഹ ഹ ചേച്ചിക്ക് ഞാന്‍ ഒരു ബുദ്ധിമുട്ടാവാതിരുന്നാല്‍ ഭാഗ്യം...എന്തായാലും എനിക്കൊരു കമ്പനി ആയല്ലോ...ചേച്ചി പോയി കുളിച്ചോ...എന്താവശ്യമുണ്ടെങ്കിലും അറിയിക്കാന്‍ മടികേണ്ട..."
കുളിക്കു ശേഷം എല്ലാവരും ഭക്ഷണം കഴിക്കാന്‍ ഇരുന്നു...ദീപക്‌ സാറും തോമസ്‌ സാറും തങ്ങളുടെ പഴയകാല ഓര്‍മകളും,തമാശകളും പറഞ്ഞു രസിക്കുകയാണ്...ഞാനും ഡേയ്സിയും കൌതുകത്തോടെ അതൊക്കെ കേട്ട് കൊണ്ടിരുന്നു...
"ദീപക്കെ നമ്മുടെ ഈ കത്തി പിള്ളേര്‍ക്ക് ബോര്‍ ആയി തോന്നുന്നുണ്ടാവും...അല്ലെ ശ്രുതി?"എന്നെ നോക്കി തോമസ്‌ സര്‍ ചോദിച്ചു...
"അയ്യോ സര്‍ അങ്ങനെ തോന്നിയതെ ഇല്ല..." ഞാന്‍ മറുപടി പറഞ്ഞു...
"ഹാ ഹാ ഹാ...അപ്പോള്‍ ശ്രുതി...നാളെ രാവിലെ തന്നെ നമ്മള്‍ക്ക് ഹോസ്പിറ്റലില്‍ പോകാം...ഭക്ഷണം കഴിച്ചു വേഗം ഉറങ്ങികൊള്ളൂ...നമ്മള്‍ വയസ്സന്മാര്‍ക്ക് ഇന്ന് രാത്രി ഉറക്കമുണ്ടാവില്ല...കുറെ കാലത്തിനു ശേഷമാ ഇത് പോലെ കാണുന്നത് തന്നെ..."
"ശരി സര്‍...അപ്പോള്‍ ഗുഡ്‌ നൈറ്റ്‌..."
"ഗുഡ്‌ നൈറ്റ്‌"
പിറ്റേ ദിവസം അതി രാവിലെ തന്നെ ഞാന്‍ എഴുന്നേറ്റു...രാവിലെ എട്ടു മണിക്ക് തന്നെ നമ്മള്‍ ഹോസ്പിറ്റലില്‍ പോകാന്‍ ഇറങ്ങി...തോമസ്‌ സാറിന്‍റെ വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു അര കിലോമീറ്റര്‍ മാത്രമേ ഉള്ളു ഹോസ്പിറ്റലിലേക്ക്...ഒരു ആശുപത്രി എന്നതിലുപരി ഒരു സുഖവാസ കേന്ദ്രമായാണ് എനിക്ക് തോന്നിയത്...വളരെ പ്രശാന്തമായ അന്തരീക്ഷം...കണ്ണുകള്‍ക്ക്‌ കുളിര്‍മയുള്ള കാഴ്ചകളാണ് ചുറ്റിലും...അവിടെയും ഇവിടെയുമൊക്കെ ചിലരെ കാണാമായിരുന്നു...അവിടത്തെ അന്തെവാസികാലാണ് അതില്‍ ഏറിയ പങ്കും...
"നമ്മുടെ ഹോസ്പിറ്റല്‍ എങ്ങനെ ശ്രുതി?"തോമസ്‌ സര്‍ ചോദിച്ചു...
"വളരെ മനോഹരം...ഞാന്‍ ഇത് പോലെ ഒരന്തരീക്ഷം പ്രതിക്ഷിചിട്ടെ ഇല്ല..."ഞാന്‍ മറുപടി പറഞ്ഞു...
"അത് ശരിയാണ്...ഇവള്‍ ഇത് പോലെ ഒരു സ്ഥലമായിരിക്കില്ല പ്രതീക്ഷിച്ചത്...."ദീപക്‌ സര്‍ എന്നെ പിന്തുണച്ചു...
"സത്യത്തില്‍ ഇത്തരകാര്‍ക്ക് ഏറ്റവും വേണ്ടത് ഇത് പോലുള്ള ശാന്തമായ അന്തരീക്ഷമാണ്...പക്ഷെ എന്ത് കൊണ്ടോ നമ്മുടെ ഗവണ്മെന്‍റ് പോലും ഇതൊന്നും ശ്രദ്ധിക്കുന്നില്ല..."തോമസ്‌ സര്‍ പറഞ്ഞു...
തോമസ്‌ സര്‍ നമ്മളെ അവിടെയുള്ള ഒരു മുറിയിലേക്ക് കൊണ്ട് പോയി...വൃത്തിയായി അലങ്കരിച്ച ഒരു വലിയ മുറിയായിരുന്നു അത്...അവിടത്തെ ചുമരുകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കുന്നില്ലായിരുന്നു...ചുവര് മുഴുവനും മനോഹരമായ ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു...എല്ലാ ചിത്രങ്ങളിലും ഒരു രൂപം പൊതുവായി കാണാനുണ്ട്...ഒരു സ്ത്രി രൂപം...മുറിയുടെ ഒരു മുലയില്‍ മെലിഞ്ഞു സുന്ദരനായ ഒരു യുവാവ് പുസ്തകം വായിച്ചിരിക്കുകയായിരുന്നു...
"എന്താ അരവിന്ദ്‌ ഭയങ്കര വായനയാണെല്ലോ???"തോമസ്‌ സര്‍ അയാളോട് കുശലം ചോദിച്ചു...
അയാള്‍ എഴുന്നേറ്റു തിരിഞ്ഞു നോക്കി...നമ്മളെ കണ്ടപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു...
"ഇതാണ് ഞാന്‍ ഇന്നലെ പറഞ്ഞ ആളുകള്‍...ഇത് ഡോക്ടര്‍ ദീപക്‌ ,പിന്നെ ഇത് ശ്രുതി...ഇവര്‍ നിന്‍റെ കൂടെ കാണും രണ്ടു മൂന്ന് മാസം..."തോമസ്‌ ഡോക്ടര്‍ നമ്മളെ അയാള്‍ക്ക് പരിചയപെടുത്തി...
"ങാ ശ്രുതി ഇതാണ് നമ്മുടെ അരവിന്ദ്‌...ഇയാളായിരിക്കുംകുറച്ചു കാലത്തേക്ക് നിന്‍റെ കമ്പനി ...ഭയങ്കര ചിത്രകാരാനാണ് ഇദ്ദേഹം...ഈ കാണുന്നതെല്ലാം ഇയാള്‍ തന്നെ വരച്ചതാനാണ്..."തോമസ്‌ സര്‍ എന്നോടു പറഞ്ഞു...
അത് എന്നെ വിസ്മയിപ്പിച്ചു...അത്രയ്ക്കും മനോഹരമായിരുന്നു ആ ചിത്രങ്ങള്‍...അതിലെ രൂപങ്ങള്‍ക്ക് ശരിക്കും ജീവനുള്ളതു പോലെ തോന്നിയിരുന്നു...
"അപ്പോള്‍ നിങ്ങളുടെ ഗവേഷണങ്ങള്‍ക്കും,പരീക്ഷണങ്ങള്‍ക്കുമുള്ള പുതിയ ഒരു ഗിന്നി പന്നിയായിരിക്കും അല്ലെ ഞാന്‍," അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...
"അയ്യോ അരവിന്ദ്‌ അങ്ങനെ കാണരുത്..."ഞാന്‍ ഒന്ന് പതറി...
"ങാ നിങ്ങള്‍ വിശദമായി പിന്നീട് പരിചയപെട്ടോ" തോമസ്‌ സര്‍ നമ്മുടെ സംഭാഷണം ഘണ്ടിച്ചു...
മുറിക്കു പുറത്തെത്തിയപ്പോള്‍ തോമസ്‌ സര്‍ എന്നോട് ചോദിച്ചു...
"ശ്രുതി ഇയാളെ കണ്ടിട്ടെന്തു തോന്നുന്നു...ഒറ്റ നോട്ടത്തില്‍...,..."
"ഒരു പാവം യുവാവ്...ഇയാള്‍ക്ക് എന്തെങ്കില്ലും ഒരു പ്രശനമുള്ളതായി തോന്നുന്നതേയില്ല...പിന്നെ അയാളുടെ ചിത്രങ്ങള്‍...അത് എന്നെ ശരിക്കും അതിശയിപ്പിച്ചു...അവ എത്ര മനോഹരമായിരിക്കുന്നു..."
"ഉം ശരിയാണ്" തോമസ്‌ സര്‍ മൂളി "നീ ആ ചിത്രങ്ങളില്‍ എല്ലാം തന്നെ പൊതുവായി ഒരു സ്ത്രി രൂപം ഉള്ളതായി ശ്രദ്ധിച്ചോ?"
"ങാ ശ്രദ്ധിച്ചു...വിശദമായി പരിച്ചയപെട്ടതിനു ശേഷം അതിനെ പറ്റി അയാളോട് ചോദിക്കാന്‍ ഇരിക്കുകയായിരുന്നു ഞാന്‍ "
"അത് അയാളുടെ അമ്മയാണ്...അയാള്‍ക്ക്‌ പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ അവര്‍ കൊല്ലപെട്ടു..."
"ഹോ കഷ്ടം...എങ്ങനെയാണ് അവര്‍ മരിച്ചത്???ആരാണ് അവരെ കൊന്നത്???"ഞാന്‍ ആകാംഷയോടെ ചോദിച്ചു...
"അത് കേട്ടാല്‍ ശ്രുതി അതിശയിക്കും...അവരെ കഴുത്ത് ഞെരിച്ചു കോല്ലുകയായിരുന്നു...അതും അന്നത്തെ പന്തണ്ടുകാരനായ ഈ അരവിന്ദ്‌ തന്നെ..."
"ങേ!!!എനിക്കതു വിശ്വസിക്കാന്‍ ആവുന്നില്ല ഡോക്ടര്‍... "സത്യമാണോ അത്???"ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.
"അതെ ശ്രുതി...സത്യമാണ്...നീ അക്വാഫോബിയെ പറ്റി കേട്ടിട്ടില്ലേ?അരവിന്ദ്‌ ആ കൂട്ടത്തില്‍ പെട്ട ഒരാളാണ്...പക്ഷെ സാധാരണ ഇത്തരകാരില്‍ കാണുന്നത് പോലെ നിസ്സാരമായ ഒരു പേടി മാത്രമല്ല ഇയാള്‍ക്ക്...അങ്ങനെ ഉണ്ടാവുന്ന അവസ്സരങ്ങളില്‍ ഇയാള്‍ വല്ലാതെ വയലെന്‍റ് ആകും...സ്ഥലകാല ബോധം നഷ്ടപെടും...പിന്നെ എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത് എന്ന് പ്രവചിക്കാന്‍ സാധ്യമല്ല...അങ്ങനെ ഒരിക്കല്‍ അയാള്‍ അബോധാവസ്ഥയില്‍ ചെയ്തുപോയതാണ് അത്...സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നതിന്‍റെ ആഘാധം അയാളില്‍ നിന്നും ഇപ്പോളും പൂര്‍ണ്ണമായും വിട്ടു പോയിട്ടില്ല...അവരാണ് അവന്‍റെ ചിത്രങ്ങളില്‍ മുഴുവനും...അവരോടുള്ള തീരാ സ്നേഹമാണ് അവന്‍റെ എല്ലാ രചനകളിലും പ്രതിഫലിക്കുന്നത്..."
"ദീപക്‌ സര്‍ പറഞ്ഞു കേട്ടതും പിന്നെ എന്‍റെ ഈ ചെറിയ കാലയളവിലുള്ള അനുഭവങ്ങളില്‍ ഒന്നും ഇതിനു സമാനമായ സംഭവം കേട്ടിട്ടില്ല...തീര്‍ച്ചയായും ഇത് എനിക്ക് പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും..."
"ഉം...ശരിയാണ്...അപ്പോള്‍ ഇന്ന് മുതല്‍ തന്നെ നീ നിന്‍റെ നിരീക്ഷണങ്ങള്‍ തുടങ്ങികൊള്ളൂ...ഏതൊക്കെ അവസ്സരങ്ങളിലാണ് ഇയാള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കണം ആദ്യം...അതിനു ശേഷം വേണം അതിന്‍റെയൊക്കെ കാരണങ്ങള്‍ അന്വഷിക്കാന്‍...എന്താണെന്ന് വെച്ചാല്‍ സാധാരണ അക്വാഫോബിയ ഉള്ളവര്‍ക്ക് പുഴയിലും കടലിലും ഒക്കെ ഇറങ്ങാനോ നിന്താണോ സാധ്യമല്ല...പക്ഷെ അരവിന്ദ്‌ ചെറുപ്പത്തിലേ നിന്തല്‍ പഠിച്ചതാണു...വേണ്ടി വന്നാല്‍ കടലില്‍ പോലും അയാള്‍ നിന്തും...പക്ഷെ ചിലപ്പോള്‍ ഒരു ചെറിയ അരുവി,അല്ലെങ്കില്‍ കുത്തിയൊഴുകുന്ന ഒരു പുഴയുടെ ശബ്ദം...അത് മതി അവന്‍റെ മനോനില തകരാന്‍... അതിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ ഇപ്പോഴും നമ്മുക്ക് നിഗൂഡാമാണ്..."
"അങ്ങനെയാവട്ടെ സര്‍..."
"പിന്നെ അയാളെ അധികം പെടികേണ്ട ആവശ്യമൊന്നുമില്ല...അയാള്‍ ഇപ്പോള്‍ ഏതൊരു സാധാരണ മനുഷ്യനെകാള്‍ ശാന്താനാണ്..."തോമസ്‌ സര്‍ ഓര്‍മിപ്പിച്ചു...
"എനിക്ക് അങ്ങനെ ഒരു പേടിയെ ഇല്ല സര്‍...അയാളോട് എനിക്കുള്ളത് സഹതാപവും പിന്നെ അയാളുടെ ഉള്ളിലെ കലകാരനോടുള്ള ബഹുമാനവും മാത്രമാണ്..."ഞാന്‍ പറഞ്ഞു...
അന്ന് വൈകിട്ട് തന്നെ ഞാന്‍ അരവിന്ദിനെ കാണാന്‍ വേണ്ടി അയാളുടെ മുറിയില്‍ പോയി...അവിടെ അയാള്‍ തന്‍റെ ചിത്രങ്ങള്‍ നോക്കി ഇരിക്കുകയായിരുന്നു അപ്പോള്‍...
"ഏയ്‌ എനിക്കകത്തു പ്രവേശിക്കാമോ???" തമാശയോടെ ഞാന്‍ ചോദിച്ചു...
"ഹാ ഹാ ഹാ ഞാന്‍ വേണ്ടെന്നു പറഞ്ഞാല്‍ മാഡം തിരിച്ചു പോകുമോ???"ഒരു കുസൃതി ചിരിയോടെ അയാള്‍ തിരിച്ചു ചോദിച്ചു...
"ആഹാ നല്ല തമാശകാരനാനെല്ലോ...എന്നാലും രാവിലെ എന്നോട് അങ്ങനെ പറഞ്ഞത് എനികിഷ്ടപെട്ടില്ല കേട്ടോ...സത്യം പറഞ്ഞാല്‍ എനിക്ക് സങ്കടം തോന്നി അപ്പോള്‍...എന്നെ അങ്ങനെ കണ്ടത് കൊണ്ട്..."
"എന്ത് പറഞ്ഞതിനാണ്...ഗിന്നി പന്നിയെ പറ്റി പറഞ്ഞാതാണോ???"
"ഉം അത് തന്നെ...ഞാന്‍ ആരാണെന്ന് അറിയും മുമ്പ് അങ്ങനെ ഒരു മുന്‍ധാരണ വെച്ചത് മോശമായി പോയി..."ഞാന്‍ ഒന്ന് പരിഭവിച്ചു...
"ഓ അത്...മാടത്തിന് അങ്ങനെ സങ്കടം തോന്നിയെങ്കില്‍ എന്നോട് ക്ഷമിക്കു...ഇനി അങ്ങനെയൊന്നും പറയില്ല..."
"ഏയ്‌ അതിന്‍റെ ആവശ്യമില്ല...പിന്നെ ഈ മാഡം വിളി അരോചകമാണ്...എന്നെ പേര് വിളിച്ചാല്‍ മതി..."
"നിങ്ങള്ക്ക് എത്ര വയസ്സായി..."ഒരു കള്ളാ ചിരിയോടെ അയാള്‍ ചോദിച്ചു...
"ഏയ്‌ അത് വേണ്ട...പെണ്ണുങ്ങളോട് വയസ്സ് ചോദിക്കരുത്..."ഞാന്‍ തമാശ രൂപേണ പറഞ്ഞു...
"ഹാ ഹാ ഹാ എനിക്ക് ഇരുപത്തി ഒന്നേ ആയുള്ളൂ...നിങ്ങള്‍ക്ക് അതില്‍ കുറവാണോ?"
"അല്ല ഞാനാണ് അപ്പോള്‍ മൂത്തത്..."
"അപ്പോള്‍ ഞാന്‍ നിങ്ങളെ എങ്ങനെ പേര് വിളിക്കും...ഞാന്‍ ചേച്ചി എന്ന് വിളിക്കാം...പോരെ..."
"ഏയ്‌ അങ്ങനെ വിളിക്കാന്‍ മാത്രമുള്ള വ്യത്യസമൊന്നുമില്ല...എന്നാലും അങ്ങനെ വിളിക്കുന്നത്‌ കൊണ്ട് എനിക്കെതിരില്ല..."ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു...
"ഹാ ഹാ ഹാ ഇനി ഇപ്പൊ എതിരാണെന്ന് പറഞ്ഞാലും ഞാന്‍ അങ്ങനെയേ വിളിക്കൂ..."
"ഹാ ഹാ ഹാ" ഞാനും പൊട്ടിച്ചിരിച്ചു...
ഒരു പുതിയ ഒരു സൌഹ്യദം നമ്മള്‍ അവിടെ ആരംഭിക്കുകയായിരുന്നു.ഈ കാണുന്ന ചെറിയ ലോകത്ത് തളയ്ക്കപെടേണ്ട ആള്‍ അല്ല അരവിന്ദ്‌ എന്ന് എനിക്ക് മനസ്സിലായി...നല്ല ലോക വിവരമുണ്ട്...അമ്മ മരിച്ചതിനു ശേഷം അവന്‍റെ അച്ഛന്‍ തന്നെയാണ് അവനെ ഇവിടെ എത്തിച്ചത്...പിന്നീട് ഇത് വരെ വേറെ എവിടെയും പോയിട്ടില്ല എന്ന് അവന്‍ എന്നോട് പറഞ്ഞു...ഈ ചുറ്റുപാട് വിട്ടു പോകാന്‍ അവനു മനസ്സ് വരുന്നില്ലത്രേ...ഈ അന്തരീക്ഷം അവനു ശാന്തിയും സമാധാനവും നല്‍കുന്നുണ്ടെന്നു അവന്‍ പറയുന്നു...ഇപ്പൊഴും അവന്‍റെ അച്ഛന്‍ അടക്കം പല ബന്ധുക്കളും അവനെ തിരികെ കൊണ്ടുപോകാന്‍ വേണ്ടി വരാറുണ്ടത്രേ...അരവിന്ദ്‌ സമ്മതിക്കാത്തത് കൊണ്ട് മാത്രമാണ് ഇപ്പോഴും ഇവിടെ നില്‍ക്കുന്നത്...പിന്നെ തോമസ്‌ സര്‍ അധികം എതിര്‍ക്കില്ലത്രേ...സര്‍ ആണത്രേ അവന്‍റെ ഉള്ളിലെ ചിത്രകാരനെ പരിപോക്ഷിപ്പിചെടുത്തത്‌...അത് പറയുമ്പോള്‍ അവന്‍റെ കണ്ണുകളില്‍ ആ നന്ദി തിളങ്ങുന്നുണ്ടായിരുന്നു...
വളരെ നാളത്തെ സൌഹ്യദത്തിനു ശേഷമാണ് ഞാന്‍ അരവിന്ദിനോട് അവന്‍റെ ജീവിതത്തില്‍ സംഭവിച്ച ആ വലിയ ദുരന്തത്തെ പറ്റി ചോദിച്ചത്...ആദ്യം അവന്‍ പിന്മാറുകയാണ് ഉണ്ടായത്...പിന്നീട് രണ്ടു മൂന്നു തവണയും ഞാന്‍ അതിനെ കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു...ഒടുവില്‍ ഒരിക്കല്‍ അവന്‍ തന്നെ ആ സംഭവം എനിക്ക് വിവരിച്ചു...
"എനിക്ക് ആ ദിവസ്സത്തെ പറ്റി ചിന്തിക്കാനേ ഇഷ്ട്ടമല്ല...അന്ന് ഞാന്‍ അമ്മയുടെ കൂടെ നമ്മുടെ പുതിയ വീട് പണിയുന്ന സ്ഥല്ലത്തെക്ക് പോയതായിരുന്നു...സാധാരണ നമ്മള്‍ പോകുന്ന വഴിയില്‍ എന്തോ പണി നടക്കുന്നത് കാരണം വേറെ വഴിയാണ് പോയത്.ഒരു തോടിന്‍റെ ഓരത്ത് കൂടി വേണം കുറച്ചു ദൂരം പോകാന്‍...അമ്മയോട് ഞാന്‍ പറഞ്ഞിരുന്നു അത് വഴി പോകാന്‍ എനിക്കു പേടിയാണെന്ന്...അമ്മ എന്നോട് കണ്ണടച്ച് അമ്മയുടെ കൈ പിടിച്ചു നടന്നോളാന്‍ പറഞ്ഞു അപ്പോള്‍...ഞാന്‍ അങ്ങനെ തന്നെ ചെയ്തു പക്ഷെ ഇടയ്ക്ക് വെച്ച് കണ്ണ് തുറന്നു പോയ ഞാന്‍ കാണുന്നത് ഇരുണ്ട നിറത്തില്‍ ഒഴുകുന്ന ആ തോടിന്‍റെ വന്യതയാണ്...പെട്ടെന്ന് മനോനില തെറ്റിയ ഞാന്‍ അമ്മയെ മുറുകെ കെട്ടിപിടിച്ചു കരഞ്ഞു...ഞാന്‍ അപ്പോള്‍ അമ്മയുടെ കഴുത്തിലാണ് പിടിച്ചത് എന്ന് എനിക്കു മനസ്സിലായില്ല...എന്‍റെ കൈകള്‍ക്കിടയില്‍ പെട്ടു അമ്മ പിടയുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ അപ്പോളത്തെ അവസ്ഥയില്‍ എനിക്കു സാധിച്ചില്ല...അഞ്ജാതമായ എന്തോ ഒരു ഭയം മാത്രമായിരുന്നു എന്റെ ഉള്ളില്‍ അപ്പോള്‍...,...ഏതാനും മിനുട്ടിനുള്ളില്‍ എന്റെ ബോധം മര്രഞ്ഞു...പിന്നെ ബോധം തെളിയുമ്പോള്‍ കേട്ടത് എന്‍റെ അമ്മയുടെ..."
അത് മുഴുമിക്കാന്‍ അവനു സാധിച്ചില്ല...അപ്പോഴേക്കും അവന്‍ പൊട്ടി കരയുകയായിരുന്നു...ഞാന്‍ സ്നേഹത്തോടെ അവന്‍റെ തലയില്‍ തടവി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു....
"പോട്ടെ അരവിന്ദ്‌ വിട്ടുകള...എല്ലാവര്‍ക്കും കാണും ഇത് പോലെ ഓരോരോ ദുഖങ്ങള്‍...നമ്മുക്ക് വേറെ എന്തെങ്കിലും കാര്യം സംസാരിക്കാം..."
പിന്നെ കുറച്ചു ദിവസ്സതെക്ക് ഞാന്‍ അവനോടു അതിനെ പറ്റി ഒരു കാര്യവും ചോദിച്ചില്ല...പക്ഷെ ഒരിക്കല്‍ അവന്‍ എന്നോട് ഇങ്ങോട്ട് ചോദിച്ചു...
"എന്നാലും ചേച്ചി...എന്തായിരിക്കും എന്‍റെ ഈ അവസ്ഥയ്ക്ക് പിന്നിലുള്ള കാരണം...ഞാന്‍ എത്ര ആലോചിച്ചിട്ടും അത് കണ്ടു പിടിക്കാന്‍ പറ്റിയിട്ടില്ല...ഏഴു വയസ്സുള്ളപ്പോഴാണ് ഞാന്‍ നീന്താന്‍ പഠിച്ചത്...നാട്ടില്‍ ഉള്ള പുഴയില്‍ ഞാന്‍ എത്ര നീന്തിയിട്ടുള്ളതാ...പക്ഷെ എന്നിട്ടും ആ ചെറിയ തോട് എന്‍റെ മനോനില തെറ്റിച്ചു...എന്‍റെ ജീവിത ദിശ തന്നെ മാറ്റിമറിച്ചു...ഡോക്ടര്‍ തോമസ്‌ വര്‍ഷങ്ങളായി ശ്രമിച്ചിട്ടും കിട്ടാത്ത ആ നിഗൂഡത ചേച്ചിക്ക് കണ്ടെത്താന്‍ സാധിക്കുമോ?"
"നമ്മുക്ക് അതിനായി ശ്രമിച്ചാലോ എന്നാല്‍...,ഇത്ര ദിവസം ഞാന്‍ കാത്തിരുന്നത് നിന്‍റെ സമ്മതത്തിനു വേണ്ടിയായിരുന്നു...നമ്മുക്ക് ചില ശ്രമങ്ങള്‍ നടത്തിയാലോ എങ്കില്‍..???"ഞാന്‍ അത്യധികം ആവേശത്തോടെ ചോദിച്ചു...
"എനിക്കു പൂര്‍ണ്ണ സമ്മതമാണ്...ചേച്ചിയെ എനിക്കു നല്ല വിശ്വാസമുണ്ട്...എന്നെ സങ്കടപെടുത്തുന്ന ഒരു കാര്യവും ചേച്ചി എന്നോട് ചെയ്യില്ല എന്ന് എനിക്കറിയാം..."
"എങ്കില്‍ നമ്മുക്ക് അവിടെ തന്നെ പോയാലോ...നമ്മുടെ ആ പഴയ തോട്ടിന്‍ കരയിലേക്ക്..."
"അയ്യോ ചേച്ചി അത് വേണോ...ആ സ്ഥലം...അതും ചേച്ചിയുടെ കൂടെ...വീണ്ടും പഴയത് പോലെ എന്തെങ്കിലും സംഭവിച്ചാല്‍....,..."
"ഏയ്‌ ഇങ്ങനെ പേടിക്കാതെ...നമ്മുടെ കൂടെ ദീപക്‌ സാറും കാണും...അപ്പോള്‍ നമ്മുക്ക് നാളെ തന്നെ അരവിന്ദിന്‍റെ നാട്ടിലേക്കു പോകാം...എന്താ?"
"ഉം..."അര്‍ദ്ധ മനസ്സോടെ അവന്‍ സമ്മതിച്ചു...
പിറ്റേന്ന് തന്നെ നമ്മള്‍ അവന്‍റെ നാട്ടിലേക്ക് തിരിച്ചു...പോകുന്നതിനു മുമ്പ് അരവിന്ദിന്‍റെ അച്ഛനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്നു...വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ മകന്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലായിരുന്നു ആ പാവം മനുഷ്യന്‍...അവിടെ എത്തിയ ഉടനെ നേരെ അവന്‍റെ വീട്ടിലേക്കാണ് നമ്മള്‍ പോയത്...ആ വീടിന്‍റെ പണി നടക്കുന്ന കാലത്താണ് ആ ദുരന്തം സംഭവിക്കുന്നത്....അരവിന്ദ്‌ ആ വീട്ടിലക്ക് ആദ്യമായി പോകുകയായിരുന്നു...അവനെ കണ്ട ഉടനെ അവന്‍റെ അച്ഛനും മറ്റു അടുത്ത ബന്ധുക്കളും സന്തോഷം കൊണ്ട് കരയുകയായിരുന്നു...പിന്നെയുള്ള രണ്ടു മൂന്നു ദിവസം ശരിക്കും ഉത്സവമായിരുന്നു...പട്ടണത്തില്‍ ജീവിച്ചു വളര്‍ന്ന എനിക്കു ആ അന്തരീക്ഷം വളരെ രസകരമായി അനുഭവപെട്ടു...ദീപക്‌ സാറും ആ അന്തരീക്ഷം ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു...അതിനിടയില്‍ സത്യത്തില്‍ നമ്മള്‍ അവിടെ പോയതിന്‍റെ കാര്യം തന്നെ മറന്നിരുന്നു...മൂന്നാം ദിവസം വൈകുനേരം ഞാന്‍ അവനെ അത് ഓര്‍മിപ്പിച്ചു...
"അരവിന്ദ്‌ നമ്മുക്ക് നമ്മുടെ ആ തോട്ടിന്‍ കരയില്‍ പോവണ്ടേ?"
അവന്‍റെ മുഖം വാടുന്നതു ഞാന്‍ ശ്രദ്ധിച്ചു...ദീപക്‌ സര്‍ കാര്യങ്ങള്‍ അവന്‍റെ അച്ഛനെ ധരിപ്പിച്ചു...
"എനിക്കു വിരോധമൊന്നുമില്ല...പക്ഷെ സൂക്ഷിക്കണം...ഞാന്‍ വേണമെങ്കില്‍ രണ്ടു പേരെ നിങ്ങളുടെ കൂടെ വിടാം..." അരവിന്ദിന്‍റെ അച്ഛന്‍ പറഞ്ഞു...
"ശരി എങ്കില്‍ അങ്ങനെയാവട്ടെ" ദീപക്‌ സര്‍ സമ്മതിച്ചു
ഞങ്ങള്‍ അങ്ങനെ അവിടെ എത്തി...അരവിന്ദും ഞാനും മുമ്പില്‍ നടന്നു...ബാക്കി ഉള്ളവര്‍ പിന്നാലെ നമ്മളെ അനുഗമിച്ചു...കുറച്ചകലെ തോട് കണ്ടതോടു കൂടി അരവിന്ദ്‌ ഭയം കൊണ്ട് ആകെ കുഴയുന്നതായി തോന്നി...
"ചേച്ചി മതി നമ്മുക്ക് പോകാം...എനിക്ക് വയ്യ മുന്നോട്ടേക്കു വരാന്‍... തല കറങ്ങുന്നതുപോലെ തോന്നുന്നു..."അവന്‍ എന്നെ നോക്കി പറഞ്ഞു...
"എന്തിനാണ് അരവിന്ദ്‌ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്...മനസ്സില്‍ ധൈര്യം സംഭരിച്ചു മുന്നോട്ടു നടക്കു...നിനക്കതിനു കഴിയും എന്ന് മനസ്സില്‍ ഉറപ്പിക്കൂ..."
"ഇല്ല ചേച്ചി എനിക്ക് പറ്റില്ല...ഞാന്‍ ഇവിടെ നില്‍ക്കാം...നിങ്ങള്‍ പോയികൊള്ളൂ..."
"ശരി എങ്കില്‍ നീ ഇവിടെ നില്‍ക്കു...ഞങ്ങള്‍ പോയിട്ട് വരാം"
ഞാനും ദീപക്‌ സാറും അവിടെ കുറെ നേരം ചിലവഴിച്ചു...നമ്മുടെ കൂടെ വന്ന നാട്ടുകാര്‍ തോട്ടില്‍ ഇറങ്ങി നമ്മുക്കായി കുറച്ചു ചെറുമീനുകളെ പിടിച്ചു തന്നു...ആ ചെറു തോട്ടില്‍ പേടിക്കാനായി ഒരു നീര്‍ക്കോലിയെ പോലും ഞാന്‍ കണ്ടില്ല...അക്വാഫോബിയുടെ വിവിധ ലക്ഷണങ്ങളെ പറ്റി വിവരിക്കുകയായിരുന്നു ദീപക്‌ സര്‍ അപ്പോള്‍...പക്ഷെ ഈ സമയങ്ങളില്‍ എല്ലാം തന്നെ അരവിന്ദ്‌ അങ്ങ് ദൂരെ മാറി ഇരിക്കുകയായിരുന്നു...നമ്മള്‍ ഇവിടെ ചെയ്യുന്നത് ഒന്നും അയാള്‍ നോക്കുന്നതെ ഇല്ലായിരുന്നു...നേരം ഇരുട്ടി തുടങ്ങുമ്പോഴേക്കും നമ്മള്‍ തിരിച്ചു നടന്നു...തോട്ടില്‍ നിന്ന് പിടിച്ച മീനുകളെ കാണിച്ചു ഞാന്‍ അവനോടു ചോദിച്ചു...
"അരവിന്ദ്‌ എന്ത് രസമായിരുന്നു അവിടെ...നോക്കു ഈ മീനുകളെ നമ്മള്‍ ഈ തോട്ടില്‍ നിന്നു പിടിച്ചതാണ്...നാളെ നമ്മുക്കൊരുമിച്ചു മീന്‍ പിടിക്കാം എന്താ???"
"എനിക്കാഗ്രഹമില്ലഞ്ഞിട്ടല്ല ചേച്ചി...പക്ഷെ..." അവന്‍ മുഴുമിച്ചില്ല...
"നീ ഒന്നും പറയേണ്ട.നീ പറയുന്ന കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇത് വല്ല ഭീകരമായ തോടായിരിക്കും എന്ന്...ഈ ചെറു തോടിനെയാണോ നീ ഇത്രയ്ക്കും ഭയപെടുന്നത്...അയ്യേ നാണകെട്..."
അവന്‍ അതിനു മറുപടിയൊന്നും പറഞ്ഞില്ല...
പിറ്റേ ദിവസ്സവും നമ്മള്‍ അവിടെ പോയി...അന്നും അവന്‍ തോടിനടുതെക്ക് വന്നില്ല...പക്ഷെ നമ്മള്‍ ചെയ്യുന്നതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...ഏതാണ്ട് പത്തു ദിവസം നമ്മള്‍ ഇതേ പോലെ തുടര്‍ന്നു...പത്താം ദിവസം അവന്‍ നമ്മുടെ ഒപ്പം തോടിനടുതെക്ക് വന്നു...അവന്‍റെ മുഖത്ത് ഭയം പ്രകടമായിരുന്നു...ഞാന്‍ ധൈരം പകരാന്‍ വേണ്ടി അവന്‍റെ കൈകളില്‍ മുറുകെ പിടിച്ചു...ഭയം മൂര്‍ച്ചിചപ്പോള്‍ അവന്‍ കണ്ണുകളടച്ചു...
"എന്നാല്‍ അരവിന്ദ്‌ നമ്മുക്ക് തിരികെ പോകാം..."ദീപക്‌ സര്‍ പറഞ്ഞു...
അന്ന് നമ്മള്‍ തിരിച്ചുപോയി...പക്ഷെ അത്ഭുതമെന്നു പറയട്ടെ രണ്ടു മൂന്നു ദിവസ്സങ്ങള്‍ക്കുള്ളില്‍ അവന്‍റെ ഭയം പൂര്‍ണമായും ഇല്ലാതായി...മീന്‍ പിടിക്കാന്‍ അവന്‍ നമ്മളെകാള്‍ ഉല്‍സാഹതോടെ തോട്ടില്‍ ഇറങ്ങി തുടങ്ങി.എന്‍റെ മനസ്സ് സന്തോഷംകൊണ്ട് തുള്ളിചാടി...
"നോക്കു സര്‍ അരവിന്ദ്‌ ഇപ്പോള്‍ എത്ര മാറിയിരിക്കുന്നു...ഇത്ര പെട്ടെന്ന് ഈ മാറ്റം ഞാന്‍ പ്രതീക്ഷിച്ചില്ല..." ഞാന്‍ ദീപക്‌ സാറിനോട് പറഞ്ഞു...
"ഉം..." സര്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു...
പിന്നെയും ഒരാഴ്ച നമ്മള്‍ അവിടെ തങ്ങി...അപ്പോഴേക്കും വീട്ടുകാരുടെ കൂടെയുള്ള സഹവാസം അരവിന്ദ്‌ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു...അവിടം വിട്ടു തിരിച്ചു പോരാന്‍ അവനു മടിയുള്ളതായി ഞാന്‍ മനസ്സിലാകി...പോകുന്നതിനു മുന്‍പ് ഞാന്‍ അവന്‍റെ അച്ഛനോട് സംസാരിച്ചു...
"അരവിന്ദ്‌ ഇപ്പോള്‍ വളരെ മാറിയിരിക്കുന്നു...ഇനി കുറച്ചു നാള്‍ക്കകം അവനെ നിങ്ങള്ക്ക് പൂര്‍ണ്ണമായും ലഭിക്കും...ഞാന്‍ വാക്ക് തരുന്നു...ഇപ്പോള്‍ നമ്മള്‍ പോവുകയാണ്...ഇനിയും വരാം അധികം താമസികാതെ തന്നെ..."
"നിന്നെ ഞാന്‍ വിശ്വസിക്കുന്നു മോളെ...ഞങ്ങളും അതിനായി കാത്തിരിക്കുകയാണ്..."പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു...
ഞങ്ങള്‍ അങ്ങനെ തിരിച്ചു യാത്രയായി...പ്രതീക്ഷത്തിലും വലിയ ഒരു മാറ്റമാണ് എനിക്ക് അരവിന്ദില്‍ കാണാന്‍ ആയത്...എന്നെ കൊണ്ട് അതിനു സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊണ്ടു.പക്ഷെ ദീപക്‌ സാറിന് അത്രയ്ക്കും സന്തോഷം ഉണ്ടായിരുന്നില്ല...എന്തൊക്കെയോ ചില സംശയങ്ങള്‍ ആ മുഖത്തുള്ളത് പോലെ എനിക്ക് തോന്നി...തന്‍റെ പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചു എന്ന് അരവിന്ദിനും തോന്നിയിരുന്നു...
പിന്നീട് ഒരിക്കലും അരവിന്ദ്‌ അവന്‍റെ മുറിയില്‍ മാത്രമായി ചടഞ്ഞുകൂടി ഇരുന്നിരുന്നില...അവന്‍ വളരെ അധികം ഉല്ലാസാവാനായി കാണപെട്ടു...അങ്ങനെ ഇരിക്കേ ഒരു ദിവസം ദീപക്‌ സര്‍ എന്നോടു പറഞ്ഞു...
"ശ്രുതി നാളെ നമ്മുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്...അരവിന്ദിനെയും കൂടി കൂട്ടിക്കോ"...

"ശരി സര്‍..." ഞാന്‍ സമ്മതിച്ചു...
പിറ്റേന്ന് നമ്മള്‍ ആ സ്ഥലത്തേക്ക് പുറപ്പെട്ടു...ഇവിടുന്നു ഏതാണ്ട് പത്തു മുപ്പതു കിലോമീറ്റര്‍ കടന്നിരുന്നു അവിടെ എത്തിയപ്പോള്‍...ദീപക്‌ സര്‍ എന്നോടും അരവിന്ദിനോടുമായി പറഞ്ഞു...
"പിള്ളേരെ ഇനി നമ്മുക്ക് ഇറങ്ങി നടക്കാം...ഇവിടുന്നു മുന്നോട്ടേക്കു ഇനി വണ്ടി പോവില്ല...നല്ല രസമുള്ള ഒരു പ്രദേശമുണ്ട് ഇവിടെ...വേഗം വാ..."
നമ്മള്‍ സാറിന്‍റെ പിന്നാലെ നടന്നു...ദുര്‍ഘടമായ വഴികളായിരുന്നു പിന്നീട് താണ്ടെണ്ടി വന്നത്...അതും കാട്ടിലൂടെ...സത്യത്തില്‍ എനിക്ക് പേടി ഉണ്ടായിരുന്നു അപ്പോള്‍...പക്ഷെ അരവിന്ദ്‌ വളരെ ഉത്സാഹത്തോടുകൂടി കാണപെട്ടു...കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അങ്ങ് ദൂരെ നിന്നു ഇരമ്പി ഒഴുകുന്ന ഒരു കാട്ടരുവിയുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി...അതോടെ അരവിന്ദിന്‍റെ മുഖത്ത് ഭയം പ്രകടമായി തുടങ്ങി...അവന്‍ എന്‍റെ കൈ മുറുകെ പിടിച്ചു പറഞ്ഞു...
"ചേച്ചി മതി...എനിക്ക് വീണ്ടും പഴയ പോലെ എന്തൊക്കെയോ തോന്നുന്നു...ഇനി മുന്നോട്ടു പോവേണ്ട എന്ന് പറ ഡോക്ടറോട്..."
"എന്താ അരവിന്ദ്‌ ഇത്...നിന്റെ ഭയമൊക്കെ പോയതല്ലേ...നീ ഒരുകാലത്ത് ഭീകരമായി കരുതിയിരുന്ന തോട്ടില്‍ നിന്നും നീ തന്നെ മീന്‍ പിടിച്ചത് ഇത്ര പെട്ടെന്ന് മറന്നോ..." ഞാന്‍ അവനോടു ചോദിച്ചു...
"അതൊക്കെ ശരി തന്നെ പക്ഷെ ഇപ്പോള്‍ എനിക്ക് അങ്ങോട്ടേക്ക് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല ചേച്ചി ...നമ്മുക്ക് പിന്നീട് ഒരിക്കല്‍ വരാം..."
"പറ്റില്ല" അത് പറഞ്ഞത് ദീപക്‌ സര്‍ ആയിരുന്നു...
ദീപക്‌ സര്‍ അരവിന്ദിന്‍റെ കൈകള്‍ ഭലമായി പിടിച്ചു മുന്നോട്ടു നടന്നു...അവന്‍ കണ്ണടച്ച് ചേച്ചി ചേച്ചി എന്ന് ഉറക്കെ വിളിച്ചു കരയുകയായിരുന്നു അപ്പോള്‍...
"സര്‍ മതി നമ്മുക്ക് പിന്നീടൊരു ദിവസം ശ്രമിക്കാം..."ഞാന്‍ ദീപക്‌ സാറിനോട് അപേക്ഷിച്ചു.പക്ഷെ അദ്ദേഹം അത് കേട്ട ഭാവം നടിച്ചില്ല...
അവനെ സമാധാനിപ്പിക്കാനായി ഞാന്‍ അവന്‍റെ കയ്യ്കളില്‍ മുറുകെ പിടിച്ചു...പുഴയുടെ ശബ്ദം കൂടി കൂടി വന്നുകൊണ്ടേയിരുന്നു...അവന്‍റെ കരച്ചിലിന്‍റെ ശബ്ദവും...ഒടുവില്‍ പുഴയുടെ അടുത്തെത്തി...കുത്തി ഒളിച്ചു ഒഴുകുന്ന ഏതോ ഒരു കാട്ടു ചോല ആയിരുന്നു അത്...ദീപക്‌ സര്‍ അവന്‍റെ കണ്ണുകളെ ഭലമായി തുറപ്പിച്ചു...വന്യമായി ഒഴുകുന്ന ആ കാട്ടരുവി കണ്ടതോടുകൂടി അവന്‍ മോഹാലസ്യപ്പെട്ടു വീണു...ഞാനും ദീപക്‌ സാറും കൂടി അവനെ താങ്ങിയെടുത്തു വണ്ടിയിലെതിച്ചു...നമ്മള്‍ ആശുപത്രിയിലേക്ക്‌ തിരിച്ചു പോയി...
അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല...എല്ലാം ശരിയായി എന്നായിരുന്നു ഇത്ര ദിവസ്സവും ഞാന്‍ കരുതിയത്‌...പക്ഷെ ഇന്നത്തോടെ മനസ്സിലായി ആ ധാരണ തെറ്റായിരുന്നു എന്ന്...ഉറക്കം വരാത്തതിനാല്‍ ഞാന്‍ ദീപക്‌ സാറിന്‍റെ മുറിയില്‍ പോയി...അദ്ദേഹവും അവിടെ ഉറങ്ങാതെ ഏതോ ആലോചിച്ചു നില്‍ക്കുകയായിരുന്നു...
"സര്‍..." ഞാന്‍ പതുക്കെ അദ്ദേഹത്തെ വിളിച്ചു...
"ങാ ശ്രുതി...ഞാന്‍ നിന്നെ പ്രതീക്ഷിച്ചിരിക്കുകയ്യായിരുന്നു...എനിക്കറിയാം ഇന്ന് നിനക്ക് ഉറങ്ങാന്‍ ആവില്ല എന്ന്..."
"സത്യമാണ് സര്‍...എല്ലാം നേരെയായി എന്ന് കരുതിയതാണ്...അതില്‍ ഞാന്‍ വളരെ സന്തോഷിക്കുകയും ചെയ്‌തിരുന്നു...പക്ഷെ എല്ലാ ധാരണകളും തകിടം മറിഞ്ഞില്ലേ ഇന്ന്..."
"ഉം...അത് ശരിയാണ്...അതില്‍ നീ ഇത്രയ്ക്കു വിഷമിക്കേണ്ടകാര്യമൊന്നുമില്ല...ഇത് തന്നെയാണ് എല്ലാ ഫോബിയകളുടെയും കുഴപ്പം...എന്താണ് വ്യക്തമായ കാരണം എന്ന് ആര്‍ക്കും ഇത് വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല...കുറെ ദിവസ്സത്തെ നിരന്തരമായ സമ്പര്‍ക്കം കാരണമാണ് അരവിന്ദിന് ആ ചെറു തോടിനോടുള്ള ഭയം മാറിയത്...പക്ഷെ അത് പോലത്തെ മറ്റൊരു അന്തരീക്ഷത്തില്‍ എത്തിയപ്പോള്‍ ആ പഴയ പേടി വീണ്ടും വന്നു...കുറച്ചു ദിവസം അവിടെ പോയാല്‍ അതും മാറും...പക്ഷെ പിന്നീട് വേറെ ഏതെങ്കിലും സമാന അവസ്സരത്തില്‍ ഭയം വരിക തന്നെ ചെയ്യും...ശാശ്വതമായ ഒരു പ്രതിവിധി ഇത്തരം ഭയങ്ങള്‍ക്ക് ഇല്ല...പിന്നെ ശ്രുതി ഒന്ന് മനസ്സിലാക്കണം...മനുഷ്യന് ഇപ്പോഴും ഈ ലോകത്തെ യഥാര്‍ത്ഥ നിഗൂഡതകള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല...ഇങ്ങനെയുള്ള അവസ്സരങ്ങളിലാണ് നമ്മള്‍ ഡോക്ടര്‍മാര്‍ പോലും പുനര്‍ജ്ജന്മം പോലുള്ള കാര്യങ്ങളില്‍ വിശ്വസിച്ചു പോകുന്നത്...ഒരു പക്ഷെ ഏതെങ്കിലും പൂര്‍വ ജന്മത്തിന്‍റെ ബാക്കിപത്രമായിരിക്കും ഇത്തരം ഭയങ്ങള്‍ ഒക്കെ..."
"എന്നാലും സര്‍...ഇനി ഞാന്‍ എങ്ങനെ അരവിന്ദിനെ സമാധാനിപ്പിക്കും...അവനും ഒരു പാട് സന്തോഷിച്ചിരുന്നു..."
"അതൊന്നും സാരമില്ല...നമ്മുക്ക് വഴിയെ പറഞ്ഞു ധരിപ്പിക്കാം...പിന്നെ ശ്രുതി നമ്മള്‍ ഇനി ഒരാഴ്ച കൂടിയേ ഉള്ളു ഇവിടെ...അത് മറക്കേണ്ട..."
സത്യമാണ്...ഇത്രയും ദിവസം കടന്നു പോയത് ഞാന്‍ അറിഞ്ഞതേയില്ല...സത്യത്തില്‍ ഇവിടെ നിന്ന് വിട്ടു പോകാന്‍ തോന്നുന്നേയില്ല ഇപ്പോള്‍..,..
പിറ്റേന്ന് ഞാന്‍ അരവിന്ദിനോട് സംസാരിച്ചു...ഞാന്‍ പ്രതീക്ഷിച്ചത് പോലെ നിരാശ അവനില്ലായിരുന്നു...
"ചേച്ചി വിഷമികേണ്ട...എനിക്ക് ഇത്രയെങ്കിലും മാറ്റം വന്നത് നിങ്ങള്‍ വന്നതിനു ശേഷമാണ്...ഞാന്‍ മറക്കില്ല നിങ്ങളെ...ഒരിക്കലും..." എന്‍റെ കൈ പിടിച്ചവന്‍ പറഞ്ഞു...
"അത് മാത്രമല്ലെടാ ഞാന്‍ ഇനി കഷ്ടിച്ച് ഒരാഴ്ച കൂടിയേ ഇവിടെ ഉണ്ടാകു..." അത് പറയുമ്പോള്‍ ഞാന്‍ ഒന്ന് വിതുമ്പി പോയി...
"ഹാ ഹാ ഹാ ഇതെന്താ ഈ കാണുന്നത്...ഇതിപ്പോ ചേച്ചിയെ ഞാന്‍ സാമധാനിപ്പികേണ്ട ഗതികെടായല്ലോ..." അവന്‍ ചിരിച്ചോണ്ട് പറഞ്ഞു...
"ഒരു ചെറിയ വിഷമം തോന്നി അത്രയെ ഉള്ളു...ഇവിടുന്നു പോയാലും ഇടയ്ക്കൊക്കെ ഞാന്‍ ഇവിടെ വരും...പിന്നെ നിന്നെ എന്‍റെ നാട്ടില്‍ കൊണ്ട് പോകുകയും ചെയ്യും..." ഞാന്‍ കരച്ചില്‍ മറച്ചുവെച്ച് കൊണ്ട് പറഞ്ഞു...
"വിളിച്ചാല്‍ മതി ഞാന്‍ പറന്നെത്തും...ഇനി ബാക്കി ഉള്ള ഒരാഴ്ച നമ്മുക്ക് ആഘോഷമാക്കാം...എന്താ..."
"അത് പിന്നെ ചോദിക്കാനുണ്ടോ..."ഞാന്‍ സമ്മതിച്ചു...
പിന്നെയുള്ള ഒരാഴ്ച ശരിക്കും ഒരു ഉത്സവം തന്നെ ആയിരുന്നു...ദീപക്‌ സാറും നമ്മുടെ ഒപ്പം കൂടി...പാട്ടും നിര്‍ത്തവും കറക്കവുമൊക്കെയായി ശരിക്കും ആഘോഷിച്ചു...
ഒടുവില്‍ തിരിച്ചു പോവേണ്ട ദിവസ്സമെത്തി...വിവരിക്കാന്‍ പറ്റാത്ത അത്രയും സങ്കടമായിരുന്നു എനിക്ക് അന്ന്...അരവിന്ദിനും നല്ല ദുഖമുണ്ടെന്നു അവന്‍റെ മുഖത്ത് നിന്നും വായിച്ചെടുക്കാം...പോവുന്നതിനു മുമ്പായി അവന്‍ എന്‍റെ അടുക്കല്‍ വന്നു ചോദിച്ചു...
"അമ്മ പോയതില്‍ പിന്നെ ഞാന്‍ സന്തോഷിച്ചത് കഴിഞ്ഞ കുറച്ചു മാസങ്ങളിലായാണ്...ചേച്ചി ഒരേ ഒരാളാണ് അതിനു കാരണം...ഞാന്‍ ഒന്ന് ചോദികട്ടെ???നിങ്ങള്‍ക്ക് എന്നെ ശരിക്കും ഒരു അനുജനായി കാണാന്‍ സാധിക്കുമോ???"
ആ ചോദ്യം എന്നില്‍ അടക്കി പിടിച്ചു വച്ചിരുന്ന കരച്ചിലിനെ പുറത്തെകൊഴുക്കി...അവനെ കെട്ടി പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...
"അത് ഇനി പ്രതേകിച്ചു പറയേണ്ട ആവശ്യമൊന്നുമില്ല...നീ എന്‍റെ അനുജന്‍ തന്നെയാണ്...നിനക്ക് എപ്പോഴും എന്‍റെ വീട്ടിലേക്കു വരാം...ഞാനും വരും നിന്‍റെ അടുത്ത്...ഇടയ്ക്ക് ഇടയ്ക്ക്...ദൈവമാണ് നമ്മളെ ഒന്നിപ്പിച്ചത്..."
"എങ്കില്‍ ചേച്ചി അതികം വൈകിക്കേണ്ട...ഡോക്ടര്‍ പുറത്തു ചേച്ചിയേയും കാത്തു നില്‍പ്പുണ്ട്...അടുത്ത തവണ വരുമ്പോള്‍ ഞാന്‍ നമ്മുടെ ആ കാട്ടുചോലയില്‍ മീന്‍ പിടിചിരിപ്പുണ്ടാവും..."
"ഹാ ഹാ ഹാ...അങ്ങനെ ആയികൊട്ടെ..." ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...
കാര്‍ മുന്നോട്ടേക്കു നീങ്ങി തുടങ്ങി...ദ്രിശ്യത്തിനു മറയുന്നത് വരെ ഞാന്‍ അവനെ തന്നെ നോക്കിയിരുന്നു...കരച്ചില്‍ എന്‍റെ നിയന്ത്രണത്തില്‍ നിന്നേ വിട്ടു പോയിരുന്നു...പക്ഷെ ഒരു കാര്യത്തില്‍ എനിക്ക് വളരെ അധികം സന്തുഷ്ടി ഉണ്ടായിരുന്നു...ഈ യാത്ര എനിക്ക് സമ്മാനിച്ചത് എനിക്ക് കുറെ അനുഭവങ്ങള്‍ മാത്രമല്ല...ഒരു അനുജനെയും എനിക്ക് ലഭിച്ചിരിക്കുന്നു...സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു അനുജന്‍...പക്ഷെ അവന്‍റെ ഭയത്തിന്‍റെ യഥാര്‍ത്ഥ കാരണം മനസിലാക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ നിരാശപെട്ടു...
രാത്രി വളരെ വൈകി നമ്മള്‍ നാട്ടില്‍ എത്തി ചേര്‍ന്നു.എന്നെ വീട്ടില്‍ ആക്കിയതിനു ശേഷം ദീപക്‌ സര്‍ പോയി...നല്ല ക്ഷിണമുണ്ടായിരുന്നു എനിക്ക്...പക്ഷെ ഉറക്കം വരുന്നുമില്ല...ഉറക്കം തീരെ വരാതായപ്പോള്‍ അന്ന് പാതി നിര്‍ത്തി വെച്ച പോയ നോവലിലെ ബാക്കി വരികളിലേക്ക് ഞാന്‍ അലിഞ്ഞു ചേര്‍ന്നു...

************************************************************************************************************************************************************

പടയാളികള്‍ അവന്‍റെ അടുത്തേക്ക് എത്തി കൊണ്ടിരിക്കുന്നു...കടുവയുടെ മുന്നില്‍ അകപെട്ടു പോയ മാന്‍പെടയെ പോലെ അവന്‍ വിറച്ചു...ഒടുവില്‍ ഗത്യന്തരമില്ലാതെ അവന്‍ ആഗാധമായ ആ കൊക്കയിലേക്ക് ഊര്‍നിറങ്ങി...ചെങ്കുത്തായ ഇറക്കത്തില്‍ അവന്‍റെ കാലുകള്‍ ഏതോ പാറയില്‍ തട്ടി...അവന്‍ വീണു...ഉരുണ്ടു ഉരുണ്ടു ഉരുണ്ടു അവന്‍ ചെന്ന് പതിച്ചത് കുത്തിയൊലിച്ചു ഓഴുകുന്ന മ്യുസ് നദിയിലേക്കായിരുന്നു...പുഴയില്‍ ഉള്ള ഏതോ ഒരു കല്ലില്‍അവന്‍റെ തളര്‍ന്ന കൈകള്‍ തടഞ്ഞു...പടയാളികള്‍ താഴേക്ക്‌ ഇരച്ചു എത്തി തുടങ്ങിയിരുന്നു അപ്പോള്‍....പുഴയുടെ നടുവില്‍ പാറ പിടിച്ചു കിടയ്ക്കുന്ന അവനെ കണ്ടതോടെ അവരുടെ ആവേശം കൂടി...കയ്യില്‍ കിട്ടിയ കല്ലും,പാറ കക്ഷണങ്ങലോക്കെ എടുത്തു അവര്‍ അവനെ എറിയാന്‍ തുടങ്ങി...ഗത്യന്തരമില്ലാതെ വന്നപ്പോള്‍ അവന്‍ പുഴയുല്‍ മുങ്ങി കിടന്നു...ശ്വാസം മുട്ടുമ്പോള്‍ വീണ്ടും തല പോക്കും...അത് കാത്തു നില്‍ക്കുന്ന ആ രാക്ഷസ്സന്മാര്‍ വീണ്ടും കല്ലുകള്‍ എറിയാന്‍ തുടങ്ങും...അങ്ങനെ മുങ്ങിയും പൊങ്ങിയും അവന്‍ അവശനായി കഴിഞ്ഞിരുന്നു...മരണം അവന്‍റെ തോട്ടടുത് എത്തിയത് അവന്‍ മനസ്സില്ലാക്കി...പടയാളികളുടെ കയ്യില്‍ അകപെടുന്നതിനെകാള്‍ നല്ലത് മ്യുസ് നദിയുടെ മടിയില്‍ കിടന്നു മരിക്കുന്നതാണ്...ഒടുവില്‍ തന്‍റെ അവസാന ശ്വാസതിനായി തല ഉയര്‍ത്തിയ അവന്‍റെ മുഖത്ത് ആസകലം പടയാളികള്‍ അമ്പുകള്‍ പായിച്ചു...പതിയെ അവന്‍റെ കണ്ണുകള്‍ അടഞ്ഞു...കുത്തി ഒലിച്ചോഴുകുന്ന ജലം അവന്‍റെ കണ്ണുകളിലെ അവസാന കാഴ്ചയായി...മ്യുസ് നദിയുടെ വന്യമായ ഇരമ്പല്‍ അവന്‍റെ കാതുകളില്‍ അവസാന നാദവുമായി ...

No comments:

Post a Comment

Thanks for your valuable comments and keep in touch