followers

Saturday, February 25, 2012

അഹല്യ

“ആ ആ…………………..”

ഒരു മൂളിപാട്ടിന്‍റെ അകമ്പടിയോടു കൂടിയാണ് അന്നത്തെ പ്രഭാതം വിടര്‍ന്നത്.എവിടെ നിന്നാണ് ഈ ഗാനം?അതും ഇത്രയും മധുരമായ ശബ്ധത്തില്‍! ഉറക്കത്തിന്‍റെ ആലസ്യം മെല്ലെ കൌതുകതിലേക്ക് വഴി മാറി.ശബ്ദം ഒഴുകി വരുന്നത് വടക്ക് ഭാഗത്ത് നിന്നാണ്.അതെ പുഴക്കരയില്‍ നിന്ന്.ആശ്ചര്യത്തോടെ ഞാന്‍ പുറത്തേക്കു നീങ്ങി.സത്യമാണ്! അവിടെ…അവിടെ ഒരു മനുഷ്യന്‍ ഇരുന്നു പാടുകയാണ്.അല്ല ഒരു ദേവന്‍,അല്ലെങ്കില്‍ ഒരു യക്ഷസ്സു !!! അല്ലാതെ മനുഷ്യന് ഇത്ര സൗന്ദര്യമോ?ഇത്ര ശബ്ധമാധുര്യമോ?ഒരിക്കലുമില്ല.പക്ഷെ അങ്ങനെയെങ്കില്‍ എനിക്കെങ്ങനെ ഇത് കാണുവാന്‍ സാധിക്കുന്നു!ആ ഗാനം കേള്‍ക്കുവാന്‍ സാധിക്കുന്നു!ഇനി ഞാന്‍ സ്വപ്നം കാണുകയാണോ?ചോദ്യങ്ങള്‍ ഒന്നിന്നു പുറകെ ഒന്നായി മനസ്സിലൂടെ കടന്നു പോയികൊണ്ടേയിരുന്നു…

“ഏയ്”

ഒരു ഞെട്ടലോടെയാണ് ഞാന്‍ അത് ശ്രവിച്ചത്.നോക്കിയപ്പോള്‍ ഞാന്‍ ആ രൂപത്തിന്റെ തൊട്ടടുത്ത്‌. നില്‍ക്കുന്നു ! ആ മുഖത്തേക്ക് നോക്കുമ്പോള്‍ ഒരു കുളിര്‍മ,ഒരു ഭയം,ഒരു ബഹുമാനം…എല്ലാം കൂടി കലര്‍ന്ന് വരുന്നു…ദേവ സൗന്ദര്യം എന്ന് കേട്ടിട്ടെ ഉള്ളു.ഇപ്പോള്‍ ഞാന്‍ കാണുന്നത് അത് തന്നെയല്ലേ?

“ഏയ് എന്താ ഒന്നും മിണ്ടാത്തെ?”

ചിന്ത പാതിയില്‍ മുറിഞ്ഞു.ആ ചോദ്യത്തിന്റെ ഉത്തരമായി ഒരു മറു ചോദ്യം ചോദിച്ചു…

“നിങ്ങള്‍ ആരാണ്?എന്താണ് ഇവിടെ?”

ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി പായിച്ചു ആ രൂപം മറുപടി തന്നു…

“ഞാന്‍ ഇവിടെയൊക്കെ തന്നെ ഉള്ള ഒരു മനുഷ്യനാണ് ഒരു മായജാലകാരന്‍ ”

“മായജാലകാരനോ!ഇങ്ങനെ ഒരാളെ പറ്റി ഞാന്‍ ഇത് വരെ പറഞ്ഞു കേട്ടിട്ടില്ലാലോ?”

“ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ അത് പറയും മുമ്പ് ഒരു കാര്യം ചോദിക്കട്ടെ?ഭവതിക്കു ഭവതി ആരാണെന്നു അറിയുമോ?”

“തങ്ങള്‍ എന്താ എന്നെ പരിഹസിക്കുകയാണോ?”

“ശരി എങ്കില്‍ ഭവതിയുടെ പേര് എന്താണ്?”

“പേര് പേര്…എന്‍റെ പേര്…”

“ഹാ ഹാ ഹാ പേടിക്കേണ്ട, ഭവതി ഇപ്പോള്‍ എന്‍റെ മായാ വലയത്തില്‍ ആണ്.പേരെന്നല്ല ഈ ലോകവുമായുള്ള ഭവതിയുടെ എല്ലാ ഓര്‍മകളും ഞാന്‍ നിങ്ങളില്‍ നിന്നും മറച്ചു പിടിച്ചിരിക്കുകയാണ്.ഇപ്പോഴെങ്കിലും ഞാന്‍ ഒരു മാത്രികനാനെന്നു മനസ്സിലാക്കുന്നോ??? ”

മനസ്സില്‍ എന്തോ ഒരു വിഭ്രാന്തി ബാധിച്ച പോലെ…എന്താണ് എനിക്ക് സംഭവിക്കുന്നത്‌?!!ഇയാള്‍ പറയുന്നത് സത്യമാണോ??എന്നിലെ ആകാംഷയും ഭയവും അണപൊട്ടി…

“എന്താണ് ഇതൊക്കെ?എനിക്കെന്താണ് സംഭവിക്കുന്നത്‌.!!!?ഈ താമാശ ഒന്ന് നിര്‍ത്താമോ.സത്യം പറ നിങ്ങള്‍ ഒരു യക്ഷസു അല്ലെ?”

“അയ്യോ !!!.ഇത്രക്കും അലോസരപെടാന്‍ മാത്രം ഇതില്‍ എന്താണുള്ളത്??ഒരു നേരം പോക്ക്…തമാശ അതില്‍ കൂടുതല്‍ ഒന്നുമില്ല…”

“അല്ല…നിങ്ങളുടെ ഈ കളിയില്‍ നിന്ന് എന്നെ മോചിപ്പിക്കു.എനിക്ക് ഭയമാകുന്നു…ദയവു ചെയ്തു എന്നെ പഴയ മാതിരിയാക്കു…”

ചുണ്ടില്‍ വീണ്ടും മന്ദസ്മിതം പൊഴിച്ച് അയാള്‍ മറുപടി പറഞ്ഞു…

“ഭവതിയുടെ കാര്യം ആലോചിച്ചിട്ട് എനിക്ക് ചിരിയാണ് വരുന്നത്.സത്യത്തില്‍ നിങ്ങള്‍ കരുതുന്നു നിങ്ങളുടെ യഥാര്‍ത്ഥ ജീവിതം ഇതിനെകാള്‍ മികച്ചതാണെന്ന്…”

“താങ്കള്‍ പറഞ്ഞു വരുന്നതിന്റെ പൊരുള്‍ ?” അല്‍പ്പം ആശ്ചാര്യതോടെ ഞാന്‍ ചോദിച്ചു…

“നിസ്സാരം ഇപ്പോള്‍ ഈ നിമിഷം ഭവതിക്കു ഈ ലോകത്തില്‍ ആകെ ഉള്ള ബന്ധം ഞാനുമായുള്ളത് മാത്രമാണ്?ഈ ഒരു അവസ്ഥയില്‍ സുഖമെന്നോ ദുഖമെന്നോ എന്നൊന്നും വേര്‍തിരിക്കാനില്ല.ആകെ ഉള്ളത് ആശ്ചര്യം,കൌതുകം എന്നിവയൊക്കെയാണ്.ഈ നിമിഷങ്ങള്‍ ഭവതിക്കു ശരിക്കും ആസ്വധികാം.പക്ഷെ ഭവതിയുടെ ഓര്‍മയില്‍ നിന്ന് താല്‍കാലികമായി മറക്കപെട്ട നിങ്ങളുടെ യഥാര്‍ത്ഥ ജീവിതം ഇതിനെകാള്‍ മികച്ചത് ആണെന്ന് ഭവതി വിശ്വസിക്കുന്നു.തല്കാലത്തേക്ക് മാത്രം മറഞ്ഞു പോയ ആ ലോകത്തെ പറ്റി ചിന്തിച്ചു വ്യാകുലപെടുന്നു …നിങ്ങള്ക്ക് അതിലേക്കു തിരിച്ചു പോകാനാവില്ലെന്ന് വിശ്വസിക്കുന്നു…ഇത് ആലോചിച്ചിട്ടാണ് എനിക്ക് ചിരി വരുന്നത്.”

“അതായത് താങ്കള്‍ പറയുന്നത് എന്‍റെ യഥാര്‍ത്ഥ ജീവിതം വളരെ ദുരിതപൂര്‍ണമാനെനാണോ???…”

“നിങ്ങളുടേത് മാത്രമല്ല ഈ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളുടെയും യഥാര്‍ത്ഥ ജീവിതം കഷ്ടതകള്‍ നിറഞ്ഞതാണ്‌………,സത്യത്തില്‍ ഇതുപോലെയുള്ള അസുലഭ നിമിഷങ്ങളെ എല്ലാവരും കാംഷിക്കുകയാണ് ചെയ്യാറ്…അല്ലെങ്കിലും എന്ത് മണ്ടന്‍ ചോദ്യമാണ് ഇത്?ഭവതിയുടെ ജീവിതം എനിക്കെങ്ങനെ അറിയാന്‍ സാധിക്കും?ഞാന്‍ വെറുമൊരു ഇന്ദ്രജാലകാരന്‍ മാത്രമാണ്.പ്രവാചകന്‍ അല്ല…”

“പക്ഷെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,നിങ്ങള്‍ എന്നെ ബന്ധപെട്ടു കിടക്കുന്ന ഒരു പ്രതിഭാസമാണ്…സത്യമല്ലേ???”

“ഞാന്‍ പറഞ്ഞുവല്ലോ…എല്ലാം എന്‍റെ മായജാലത്തിന്റെ പരിണിത ഫലങ്ങള്‍ ആണ്…ഇത് പോലെയുള്ള പലതും ഭവതിക്കു തോന്നാം,അനുഭവികാം…കാരണം ഇപ്പോള്‍ ഭവതിയുടെ മുന്നില്‍ ഉള്ള ഒരേ ഒരു കച്ചിതുരുമ്പ് ഞാന്‍ മാത്രമാണ്…അതില്‍ പിടിച്ചു വേണം നിങ്ങള്‍ക്ക് മുന്നോട്ടേക്ക് പോകാന്‍ …”

“ഹാ ഹാ ഹാ ഇപ്പോള്‍ ഈ കളി എനിക്കും ഇഷ്ടപ്പെട്ടു തുടങ്ങി…നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് വിശ്വസിക്കാന്‍ എനിക്ക് താല്‍പര്യമില്ല.ഒരു പക്ഷെ അത് സത്യമാണെങ്കില്‍ പോലും…”

“ശരി എങ്കില്‍ നമ്മുക്ക് ഈ കളി തുടരാം…ഞാന്‍ പടര്‍ത്തി വിട്ട മായാ വലയത്തില്‍ നിന്നും ഭവതിക്കു പുറത്തു കടക്കുവാന്‍ സാധിച്ചാല്‍ ഞാന്‍ പരാജയപെട്ടു.ഇല്ലെങ്കില്‍ ഭവതിയും…”

“ഈ ഭവതി ഭവതി എന്നുള്ള വിളി നിര്‍ത്തു…അത് എന്നെ വല്ലാതെ അലോസരപെടുത്തുന്നു…ആ വിളിയില്‍ ഒരു അകല്‍ച്ച പ്രതിഫലിക്കുന്നു…”

“അപ്പോള്‍ നിങ്ങള്ക്ക് എന്നില്‍ അടുക്കാന്‍ താല്പര്യം ഉണ്ട്‌ .ശരി എങ്കില്‍ ഇനി മുതല്‍ ഞാന്‍ നിന്നെ അഹല്യ എന്ന് വിളിക്കാം…”

“അഹല്യ…നല്ല പേര്…സത്യത്തില്‍ ഇത് തന്നെയാണോ എന്‍റെ യഥാര്‍ത്ഥ നാമം???”

“നിനക്കിഷ്ടമുള്ളത്‌ വിചാരിക്കാം…ഒരു കാര്യം മറക്കേണ്ട…നമ്മള്‍ ഇപ്പോള്‍ കളിയുടെ നടുവിലാണ്…ഇത്തരം ചോദ്യങ്ങള്‍ക്ക് ഇവിടെ പ്രസക്തി ഇല്ല…”

“ശരി ഞാനായിട്ട് നിയമങ്ങള്‍ തെറ്റിക്കുന്നില്ല…പക്ഷെ ഈ കളി നിങ്ങള്‍ എങ്ങനെ മുന്നോട്ടോ പോകാനാണ് ഉദ്ദേശിക്കുന്നത്?”

“ഞാന്‍ ഒരു കഥ പറയാം…ഇത് വളരെ പ്രസസ്തമായ ഒരു കഥയാണ്…ഒരു പക്ഷെ നിന്‍റെ യഥാര്‍ത്ഥ ജീവിതത്തില്‍ നീയും ഇത് കേട്ട് കാണും.”

“എന്ത് തന്നെ ആയാലും എനിക്ക് പുതിയപോലെ ആണെല്ലോ…താങ്കള്‍ തുടരുക…”

“ഒരു ഗ്രാമീണ യുവതിയുടെയും അവര്‍ താലോലിച്ചു വളര്‍ത്തിയ ഒരു കീരിയുടെയും കഥയാണ് ഇത്.അവള്‍ ആ കീരിയുമായി വളരെ അധികം ഇടപഴകുമായിരുന്നു.ആ ഗ്രാമത്തില്‍ ഉള്ളവര്‍ക്കെല്ലാം ഇവരുടെ ഈ ചങ്ങാത്തം ഒരു കൌതുകവും,അത്ഭുതവുമായിരുന്നു.അവിടത്തുകാര്‍ വിശ്വസിച്ചത് ആ കീരി ഏതോ ഒരു മനുഷ്യത്മാവ് രൂപം കൈകൊണ്ടാതാണ് എന്നാണു.അത്രയ്ക്കും ബുദ്ധിയായിരുന്നു അതിനു.യുവതിയുടെ കല്യാണം കഴിഞ്ഞിട്ടും ആ ബന്ധം തുടര്‍ന്നു…താമസിയാതെ അവള്‍ക്കു ഒരു കുഞ്ഞുണ്ടായി.കുഞ്ഞുണ്ടായത്തിനു ശേഷവും അവള്‍ ആ കീരിയെ അവഗണിച്ചില്ല…അവള്‍ അതിനെ എല്ലായിപ്പോഴും കൂടെ കൊണ്ടു നടന്നു…കീരിക്ക് ആ കുഞ്ഞു നല്ലൊരു കളികൂടുകാരനായി മാറി…”

“അതിശയം തന്നെ…വിശ്വസിക്കാന്‍ സാധിക്കുന്നില്ല.തീര്‍ച്ചയായും ആ കിരി വല്ല ആത്മാവുമായിരിക്കും…എന്നിട്ട് അതിനു ശേഷം എന്ത് സംഭവിച്ചു?”

“അങ്ങനെയിരിക്കെ പതിവ് പോലെ ഒരു ദിവസം യുവതി വെള്ളം എടുക്കുവാന്‍ വേണ്ടി കിണറ്റിന്‍ കരയിലേക്ക് പോയി.കുഞ്ഞിനു കാവലായി കീരിയെ നിര്‍ത്തിയാണ് പോയത്.അതൊരു വരള്‍ച്ച കാലമായിരുന്നു.രണ്ടു നാഴിക താണ്ടി വേണം കിണറ്റിന്‍കരയില്‍ എത്താന്‍ .വെള്ളം കോരി തിരിച്ചു വീട്ടില്‍ എത്തിയ യുവതി കുഞ്ഞിനെ കിടത്തിയ മുറിയില്‍ നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടാണ് വന്നത്…അവര്‍ നേരെ അങ്ങോട്ടേക്ക് കുതിച്ചു…മുറിയുടെ പടിക്കല്‍ എത്തിയതും അവര്‍ കാണുന്നത് കീരി അവരുടെ അടുത്തേക്ക് സന്തോഷത്തോടെ വരുന്നതാണ്.അതിന്റെ വായില്‍ മുഴുവന്‍ ചോരയായിരുന്നു.കുഞ്ഞിന്റെ മുറിയില്‍ നിന്നും ചോരയോടെ പുറത്തേക്കു വന്ന കീരിയെ കണ്ടപ്പോള്‍ ആ പാവം യുവതി കരുതിയത്‌ കീരി തന്‍റെ കുഞ്ഞിനെ കൊന്നു തിന്നെന്നാണ്.ദുഖം കൊണ്ടു സമനില തെറ്റിയ അവള്‍ കയ്യില്‍ കിട്ടിയ വടി എടുത്തു കീരിയെ തല്ലി കൊന്നു.എന്നിട്ട് അകത്തു കുഞ്ഞിന്റെ അടുത്തേക്ക് നീങ്ങി.അവര്‍ ആകെ അന്ധിച്ചു പോയി.കുഞ്ഞു തൊട്ടിലില്‍ സുഖമായി കിടന്നുറങ്ങുന്നു…തോട്ടിലിനു തൊട്ടടുത്ത്‌ ഒരു ഒത്ത കരിമൂര്‍ഖന്‍ ചത്ത്‌ കിടക്കുന്നു…കീരി കുഞ്ഞിനെ രക്ഷിക്കാന്‍ അതിനെ വകവരുത്തിയതായിരുന്നു.ആ ചോരയയിര്‍ന്നു അതിന്റെ ചുണ്ടില്‍ .ആ യുവതി തനിക്കു പറ്റിയ എടുതുചാട്ടത്തെ ശപിച്ചു…അവര്‍ ആ കീരിയുടെ ശവത്തിനെ കെട്ടി പിടിച്ചു കരഞ്ഞു…”

“ഓ കഷ്ട്ടം വളരെ കഷ്ട്ടം…”

“നിന്‍റെ അഭിപ്രായത്തില്‍ ഈ കഥയില്‍ ആരാണ് തെറ്റുകാരന്‍ യുവതിയോ,കീരിയോ അതോ പാമ്പോ…”

“കീരി ഒരിക്കലുമല്ല…അത് അതിന്‍റെ നന്ദി വേണ്ടുവോളം കാണിച്ചു…പാമ്പിനെയും കുറ്റം പറയാനാവില്ല.കാരണം അത് ഒരിക്കലും കുഞ്ഞിനെ ഉപദ്രവികാന്‍ വന്നതാവില്ല.തെറ്റുകാരി തീര്‍ച്ചയായും എടുത്തു ചാടി തീരുമാനമെടുത്ത യുവതി തന്നെയാണ്.”

“എന്നാല്‍ എന്റെ കണ്ണില്‍ അവരും തെറ്റുകാരി അല്ല.ഒരു അമ്മയ്ക്ക് ലോകത്തിലെ ഏറ്റവും അമൂല്യമായ കാര്യം അവരുടെ കുഞ്ഞായിരിക്കും.അപ്പോള്‍ ആ സാഹചര്യത്തില്‍ അവര്‍ അങ്ങനെ പെരുമാറിയതിനെ കുറ്റം പറയാനാവില്ലല്ലോ…”

“ആയിരിക്കാം…പക്ഷെ അവരുടെ ആ എടുത്തുചാട്ടം കുറച്ചു കൂടി പോയി…കാരണം വര്‍ഷങ്ങാലായി തന്‍റെ കൂടെയുണ്ടായിരുന്ന കീരിയെ ഒരു നിമിഷത്തേക്ക് എങ്കിലും അവര്‍ അവിശ്വസിച്ചു…എനിക്ക് അതിനെ ന്യായികരിക്കുവാന്‍ ആവുന്നില്ല…”

“ഹാ ഹാ ഹാ അങ്ങനെ ഞാന്‍ ചിന്തിക്കുകയാണെങ്കില്‍ എന്‍റെ ഭാര്യ ചെയ്‌തതും തെറ്റാണെന്ന് കരുതേണ്ടി വരും.”

“താങ്കള്‍ അപ്പോള്‍ വിവാഹിതനാണോ?എന്താണ് താങ്കളുടെ ഭാര്യ താങ്കളോട് ചെയ്തത്?”

“അത് പറയാം…അതിനു മുമ്പ് ഞാന്‍ ഒരു സത്യം വെളിപെടുതെണ്ടിയിരിക്കുന്നു…അത് കേട്ടാല്‍ നീ ഭയപെടിലല്ലോ…”

“ഭയമോ…എന്തിനു???”

“എന്നാല്‍ കേട്ടുകൊള്‍ക…ഞാന്‍ ഒരു ഇന്ദ്രജാലകാരനല്ല…എന്തിനു ഞാന്‍ ഒരു മനുഷ്യന്‍ പോലുമല്ല…ഇന്ന് ഞാന്‍ വെറുമൊരു ആത്മാവ് മാത്രമാണ്…”

“എന്ത്???” അത്യന്തം അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു.”നിങ്ങള്‍ ഈ കളി വേറെ ദിശയിലേക്കു കൊണ്ടു പോവാന്‍ ശ്രമിക്കുന്നതാണോ?”

“അല്ല നിനക്ക് സംശയമുണ്ടെങ്കില്‍ ഈ പുഴയിലേക്ക് നോക്കു…”

പുഴയിലെ ജലത്തില്‍ നോക്കിയപ്പോള്‍ ഞാന്‍ ശരിക്കും അതിശയിച്ചു…അതില്‍ എന്‍റെ പ്രതിഭിംബം മാത്രമേ കാണുവാന്‍ സാധിക്കുനുള്ള്.അപ്പോള്‍ ഇത്ര നേരവും എന്‍റെടുത്ത്‌ ഉണ്ടായിരുന്നത് ഒരു ആത്മാവ് തന്നെ.മനസ്സില്‍ ഭയത്തിന്റെ ചെറു മിന്നല്‍ പാഞ്ഞു.

“എന്താ ഇപ്പോള്‍ മനസ്സിലായില്ലേ?” ഒരു ഞെട്ടലോടെയാണ് ആ ശബ്ദം ഞാന്‍ കേട്ടത്.

“നീ ഭയപെടെണ്ട.എനിക്ക് നിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല.”

“ഭയമില്ല…പക്ഷെ ഒരു സംശയം…അങ്ങനെയെങ്കില്‍ എന്‍റെ ഈ അവസ്ഥയ്ക്ക് കാരണം എന്താണ്?എന്‍റെ ഓര്‍മയ്ക്ക് എന്ത് സംഭവിച്ചു?!”

“ഒന്നുമില്ല നീ തല്‍ക്കാലത്തേക്ക് ഒരു സ്വപ്നലോകത്തില്‍ അകപെട്ടിരിക്കുകയാണ്…ഏതാനും നിമിഷങ്ങള്‍ മാത്രം ആയുസ്സുള്ള ഒരു മിഥ്യ ലോകത്തില്‍ …”

“അപ്പോള്‍ താങ്കള്‍ പറയുന്നത് ഞാന്‍ ഈ കാണുന്നതും കേള്‍ക്കുന്നതും ഒക്കെ ഒരു മിത്യ എന്നാണോ???”

“സത്യം പറഞ്ഞാല്‍ എനിക്കറിയില്ല…ഞാന്‍ ഇവിടെ എത്തി ചേര്‍ന്നിട്ട് ഏതാനും നാഴികകള്‍ പിന്നിടുന്നത്തെ ഉള്ളു…”

“അത് ശരി…എന്ത് തന്നെ ആയാലും ഈ സാന്നിധ്യം എന്നെ സന്തോഷിപ്പിക്കുന്നു…യഥാര്‍ത്ഥ ലോകത്തിലേക്ക്‌ മടങ്ങാന്‍ ഇപ്പോള്‍ എനിക്ക് താല്പര്യമില്ല…”

“ഹാ ഹാ ഹാ മനുഷ്യന്‍ എപ്പോളും ഏതാകൊമ്പില്‍ കയറാനേ ആഗ്രഹിക്കു…”

“ശരിയാണ്…ആട്ടെ എന്താണ് താങ്കളുടെ ഭാര്യ താങ്കളോട് ചെയ്തതു?നിങ്ങള്‍ എങ്ങനെയാണ് മരണമടഞ്ഞത്?”

“നേരത്തത്തെ കഥയിലെ യുവതിക്ക് സംഭവിച്ച അതെ പിഴവ് തന്നെ അവള്‍ക്കും സംഭവിച്ചു.വര്‍ഷങ്ങളുടെ ബന്ധമുണ്ടായിട്ടും ഒരു നിമിഷത്തേക്ക് അവള്‍ എന്നെ അവിശ്വസിച്ചു.അവളെ കുറ്റം പറയാനാവില്ല.സ്വന്തം കിടപ്പ് മുറിയില്‍ മുമ്പ് ഒരിക്കലും കാണാത്ത പരസ്ത്രിയെ ഭര്‍ത്താവിന്റെ കൂടെ കണ്ടാല്‍ ആരായാലും ഒന്ന് സമനില തെറ്റും.പക്ഷെ അതിനു അവള്‍ പ്രതികരിച്ചത് വളരെ ഭീകരമായി ആയിരുന്നു.കയ്യില്‍ ആദ്യം കിട്ടിയ ആയുധം ഉപയോഗിച്ച് നിഷ്ടൂരമായി കൊലപെടുത്തി!!!”

“ഹോ ഭീകരം…മതി…എനിക്ക് കേള്‍കേണ്ട…”

“ഉം …എന്‍റെ കൂടെ ഉണ്ടായിരുന്നത് പഴയ ഒരു കളി കൂട്ടുകാരി ആയിരുന്നു…ഞാന്‍ സഹോദരിക്ക് തുല്യം കണ്ടിരുന്ന ഒരു പാവം ശാലീന സുന്ദരി…വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി കണ്ടുമുട്ടിയ അവളെ ഞാന്‍ തന്നെ ആയിരുന്നു വീട്ടിലേക്കു ക്ഷണിച്ചത്.പക്ഷെ അത് നമ്മുടെ രണ്ടു പേരുടെ ജീവിതത്തിലും ഉണ്ടാക്കിയ നഷ്ടം തിരിച്ചു പിടികാനാവാതെ ഒന്നായി മാറി…എനിക്കൊരെ ഒരു ദുഃഖം മാത്രം…അവള്‍ എന്‍റെ കളി കൂട്ടുകാരി, ഞാന്‍ കാരണം ഇല്ലാതായി…അവള്‍ക്കു അവളുടെ കുടുംബം നഷ്ടപെട്ടു…അവളുടെ കുട്ടികള്‍ക്ക് അമ്മയെയും…”

“ഇത്രയൊക്കെ ആയിട്ടും നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ വെറുക്കുന്നില്ലേ?”

“ഒരിക്കലുമില്ല ആ കഥയിലെ ഗ്രാമീണ യുവതിയുടെ നിഷ്കളങ്കതയാണ് അവളില്‍ ഞാന്‍ കാണുന്നത്…സത്യത്തില്‍ അവളോട്‌ എനിക്ക് സഹതാപമാനുള്ളത്…അവള്‍ ഒരിക്കലും വേണമെന്ന് വെച്ച് ചെയ്തതല്ല അത്…ഒരു നിമിഷത്തെ എടുത്തു ചാട്ടം,ചാപല്യം…ഇനിയുള്ള കാലം അനുഭവിക്കാന്‍ ഇരിക്കുന്ന തീക്ഷ്ണമായ കുറ്റബോധത്തെ അതിജീവിക്കാന്‍ അവള്‍ക്കു കരുത്തു ഉണ്ടാവണേ എന്നാണു എന്‍റെ പ്രാര്‍ത്ഥന…”

“അവള്‍ ശരിക്കും ഭാഗ്യവതിയാണ്…ഈ കുറച്ചു നിമിഷങ്ങള്‍ നിങ്ങളുടെ കൂടെ ചിലവാക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമായി എനിക്ക് തോന്നുന്നു….അങ്ങനെയെങ്കില്‍ ഇത്രകാലം നിങ്ങളുടെ ഭാര്യയായി ജീവിക്കാന്‍ സാധിച്ചത് തന്നെ അവളുടെ ഭാഗ്യമാണ്….ആട്ടെ എന്തായിരുന്നു ആ ഭാഗ്യവതിയുടെ പേര്???”

മുഖത്ത് ഒരിക്കലും മായാത്ത പുഞ്ചിരിയോടുകൂടി അയാള്‍ മറുപടി തന്നു…പിന്നാലെ നീണ്ട പൊട്ടിച്ചിരിയും…

“അഹല്യ…..”

“ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ ”

ആ ചിരിയുടെ മുഴക്കം എന്നിലെ ബോധതിലെക്കുള്ള പ്രയാണമായിരുന്നോ? …അതെ ശരിയാണ് …അപ്പോള്‍ ഇത്ര നേരവും ഞാന്‍ കണ്ടതൊക്കെ വെറുമൊരു സ്വപ്നമായിരുനെന്നോ???നിദ്രയുടെ ചങ്ങല അഴിഞ്ഞു വരുന്നു…പാതി മയക്കത്തില്‍ ചുറ്റൊടുമോന്നു കണ്ണോടിച്ചു നോക്കി…മുറിയുടെ രണ്ടു മൂലകളിലായി രണ്ടു മരവിച്ച ശരീരങ്ങള്‍……,.അതില്‍ ഒന്ന് സ്വപ്നത്തില്‍ കണ്ട ആ യക്ഷസ്സിന്റെ…അല്ല എന്‍റെ ഭര്‍ത്താവിന്‍റെ!!!

മിത്യയില്‍ നിന്ന് യഥാര്‍ത്ഥതിലെക്കുള്ള നൂല്‍ പാലത്തിലൂടെ അവള്‍ നിര്‍നിമേഷയായി നടന്നടുത്തു…

No comments:

Post a Comment

Thanks for your valuable comments and keep in touch